ഈ മത്സരങ്ങൾ കാണാൻ മറക്കരുതേ... ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കണ്ടിരിക്കേണ്ട അഞ്ച് തീപാറും പോരാട്ടങ്ങൾ ഇതാ....
text_fieldsന്യൂയോർക്ക്: കാൽപന്തുകളിയുടെ ഏറ്റവും വലിയ മാമാങ്കത്തിന് കർട്ടനുയരുകയാണ്. ജൂൺ 11 മുതൽ ജൂൺ 27 വരെ നീണ്ടുനിൽക്കുന്ന ഫിഫ ലോകകപ്പ് 2026-ന്റെ ഗ്രൂപ്പ് ഘട്ടം ഫുട്ബാൾ പ്രേമികൾക്ക് ആവേശത്തിന്റെ വസന്തകാലമായിരിക്കും സമ്മാനിക്കുക. രണ്ടാഴ്ചയിലധികം നീളുന്ന ആദ്യ ഘട്ടത്തിൽ മാത്രം 72 മത്സരങ്ങളാണ് അരങ്ങേറുന്നത്. ദിവസവും ഒന്നിലധികം മത്സരങ്ങൾ നടക്കുന്നതിനാൽ എല്ലാ മത്സരങ്ങളും കാണുക എന്നത് പ്രായോഗികമല്ല. ലോകകപ്പിന്റെ ആവേശം ഒട്ടും ചോരാതെ ആസ്വദിക്കാൻ ഗ്രൂപ്പ് ഘട്ടത്തിൽ നിങ്ങൾ നിർബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് വമ്പൻ പോരാട്ടങ്ങൾ താഴെ നൽകുന്നു.
ബ്രസീൽ- മൊറോക്കോ (ജൂൺ 14, പുലർച്ചെ 3:30)
ലോകകപ്പിന്റെ ആദ്യ വാരാന്ത്യത്തിലെ ഏറ്റവും വലിയ ആകർഷണമായിരിക്കും അഞ്ച് വട്ടത്തെ ചാമ്പ്യന്മാരായ കാനറികളും 2022 ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയും തമ്മിലുള്ള ഈ പോരാട്ടം. വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളുമായി എത്തുന്ന ബ്രസീലിനെ നയിക്കുന്നത് പരിചയസമ്പന്നനായ കാർലോ ആഞ്ചലോട്ടിയാണ്. ഖത്തറിലെ തങ്ങളുടെ സ്വപ്നതുല്യമായ സെമി ഫൈനൽ കുതിപ്പ് ആവർത്തിക്കാനുറച്ചാണ് മൊറോക്കോ വരുന്നത്. വിവാദങ്ങൾക്കൊടുവിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ട മൊറോക്കോ നിരയിൽ ബ്രാഹിം ഡയസ്, അഷ്റഫ് ഹക്കീമി തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്.
നെതർലൻഡ്‌സ്- ജപ്പാൻ (ജൂൺ 15, പുലർച്ചെ 1:30)
ഗ്രൂപ്പ് എഫിലെ ഏറ്റവും ആവേശകരമായ മത്സരമാണിത്. 94,000 കാണികളെ ഉൾക്കൊള്ളുന്ന ഭീമാകാരമായ ഡാളസ് സ്റ്റേഡിയത്തിലാണ് റൊണാൾഡ് കൂമാന്റെ നെതർലൻഡ്‌സും കരുത്തരായ ജപ്പാനും നേർക്കുനേർ വരുന്നത്. കന്നി ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ഡച്ചുകാർക്ക് ജപ്പാൻ വലിയ വെല്ലുവിളിയാകും. 2022 ലോകകപ്പിൽ ജർമ്മനിയെയും സ്പെയിനെയും അട്ടിമറിച്ച് പ്രശസ്തി നേടിയവരാണ് 'സാമുറായ് ബ്ലൂ' എന്നറിയപ്പെടുന്ന ജപ്പാൻ. സ്വീഡൻ, ടുണീഷ്യ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്താൻ ഈ മത്സരം ഇരുവർക്കും നിർണായകമാണ്.
ഫ്രാൻസ്- സെനഗൽ (ജൂൺ 17, പുലർച്ചെ 12:30)
ഇരുപത് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ രണ്ട് ടീമുകളും ലോകവേദിയിൽ നേർക്കുനേർ വരുന്നത്. ഇവരുടെ അവസാന കൂടിക്കാഴ്ച ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു. 2002-ലെ കൊറിയ-ജപ്പാൻ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ സെനഗൽ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് തകർത്തിരുന്നു. ഈ പ്രതികാരപ്പോരാട്ടം 'ഗ്രൂപ്പ് ഓഫ് ഡെത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ഐ-ൽ ആര് ഒന്നാമതെത്തുമെന്ന് തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നോർവേയും ഇറാഖുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ഇംഗ്ലണ്ട്- ക്രോയേഷ്യ (ജൂൺ 18, പുലർച്ചെ 1:30)
2018 ലോകകപ്പ് സെമി ഫൈനലിന്റെ ആവർത്തനമാണിത്. അന്ന് ഇംഗ്ലണ്ടിനെ പിന്നിലാക്കി ക്രോയേഷ്യ ഫൈനലിൽ കടന്നിരുന്നു. അതിനുശേഷം മൂന്ന് തവണ ഇവർ ഏറ്റുമുട്ടിയപ്പോൾ രണ്ടിലും ഇംഗ്ലണ്ട് വിജയിച്ചു. പുതിയ പരിശീലകൻ തോമസ് ടുഷേലിന് കീഴിൽ ഇംഗ്ലണ്ട് ഇറങ്ങുന്ന ആദ്യ വലിയ ടൂർണമെന്റാണിത്. ഘാനയും പനാമയും ഉൾപ്പെടുന്ന ഗ്രൂപ്പ് എൽ-ൽ ഒന്നാം സ്ഥാനം ആർക്കെന്ന് ഈ മത്സരം നിശ്ചയിക്കും.
കൊളംബിയ - പോർച്ചുഗൽ (ജൂൺ 28, പുലർച്ചെ 5:00)
ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന നാളുകളിൽ മയാമി സ്റ്റേഡിയത്തെ ഇളക്കിമറിക്കുന്ന പോരാട്ടമായിരിക്കും ഇത്. ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുപോയ ഈ മത്സരത്തിന്റെ റീസെയിൽ ടിക്കറ്റുകൾക്ക് 2,200 ഡോളർ മുതൽ 3,000 ഡോളർ വരെയാണ് വില (ഏകദേശം 1.8 ലക്ഷം മുതൽ 2.5 ലക്ഷം ഇന്ത്യൻ രൂപ!). ഈ ലോകകപ്പിലെ ഏറ്റവും ചെലവേറിയ ഗ്രൂപ്പ് ഘട്ട മത്സരമാണിത്. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച കൊളംബിയ ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ് എന്നിവരുടെ കരുത്തിലാണ് ഇറങ്ങുന്നത്. ഉസ്ബെക്കിസ്ഥാനും ഡിആർ കോംഗോയും അടങ്ങുന്ന ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ പോർച്ചുഗലിന് കൊളംബിയൻ പരീക്ഷണം മറികടക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

