മെസ്സിയോടുള്ള ആരാധന മൂത്ത് ചെയ്തത് കണ്ടോ?
text_fieldsതൃശൂർ: ലോകകപ്പ് ഫുട്ബാൾ ആവേശം കൊടുമുടി കയറുമ്പോൾ പ്രിയ ടീമിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ആരാധകർ പല വിചിത്ര വഴികളും തേടാറുണ്ട്. വീടിന് പ്രിയപ്പെട്ട ടീമിന്റെ ചായമടിച്ചും, ആകാശമുട്ടെ കട്ടൗട്ടുകൾ ഉയർത്തിയും, നാട്ടുകാർക്ക് സൗജന്യമായി ബിരിയാണി വിളമ്പിയും ആരാധകർ വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തവും വിസ്മയിപ്പിക്കുന്നതുമായ ഒരു പരീക്ഷണത്തിലൂടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ് തൃശൂർ മുണ്ടൂർ സ്വദേശിയായ ജോയ് തരകനും കുടുംബവും. തന്റെ വീട്ടിൽ അതീവ ശ്രദ്ധയോടെ വളർത്തുന്ന 11 താറാവുകൾക്ക് ജോയ് അർജന്റീനയുടെ ഔദ്യോഗിക ജേഴ്സിയുടെ നീലയും വെള്ളയും കലർന്ന നിറം പകർന്നു നൽകിയിരിക്കുന്നത്.
ലയണൽ മെസ്സിയോടും അർജന്റീന ടീമിനോടുമുള്ള കടുത്ത ആരാധനയാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നിൽ. സുഹൃത്തിനൊപ്പം ചേർന്ന് ഏറെ കഷ്ടപ്പെട്ടാണ് ജോയ് തരകൻ ഈ ദൗത്യം പൂർത്തിയാക്കിയത്. പിന്നീട് ഭാര്യ പ്രിൻസിയും ഇവർക്കൊപ്പം കൂടുകയായിരുന്നു. പൂർണ്ണമായും ദോഷകരമല്ലാത്ത വാട്ടർ പെയിന്റ് ഉപയോഗിച്ചാണ് ദേഹത്ത് വരകൾ വരച്ചുചേർത്തത്. ഒരിടത്തും അടങ്ങിയിരിക്കാതെ ഓടിനടക്കുന്ന ഇവയ്ക്ക് പെയിന്റ് അടിച്ചു തീർക്കാൻ ഒരു മണിക്കൂറിലേറെ സമയമാണ് ഈ കുടുംബത്തിന് വേണ്ടി വന്നത്.
നിലവിൽ വീട്ടുമുറ്റത്തും പറമ്പിലുമായി ഈ 11 കൃത്യമായി ഒരു ഫുട്ബോൾ ടീമിനെപ്പോലെ അണിനിരന്ന് നീങ്ങുന്നത് കാണാൻ നിരവധി പേരാണ് ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. വീട്ടിലെ വലിയ വാട്ടർ ടാങ്കിലാണ് ഇവയുടെ സ്ഥിരം കുളി. വാട്ടർ പെയിന്റ് ആയതുകൊണ്ട് തന്നെ വെള്ളത്തിൽ ഇറങ്ങി കുളിക്കുമ്പോൾ ഈ നിറം വൈകാതെ മാഞ്ഞുപോകാൻ സാധ്യതയുണ്ട്. എന്നാൽ നിറം മങ്ങിയാൽ ഇനി വീണ്ടും പെയിന്റ് അടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജോയിയുടെ ഭാര്യ പ്രിൻസി പറയുന്നു. കഴിഞ്ഞ 30 വർഷമായി ബിസിനസ് രംഗത്ത് സജീവമായ ഈ കുടുംബം, ഇത്തവണയും മെസ്സിയുടെ തകർപ്പൻ ഫോമിൽ അർജന്റീന തന്നെ കപ്പടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

