Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിംഹാസനങ്ങൾ ചാരമാക്കുന്ന 'വൈക്കിങ്' വസന്തം

text_fields
bookmark_border
സിംഹാസനങ്ങൾ ചാരമാക്കുന്ന വൈക്കിങ് വസന്തം
cancel

യോക്കോഹാമയിലെ സ്വർണ്ണാഭയുള്ള ആകാശത്തിനു താഴെ കഫുവും റൊണാൾഡോയും റൊണാൾഡീഞ്ഞോയും ചേർന്ന് ബ്രസീലിന്റെ അഞ്ചാം ലോകകിരീടം വാനിലുയർത്തുമ്പോൾ, നോർവേയിലെ ഏതോ ഒരു കൊച്ചുഗ്രാമത്തിൽ രണ്ട് വയസ്സ് തികയാത്ത ഒരു കുഞ്ഞുണ്ടായിരുന്നു. ബ്രസീൽ എന്നാൽ തോൽപ്പിക്കാനാവാത്ത ഒരു സാമ്രാജ്യമാണെന്നോ, കാനറികൾ എന്നാൽ ലോകഫുട്ബോളിന്റെ അവസാനവാക്കാണെന്നോ തിരിച്ചറിയാൻ പോലുമാകാത്ത അത്രയും പിഞ്ചുപ്രായം. അന്ന് വിസ്മയം തീർത്ത അതേ മഞ്ഞക്കുപ്പായക്കാരുടെ അപ്രമാദിത്വത്തെ, അജയ്യതയുടെ ആ വലിയ ചരിത്രത്തെയാണ് ഇന്ന് അവൻ തന്റെ ബൂട്ടിനടിയിൽ ചതച്ചരച്ചിരിക്കുന്നത്. കാലം അതിന്റെ ചക്രങ്ങൾ ഉരുട്ടി നീക്കിയപ്പോൾ, അന്ന് തൊട്ടിലിൽ കിടന്ന ആ കുഞ്ഞ് ഇന്ന് വളർന്ന് ലോകഫുട്ബോളിന്റെ വൻമതിലുകളെപ്പോലും വിറപ്പിക്കുന്ന മഹാമേരുവായി മാറിയിരിക്കുന്നു. പേര്, എർലിങ് ബ്രൂട്ട് ഹാലണ്ട്.

​ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇന്ന് നമ്മൾ കണ്ടത് കേവലമൊരു ഫുട്ബോൾ മത്സരമായിരുന്നില്ല. മറിച്ച്, നോർവീജിയൻ പുരാണങ്ങളിലെ 'വൈക്കിങ്' യുദ്ധവീര്യത്തിന്റെ പുനർജനിയായിരുന്നു. കാനറികളുടെ സുന്ദരമായ സാംബാ നൃത്തച്ചുവടുകളെ സ്കാൻഡിനേവിയൻ കാറ്റിന്റെ വന്യത കൊണ്ട് കീഴ്പ്പെടുത്തിയ ഒരു അവിസ്മരണീയ രാത്രി. എതിരാളികളുടെ ബോക്സിലേക്ക് ഇരച്ചുകയറുമ്പോൾ ഹാലണ്ടിന്റെ കണ്ണുകളിൽ ഒരു വേട്ടക്കാരന്റെ ക്രൂരതയും വന്യമായ വിശപ്പുമുണ്ടായിരുന്നു. പാരമ്പര്യത്തിന്റെ ഭാരമോ ചരിത്രത്തിന്റെ വലിപ്പമോ ആ കാലുകളെ ഒട്ടും ഭയപ്പെടുത്തിയില്ല. കാരണം, ചരിത്രത്തിന്റെ പേരുപറഞ്ഞ് പേടിപ്പിക്കാൻ നോക്കിയ ബ്രസീലിയൻ പ്രതിരോധം മറന്നുപോയ ഒരു സത്യമുണ്ടായിരുന്നു. മുന്നിൽ നിൽക്കുന്നത് ചരിത്രങ്ങളെ ചവിട്ടിമെതിക്കാൻ ജനിച്ചവനാണ്.

​ആന്ദ്രെ ഷെൽഡറപ്പിന്റെ ക്രോസ്സ് അന്തരീക്ഷത്തിൽ ഉയരുമ്പോൾ അലിസൺ എന്ന ഗോൾകീപ്പർക്ക് മുന്നിൽ അതൊരു പന്ത് മാത്രമായിരുന്നില്ല, മറിച്ച് തടുക്കാൻ കഴിയാത്ത ഒരു പ്രകൃതിദുരന്തമായിരുന്നു. ഗാലറിയെ നിശ്ചലമാക്കി, ഡിഫൻഡർ ഗബ്രിയേലിനെയും അന്തരീക്ഷത്തിൽ വെട്ടിച്ച് ഹാളണ്ട് തൊടുത്ത ആ ആദ്യ ഹെഡ്ഡർ ബ്രസീലിന്റെ വലയെ മാത്രമല്ല, അവരുടെ അഹങ്കാരത്തെക്കൂടിയാണ് തകർത്തുകളഞ്ഞത്. ഒടുവിൽ തൊണ്ണൂറാം മിനിറ്റിൽ മഞ്ഞപ്പടയുടെ നെഞ്ചകം പിളർന്ന് പായിച്ച ആ രണ്ടാമത്തെ ഗ്രൗണ്ടർ ലോകത്തോട് ഒന്നുറപ്പിച്ചു, ഇത് ഹാളണ്ടിന്റെ യുഗമാണ്.

​വെറും 54 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 62 ഗോളുകൾ, കളിച്ച അവസാന 14 മത്സരങ്ങളിലും തുടർച്ചയായി ഗോൾവേട്ട, ഈ ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്ന് മാത്രം 7 ഗോളുകൾ, ഈ കണക്കുകൾ ഫുട്ബോൾ ലോകത്തെ ലബോറട്ടറിയിൽ കൃത്യമായി പ്രോഗ്രാം ചെയ്തെടുത്ത ഒരു 'ഗോൾ മെഷീന്റെ' മാത്രം കഥയല്ല പറയുന്നത്. പന്തുകാത്തുനിൽക്കുന്ന ഒരു സിംഹത്തിന്റെ വന്യമായ വിശപ്പിന്റെ കഥയാണത്. മൈതാനത്ത് അവൻ ചുവടുവെക്കുമ്പോൾ കാൽപന്തിന്റെ സൗന്ദര്യശാസ്ത്രം മാറിമറിയുകയാണ്. തന്ത്രങ്ങളും പ്രതിരോധ കോട്ടകളും അവന് മുന്നിൽ വെറും കളിമൺ വീടുകൾ പോലെ തകർന്നു വീഴുന്നു.

​ബ്രസീലിനെതിരെ ഇതുവരെ തോറ്റിട്ടില്ലെന്ന തങ്ങളുടെ ആ അപൂർവ്വ റെക്കോർഡ് ന്യൂജഴ്സിയിലെ മണ്ണിലും നോർവേ കാത്തുസൂക്ഷിക്കുമ്പോൾ, മുൻ ലോക ചാമ്പ്യന്മാർ കണ്ണീരോടെയാണ് കളം വിട്ടത്. ആ സ്കാൻഡിനേവിയൻ കരുത്തിന് മുന്നിൽ വീണ് കാനറികൾ ടൂർണമെന്റിൽ നിന്നും മടങ്ങുമ്പോൾ, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങളിലൊന്നിനാണ് ന്യൂയോർക്ക് ഇന്ന് സാക്ഷ്യം വഹിച്ചത്. സിംഹാസനങ്ങൾ എന്നും ഒരേ രാജാക്കന്മാർക്ക് മാത്രമുള്ളതല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്, ചരിത്രത്തിലാദ്യമായി നോർവേയെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് നയിച്ച ആ നായകൻ തലയുയർത്തി നടന്നു കയറുകയാണ്. വഴിമാറുക, പുതിയ ചരിത്രപുരുഷന് വേണ്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Viking Uprising: Erling Haaland and Norway Shatter Brazil’s World Cup Dream
Next Story