തിരമാലകൾ ഉയരുകയായി...; ഉദ്ഘാടന മത്സരത്തിൽ മെക്സികോയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ
text_fieldsമെക്സികോ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ പരിശീലനത്തിൽ
മെക്സികോ സിറ്റി: ലോകകപ്പ് ഉദ്ഘാടനപ്പോരിെന്റ ആവേശത്തിരമാലകളുയരാൻ ഇനി മണിക്കൂറുകൾ മാത്രം. അതിവേഗ പാസുകളുമായി എതിരാളികളെ കുഴപ്പിക്കുന്ന മെക്സികോയുടെ സുന്ദര ഫുട്ബാൾ കാഴ്ചകളുമായാണ് ലോകകപ്പിന് തുടക്കം കുറിക്കുക.
2010ൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിലെ ആദ്യ മത്സരത്തിെന്റ തനിയാവർത്തനമാവുകയാണ് ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരവും. അന്നും ദക്ഷിണാഫ്രിക്കയും മെക്സികോയും തമ്മിലായിരുന്നു ലോക മാമാങ്കത്തിന് തുടക്കം കുറിച്ചത്. അന്നത്തെ മത്സരത്തിൽ 1-1 സമനിലയായിരുന്നെങ്കിൽ ഇത്തവണ വിജയത്തിൽ കുറഞ്ഞ് ഒന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നുണ്ടാവില്ല.
മെക്സികോ സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 12.30ന് ഗ്രൂപ് എയിലെ ആദ്യ മത്സരത്തിന് മെക്സികോയും ദക്ഷിണാഫ്രിക്കയും ഇറങ്ങുമ്പോൾ ഉദ്ഘാടന മത്സരത്തിെന്റ ആവേശവും പകിട്ടും പ്രതീക്ഷിക്കാം. കീരിടങ്ങളൊന്നും നേടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിെന്റ റെക്കോഡ് (60 മത്സരങ്ങൾ) മെക്സികോക്കാണ്. ഇത്തവണയും കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും ‘എ’ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനത്തോടെ മുന്നേറാനുള്ള സാധ്യത കൽപിക്കുന്നതും മെക്സികോക്കാണ്. 1994ന് ശേഷമുള്ള ഏഴ് ടൂർണമെന്റുകളിലും തങ്ങളുടെ ആദ്യ മത്സത്തിൽ മെക്സികോ തോറ്റിട്ടില്ല. ലോകകപ്പിന് മുന്നോടിയായുള്ള എട്ട് സൗഹൃദ മത്സരങ്ങളിൽ ആറിലും ജയിച്ചാണ് മെക്സികോയുടെ വരവ്.
മറുവശത്ത്, നാലാം ലോകകപ്പിനെത്തുന്ന ദക്ഷിണാഫ്രിക്കയുടെ മുഖ്യ സ്വപ്നം ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് റൗണ്ടിൽ കടക്കുക എന്നതാണ്. 2010ൽ ആതിഥേയത്വം വഹിച്ചതിനുശേഷം ആദ്യമായാണ് ടീം ലോകകപ്പിനെത്തുന്നത്. അതേസമയം, മികച്ച ഫോമിലല്ലാത്തത് ടീമിനെ അലട്ടുന്നുണ്ട്. അവസാന അഞ്ച് മത്സരങ്ങളിൽ മൂന്ന് സമനിലയും രണ്ട് തോൽവിയുമാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. ഇതുമായി നോക്കൗട്ടിൽ എത്തുക എന്നത് അൽപം ക്ലേശകരമായിരിക്കുമെന്ന് ഉറപ്പ്. ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിൽ നൈജീരിയയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ശേഷമാണ് ഈ ഫോം മങ്ങൽ. 10 യോഗ്യതാ മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഹ്യൂഗോ ബ്രൂസിെന്റ ടീം പരാജയം അറിഞ്ഞിരുന്നത്. ആ പ്രകടനത്തിലേക്കുള്ള മടങ്ങിവരവാണ് ദക്ഷിണാഫ്രിക്ക കൊതിക്കുന്നത്.
മുഖ്യ ഗോൾകീപ്പർ ലൂയിസ് മലഗോണിെന്റ പരിക്കിനെത്തുടർന്ന് റൗൾ റാഹേൽ ആയിരിക്കും മെക്സികോയുടെ വല കാക്കുക. വെറ്ററൻ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചാവോ തുടർച്ചയായ ആറാം ലോകകപ്പിലുമുണ്ടാകും. ഏറ്റവും കൂടുതൽ ലോകകപ്പിൽ കളിക്കുന്ന താരമാകാൻ ഒരുങ്ങുകയാണ് ഒച്ചാവോ. 17കാരനായ മിഡ്ഫീൽഡൾ ഗിൽബെർട്ടോ മോറ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. മെക്സികോ സിറ്റി സ്റ്റേഡിയത്തിൽ ഇതിനുമുമ്പ് നടന്ന തങ്ങളുടെ ഏഴ് ലോകകപ്പ് മത്സരങ്ങളിലും വിജയം മെക്സികോക്കൊപ്പമായിരുന്നു. ഇതിന് മുമ്പ് മെക്സികോയുടെ ഏറ്റവും മികച്ച രണ്ട് പ്രകടനങ്ങൾ ആതിഥേയരായിരുന്നപ്പോഴാണ്. 1970ലും 1986ലും. രണ്ട് തവണയും ടീം ക്വാർട്ടർ ഫൈനലിൽ എത്തി. 1994 മുതൽ 2018 വരെയുള്ള തുടർച്ചയായ ഏഴ് ടൂർണമെന്റുകളിലും പ്രീക്വാർട്ടറിൽ പുറത്താകാനായിരുന്നു മെക്സികോയുടെ വിധി. ഇത്തവണ ആ കടമ്പ മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോച്ച് ഹാവിയർ വാസ്കോ അക്വയർ.
അതിവേഗത്തിലുള്ള പാസുകളിലൂടെ എതിരാളികളെ കുഴപ്പിക്കുന്ന മെക്സിക്കൻ ശൈലി ഇത്തവണയും സ്റ്റേഡിയത്തിൽ ആവേശത്തിരമാല തീർക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഫുൾഹാം സ്ട്രൈക്കർ റൗൾ ജിമെനെസാണ് ആതിഥേയരുടെ ആക്രമണത്തിെന്റ കുന്തമുന. എഡ്സൺ അൽവാരസ് മധ്യനിരയിലും ജോർജ് സാഞ്ചസ് പ്രതിരോധത്തിലും കരുത്തുകാട്ടും. റോൺവെൻ ഹെയ്ഡൻ വില്യംസ് ആണ് ദക്ഷിണാഫ്രിക്കയുടെ ഗോൾവല കാക്കാൻ എത്തുന്നത്. എംബെകെസേലി എംബോകാസി പ്രതിരോധത്തിലും ഓസ്വിൻ അപ്പോളിസ് ആക്രമണത്തിലും തിളങ്ങും. ഇതിനുമുമ്പ് നാലുതവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. രണ്ട് വിജയവും ഒരു സമനിലയുമായി മെക്സികോയാണ് മുന്നിട്ടുനിൽക്കുന്നത്. ദക്ഷിണാഫ്രിക്ക ഒന്നിലും വിജയിച്ചു. ഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയത് 2010 ലോകകപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

