Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഅർജന്റീനയെ...

അർജന്റീനയെ ചാമ്പ്യന്മാരാക്കാൻ ഫിഫക്ക് പദ്ധതിയുണ്ടോ?

text_fields
bookmark_border
അർജന്റീനയെ ചാമ്പ്യന്മാരാക്കാൻ ഫിഫക്ക് പദ്ധതിയുണ്ടോ?
cancel

ഈജിപ്ത്–അർജന്റീന മത്സരഫലം ഒടുങ്ങാത്ത വിവാദങ്ങൾക്കാണ് വിസിലൂതിയിരിക്കുന്നത്. വിവാദത്തിന്‍റെ ഈ പൊടിക്കാറ്റ് കളിവിദഗ്ദരിൽ നിന്നും ഫാൻസുകളിൽ നിന്നും ഒഴികിപ്പരന്ന് രാഷ്ട്രീയ, സാമൂഹിക നേതാക്കളും നാട്ടിൻപുറങ്ങളിലെ നാടൻ ട്രോളുകൾവരെയായി പടർന്നിരിക്കുന്നു. അർജന്റീനയെ വീണ്ടും ചാമ്പ്യന്മാരാക്കാൻ ഫിഫ അദൃശ്യമായി ഇടപെടുന്നുണ്ടോ എന്ന ചോദ്യം സോഷ്യൽ മീഡിയയ്ക്ക് പുറത്തേക്ക് വികസിക്കുകയും ചെയ്തിരിക്കുകയാണ്. അർജന്റീന–ഈജിപ്ത് നോക്കൗട്ട് മത്സര വിവാദം അസാധാരണമായ രീതിയിൽ ആഗോള സംവാദമായി ഉയർന്നത് എന്തുകൊണ്ടാണ്?

ഫിഫയുടെ കളങ്കിത ചരിത്രം

ഈ വിവാദങ്ങൾക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും വിശ്വാസ്യത നൽകുന്നത് ഫിഫയുടെ കളങ്കിതമായ ചരിത്രം തന്നെയാണ്. അഴിമതി ആരോപണങ്ങൾ ഫിഫക്ക് പുതിയതല്ല. മുൻ പ്രസിഡന്റ് സെപ് ബ്ലാറ്ററും യുവേഫ മുൻ മേധാവി മിഷേൽ പ്ലാറ്റിനിയും ഒരു ദശാബ്ദത്തിലേറെയായി നടത്തിയ അഴിമതികളുടെ പേരിൽ വിലക്ക് നേരിടേണ്ടി വന്നവരാണ്. 2015ൽ 20 ലക്ഷം സ്വിസ് ഫ്രാങ്ക് സംശയാസ്പദമായി കൈമാറിയെന്ന ആരോപണം സ്വിസ് കോടതി കുറ്റവിമുക്തമാക്കിയെങ്കിലും, അത് ഫിഫയുടെ ഭരണസംവിധാനത്തിലെ അധോ മണ്ഡലങ്ങളെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടി. ബ്ലാറ്ററുടെ ഭരണകാലത്ത് 2018, 2022 ലോകകപ്പുകളുടെ ആതിഥേയത്വം സംബന്ധിച്ച വോട്ടെടുപ്പിലും വ്യാപകമായ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു; നിരവധി ഫിഫ ഉദ്യോഗസ്ഥർ അമേരിക്കൻ നീതിന്യായ വകുപ്പിന്റെ അന്വേഷണത്തിൽ അറസ്റ്റിലാവുകയും ചെയ്തു. ഈ ചരിത്രം നിലനിൽക്കുന്നതിനാൽ “ഫിഫ ഒരിക്കലും അങ്ങനെ ചെയ്യില്ല” എന്ന വാദം ആർക്കും തൊണ്ടതൊടാതെ വിഴുങ്ങാനാകില്ല. അമേരിക്കൻ താരം ഫോളറിൻ ബാലോഗന്റെ വിലക്കുമായി ബന്ധപ്പെട്ട ട്രംപിന്റെ ഇടപെടലും, ഇറാൻ ടീമിനോടുള്ള അമേരിക്കൻ സുരക്ഷാ സംഘത്തിന്റെ പെരുമാറ്റം ചെറുക്കാൻ ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോക്ക് കഴിയാതെ പോയതും, ഫിഫ രാഷ്ട്രീയ, വാണിജ്യ സമ്മർദങ്ങൾക്ക് വിധേയമാണെന്ന ധാരണ വീണ്ടും ശക്തിപ്പെടുത്താനാടിയക്കിയത്.

വംശീയതയോടുള്ള ഫിഫയുടെ മൃദുസമീപനം, അമേരിക്കൻ ഭരണകൂടത്തോടുള്ള വിധേയത്വം, കോർപ്പറേറ്റ് കമ്പനികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രത തുടങ്ങിയവ കനത്തു നിൽക്കുന്ന പശ്ചാത്തലത്തിലാണ് അൾജീരിയയുടെയും ഈജിപ്തിന്റെയും പരാതികൾ ഉയരുന്നത്. 2026 ജൂൺ 19ലെ റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, മെസിയുടെ ബൂട്ട് അൾജീരിയൻ നായകൻ ഐസ മാൻഡിയുടെ കാലിൽ പതിച്ചിട്ടും റെഡ് കാർഡ് ലഭിക്കാതെ പോയത് സ്വജനപക്ഷപാതമായ റഫറിയിങ്ങാണെന്ന് ആക്ഷേപമുയർന്നു. അൾജീരിയ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകുകയും ചെയ്തിട്ടുണ്ട്. റഫറി സിമോൺ മാർസിനിയാക്കിന്‍റെ വിശ്വാസ്യത 2022 ഫൈനലും നിയന്ത്രിച്ച അതേ വ്യക്തി വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. ഈജിപ്തുമായുള്ള മത്സരത്തിലും വാർ തീരുമാനങ്ങളും വിവാദമായി: മുസ്തഫ സിക്കോയുടെ ഗോൾ ഫൗൾ ചൂണ്ടിക്കാട്ടി റദ്ദാക്കുകയും, ഈജിപ്തിന്റെ പെനാൽറ്റി അപ്പീൽ തള്ളപ്പെടുകയും, തൊട്ടുപിന്നാലെ അർജന്റീന വിജയഗോൾ നേടുകയും ചെയ്തു. ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷനും പരിശീലകൻ ഹുസ്സാം ഹസൻ ഫിഫക്കെതിരെ ഗുരുതരമായ വിമർശനമാണുയർത്തിയിരിക്കുന്നത്. ഈജിപ്തും ഫിഫക്ക് ഔദ്യോഗികമായി പരാതി നൽകിയിരിക്കുകയാണ്. ചുരുക്കത്തിൽ, തെളിയിക്കപ്പെട്ട അഴിമതികളും റഫിറിമാരുടെ മാനുഷികമായ പിഴവുകളും ചിലപ്പോൾ സംഭവിക്കുന്ന സ്വജനപക്ഷപാതങ്ങളും ഊഹാധിഷ്ഠിതമായ ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് വിശ്വാസ്യതയുടെ നിറം നൽകാൻ സഹായകരമാകുകയാണ് ചെയ്യുന്നത്.

അർജന്‍റീനയെയോ മറ്റേതെങ്കിലും ടീമിനെയോ വിജയിപ്പിക്കാനും കപ്പിനർഹരാക്കാനും ഫിഫയുടെ അന്തപ്പുരത്ത് ഗൂഢാലോചന നടത്തുന്നുവെന്ന സംശയങ്ങൾ ബലപ്പെടുത്തുന്ന ഒരു തെളിവും പണമിടപാടോ ചോർന്ന നിർദേശമോ രഹസ്യ ഉത്തരവോ കണ്ടെത്തലുകളോ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. 2022 ലോകകപ്പിലും സമാന വിവാദങ്ങൾ ഉണ്ടായിരുന്നു: ക്രൊയേഷ്യക്കെതിരായ സെമിയിലെ പെനാൽറ്റി, നെതർലൻഡ്സുമായുള്ള ക്വാർട്ടറിലെ റഫറി അന്റോണിയോ മത്തേയു ലാഹോസിന്റെ വിവാദ നിയന്ത്രണം എന്നിവ ഉദാഹരണങ്ങൾ. നെതർലൻഡ്സ് പരിശീലകൻ ലൂയിസ് വാൻ ഗാൽ പിന്നീട് അർജന്റീനയുടെ വിജയം മുൻകൂട്ടി ഒരുക്കിയതുപോലെ തോന്നിയെന്ന് സൂചിപ്പിച്ചത് ഗൂഢാലോചനാ വാദികളുടെ പ്രധാന “സാക്ഷ്യ”മായി. ക്രൊയേഷ്യ പരിശീലകൻ ഡാലിച്ചും പെനാൽറ്റി തീരുമാനത്തെ വിമർശിച്ചെങ്കിലും, അർജന്റീന കായികമായി മേൽക്കൈ നേടിയ മത്സരമായിരുന്നു അതെന്ന് അംഗീകരിച്ചിരുന്നു. ഫുട്ബോൾ നിയമത്തിലെ പല തീരുമാനങ്ങളും മനുഷ്യരുടെ വ്യാഖ്യാനത്തെ ആശ്രയിച്ചിരിക്കുന്നത്. അതിന്‍റെ ആനുകൂല്യം മുൻനിര ടീമുകൾക്കും സെലിബ്രിറ്റി കളിക്കാർക്കുമാണ് ലഭിക്കുന്നത്. കളിക്കളത്തിനകത്തും പുറത്തുമുള്ള വംശീയമുൻവിധികൾ പലപ്പോഴും ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളുടെ നീതി തടയുകയും ചെയ്യുന്നു. ഇത്തരം വിവാദങ്ങൾ ടെക്നോളജി പരിഹരിക്കുമെന്ന വിശ്വാസത്തെ ഈ ലോകകപ്പ് അപ്രസക്തമാക്കിയിരിക്കുകയാണ്. വാർ വന്നിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല. ക്യാമറ വസ്തുത കാണിക്കുമെങ്കിലും അതിന്റെ വ്യാഖ്യാനം മനുഷ്യന്റേതാണ്. അവരാകട്ടെ, കുറവുകളും മുൻവിധികളുമുള്ള മനുഷ്യരും.

റഫറിയിംഗിനെക്കാൾ ഗൂഢാലോചനാ വാദത്തിന് ഏറ്റവും ബലം നൽകുന്നത് ഫിഫയുടെയും കളികളോടനുബന്ധിച്ച് നടക്കുന്ന സാമ്പത്തിക താൽപര്യങ്ങളാണ്. ബ്രോഡ്കാസ്റ്റിംഗ് അവകാശം, സ്പോൺസർഷിപ്പ്, ടിക്കറ്റിംഗ് എന്നിവയിലൂടെ ഫിഫ വൻ വരുമാനം നേടുന്ന സ്ഥാപനമാണ്; 2026 ലോകകപ്പിന്റെ സാമ്പത്തിക സ്കെയിൽ 13 ബില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. മെസിയുടെ “അവസാന ലോകകപ്പ്” എന്ന കഥ ആഗോള ശ്രദ്ധയും ബ്രോഡ്കാസ്റ്റ് താൽപര്യവും വർധിപ്പിക്കുന്ന ഒരു വാണിജ്യ ഉൽപ്പന്നമായി മാറിയിരിക്കുന്നു. അതിനാൽ അർജന്റീന മുന്നേറുന്നതിൽ ഫിഫയ്ക്കും സ്പോൺസർമാർക്കും വാണിജ്യപരമായ താൽപര്യം ഉണ്ടാകാം എന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഒരു ഗൂഢാലോചന തെളിയിക്കാൻ സത്യത്തോടടുത്ത ആ ഊഹം മാത്രം മതിയാകുകയില്ല തെളിവുകൾ നിർബന്ധമാണ്. അതിതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, മത്സരഫലം നേരിട്ട് നിയന്ത്രിക്കാതെ തന്നെ ടൂർണമെന്റ് ഷെഡ്യൂൾ, പ്രമോഷണൽ ശ്രദ്ധ, ചില പരാതികളോടുള്ള നിശ്ശബ്ദത എന്നിവയിലൂടെ കോർപറേറ്റ് അധികാരത്തിന് ഫലത്തെ സ്വാധീനിക്കാൻ കഴിയും എന്നതും യാഥാർഥ്യമാണ്.

ഫിഫയ്ക്ക് ഈ വിവാദങ്ങൾ അവസാനിപ്പിക്കാൻ കഴിയുന്ന വഴി കൂടുതൽ കൂടുതൽ സുതാര്യതയിലേക്ക് സംവിധാനങ്ങളെ നയിക്കുക എന്നതാണ്. VAR സംഭാഷണങ്ങൾ പരസ്യമാക്കുക, തീരുമാനങ്ങൾക്ക് വിശദീകരണം നൽകുക, പരാതികൾക്ക് പരസ്യമായി മറുപടി നൽകുക എന്നീകാര്യങ്ങൾ സമയബന്ധിതമായി ഉണ്ടാകേണ്ടതാണ്.

കൃത്യമായ വിശദീകരണങ്ങലുണ്ടായില്ലെങ്കിൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് വേഗത കൂടും. വിശ്വാസ്യതയേറും. ഒരു തെറ്റ് ക്ഷമിക്കപ്പെടും, രണ്ടാമത്തേത് സംശയമാകും, പിന്നെ പിന്നെ അവിശ്വാസം ശക്തിപ്രാപിക്കും. ബ്ലാറ്റർ-പ്ലാറ്റിനി കാലം മുതൽ ഫിഫ വഹിക്കുന്ന വിശ്വാസ്യതാ പ്രതിസന്ധി ഇതുതന്നെയാണ്. അതേ അവിശ്വാസം ജിയാനി ഇൻഫാന്റിനോയിലേക്കും പടർന്നിരിക്കുന്നു. അതിൽ ഗരിമ നഷ്ടപ്പെട്ടിരക്കുന്നത് ലോകത്തിലെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കുതന്നെയാണ്.

മെസിയും അർജന്‍റീനയും വീണ്ടും ലോകകപ്പ് ഉയർത്തിയാൽ അത് അദ്ദേഹത്തിന്റെ പ്രതിഭയുടെ അത്ഭുതകരമായ സമാപനമാകാം; എന്നാൽ അൾജീരിയയുടെയും ഈജിപ്തിന്റെയും ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ പോയാൽ, ആ വിജയത്തിനൊപ്പം ഗൂഢാലോചനയുടെ കഥയും ജീവിക്കും. അത് സത്യമാണെന്ന് ഇന്ന് തെളിവില്ല. എന്നാൽ അതിന് ഇന്ധനം നൽകുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ട ബാധ്യത ഫിഫക്കുണ്ട്. കാരണം ലോകകപ്പിൽ ചാമ്പ്യനെ തീരുമാനിക്കേണ്ടത് താരത്തിന്റെ വിപണിമൂല്യമോ ബ്രോഡ്കാസ്റ്ററുടെ സ്വപ്നമോ സ്പോൺസർമാരുടെ താൽപര്യമോ ആകരുത്. ഒരു കോർപറേറ്റ് കഥയുടെ ക്ലൈമാക്സല്ല ലോകകപ്പ് വിജയമെന്നത്. അത് ആകസ്മികതകളും തന്ത്രങ്ങളുമൊരുക്കിയ ടീം പോരാടി നേടുന്ന കളിമികവാണ്. അവിടെ നടക്കുന്നത് നടക്കേണ്ടത് കളി മാത്രമാണ്. കളി മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAArgentinaFootball NewsTransparencyControversyWorld Cup 2026FIFA World Cup 2026Argentina Football
News Summary - The Shadow of Doubt: FIFA, Argentina, and the Crisis of Credibility
Next Story