Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightചെമ്പടയിറക്കം; സ്പെയിൻ...

ചെമ്പടയിറക്കം; സ്പെയിൻ ഇന്ന് കേപ് വെർഡെക്കെതിരെ കളത്തിലിറങ്ങും

text_fields
bookmark_border
ചെമ്പടയിറക്കം; സ്പെയിൻ ഇന്ന് കേപ് വെർഡെക്കെതിരെ കളത്തിലിറങ്ങും
cancel

അറ്റ്ലാന്റ (യു.എസ്): വ്യാഴവട്ടം പിന്നിട്ട കിരീടക്കാത്തിരിപ്പിന് വിരാമമിടാനുറച്ച് യു.എസിൽ നങ്കൂരമിട്ട സ്പാനിഷ് ആർമഡ ഇന്ന് അങ്കം കുറിക്കും. കളിയഴകിന്റെ തമ്പുരാക്കന്മാരായ സ്പെയിനിന് ലോകകപ്പ് ഗ്രൂപ് എച്ച്-ൽ മുൻ ചാമ്പ്യന്മാർക്ക് ആദ്യ എതിരാളികളായെത്തുന്നത് അപ്രതീക്ഷിത കുതിപ്പുകളിലൂടെ വിസ്മയം തീർക്കുന്ന കേപ് വെർഡെയാണ്. കടലാസിലും കളിക്കളത്തിലും അജഗജാന്തരമുണ്ടെങ്കിലും ആരെയും എഴുതിത്തള്ളരുതെന്ന അനുഭവപാഠങ്ങൾ ലൂയിസ് ഡി ലാ ഫ്യൂണ്ടെ പരിശീലിപ്പിക്കുന്ന സംഘം ഉൾക്കൊള്ളുന്നതിനാൽ അരങ്ങേറ്റക്കാരെ നിസ്സാരക്കാരായി കാണില്ല. നാളെയുടെ താരമായി കളംവാഴുമെന്ന വ്യക്തമായ സിഗ്നൽ ഇതിനകം നൽകിക്കഴിഞ്ഞ ഫുട്ബാൾ ലമീൻ യമാൽ കരിയറിലെ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയും ഈ കളിക്കുണ്ട്.

2010ൽ നെതർലൻഡ്സിനെ തോൽപിച്ച് ചാമ്പ്യന്മാരായതിൽപ്പിന്നെ കിരീടത്തിന് അരികിൽപ്പോലുമെത്താൻ ചെമ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. യൂറോ 2024 ജേതാക്കളായി യു.എസിൽ നിന്ന് ഇക്കുറി വെറുംകൈ‍യോടെ മടങ്ങില്ലെന്ന പ്രഖ്യാപനം കൂടി നടത്തിയിരുന്നു സ്പെയിൻ. രണ്ടു വർഷത്തിനിടെ പറ‍യത്തക്ക തിരിച്ചടികളൊന്നും മൈതാനത്ത് ഏറ്റിട്ടുമില്ല. റോഡ്രിയും പെഡ്രിയും ഫാബിയൻ റൂയിസും അണിനിരക്കുന്ന ലോകോത്തര മിഡ്ഫീൽഡ് കളിമെനയുമ്പോൾ ഏതു സമയത്തും എതിർ വലയിൽ ഗോൾ വർഷിക്കാനൊരുങ്ങി മൈക്കൽ ഒയർസബലും കൂട്ടരുമുണ്ട്. യമാൽ പരിക്കിൽനിന്ന് പൂർണമായി മോചിതാനായെങ്കിലും സ്റ്റാർട്ടിങ് ഇലവനിലുണ്ടാവില്ലെന്നാണ് സൂചനകൾ. സർവ സജ്ജരായി ഡാനി ഒൽമോയും ഫെറാൻ ടോറസും മുന്നേറ്റത്തിലുണ്ടാവും. നികോ വില്യംസും ഫിറ്റ്‍നസ് വീണ്ടെടുത്തത് വലിയ പ്രതീക്ഷ നൽകുന്നു.

കാറ്റും കടലും പോലെ പ്രവചനാതീതമാണ് നീലസ്രാവുകൾ എന്നറിയപ്പെടുന്ന കേപ് വെർഡെ. ആഫ്രിക്കൻ ഫുട്ബാളിന്റെ വന്യമായ കരുത്തും വേഗവും സമന്വയിക്കുന്ന അവരുടെ കളിശൈലി ഏതു വന്മതിലിനെയും തകർക്കാൻ പോന്നതാണ്. ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ ഏറെ മുന്നിലുള്ള കാമറൂണിനെയടക്കം മറികടന്ന് നേരിട്ട് യോഗ്യത നേടിയ ടീം സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 40ന്റെ പരിചയ സമ്പത്തുമായി വെറ്ററൻ വോസിഞ്ഞയാണ് കുഞ്ഞൻ രാജ്യത്തിന്റെ ഗോൾ വല കാക്കുന്നത്. ഡിഫൻഡർ ലോഗാൻ കോസ്റ്റ, മിഡ്ഫീൽഡറും നായകനുമായ റിയാൻ മെൻഡസ് തുടങ്ങിയ ലോകോത്തര താരങ്ങൾ സംഘത്തിലുണ്ട്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 9.30 മുതലാണ് സ്പെയിൻ-കേപ് വെർഡെ പോരാട്ടം. ഉറുഗ്വായിയും സൗദി അറേബ്യയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

സൗദിക്ക് ഉറുഗ്വായ്; ഇറാനും തുടങ്ങുന്നു

ഫ്ലോറിഡ: ലോകകപ്പിൽ ഉറുഗ്വായിയും സൗദി അറേബ്യയും ഇറാനും ന്യൂസിലൻഡും ആദ്യ മത്സരങ്ങൾക്ക്. ഇന്ത്യൻ സമയം ചൊവ്വാഴ്ച വെളുപ്പിന് 3.30ന് ഫ്ലോറിഡയിലെ മയാമി സ്റ്റേഡിയത്തിൽ സൗദിയെ മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വായ് നേരിടും. ഖത്തർ ലോകകപ്പിൽ അർജന്റീനയെ 2-1ന് അട്ടിമറിച്ച് തുടങ്ങിയതിന്റെ ആവേശം സൗദി ഓർമകളെ സമ്പന്നമാക്കുന്നുണ്ട്. 2002ലെ സൗഹൃദ മത്സരത്തിൽ ഉറുഗ്വായിയെ ആദ്യമായി നേരിട്ടപ്പോൾ 3-2ന് അറബ് നാട്ടുകാർക്കായിരുന്നു. ആയതിനാൽത്തന്നെ സൗദിയെ ലാറ്റിനമേരിക്കൻ എതിരാളികൾ കരുതിയിരിക്കണം.

വിങ്ങറും നായകനുമായ സാലിം അൽ ദൗസരിയാണ് പുതിയ കോച്ച് ജോർജിയസ് ഡോണിസിന് കീഴിൽ ഇറങ്ങുന്ന സൗദിയുടെ തുറുപ്പ് ചീട്ട്. ഫിറാസ് അൽ-ബുറൈകാൻ ആക്രമണം നയിക്കും. ഒന്നാം ഗോൾ കീപ്പർ നഫാഫ് അൽ അഖീദിയുടെ പരിക്ക് ടീമിന് തിരിച്ചടിയാണ്. മിഡ്ഫീൽഡർ ഫെഡെറികോ വെൽവെർഡെ‍യിലും സ്ട്രൈക്കർ ഡാർവിൻ നൂനസിലുമാണ് വലിയ പ്രതീക്ഷ. സ്റ്റാർ ഡിഫൻഡർമാരായ ക്യാപ്റ്റൻ ജോസ് മരിയ ജിമെനെസും റൊണാൾഡ് അറോജോയും പരിക്കിന്റെ പിടിയിലാണ്. സ്പെയിനും കേപ് വെർഡെയും ഉൾപ്പെടുന്ന ഗ്രൂപ്പാണിത്.

അതേസമയം, യുദ്ധമുഖത്ത് നിന്നെത്തിയ ഇറാന് കാലിഫോർണിയയിൽ ഇന്ത്യൻ നാളെ രാവിലെ 6.30ന് ന്യൂസിലൻഡിനെതിരെ നടക്കുന്ന ഗ്രൂപ് ജി-യിലെ കളി അൽപ്പം വൈകാരികമാണ്. യു.എസിൽ നിന്ന് മത്സരങ്ങൾ മെക്സികോയിലേക്ക് മാറ്റണമെന്ന് ഇവർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫിഫ കൂട്ടാക്കിയില്ല. മെക്സികോയിലാണ് ടീമിന്റെ പരിശീലനവും താമസവും. മത്സരത്തിന് മാത്രം അമേരിക്കയിലെത്താനാണ് അനുമതി. ഇന്ത്യൻ വംശജനായ സർപ്രീത് സിങ് ന്യൂസിലൻഡ് സംഘത്തിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFASpain
News Summary - The Red March Begins; Spain Takes the Field Against Cape Verde Today
Next Story