റെയ്നയുടെ ട്രിവേല; പരഗ്വേക്കെതിരെ യു.എസിന്റെ നാലാം ഗോളിന്റെ സവിശേഷതയെന്ത്?
text_fieldsപരഗ്വേക്കെതിരെ പുറംകാൽ കൊണ്ടുള്ള ഷോട്ടിലൂടെ യു.എസിന്റെ ജിയോവാനി റെയ്ന ഗോൾ നേടുന്നതു കണ്ടപ്പോൾ ഫുട്ബാൾ ആരാധകർ ഈ ലോകകപ്പിൽ കളിക്കുന്ന മറ്റൊരു താരത്തെ പെട്ടെന്നോർത്തിട്ടുണ്ടാവും- ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ചിനെ! രാജ്യത്തിനു വേണ്ടിയും റയൽ മഡ്രിഡിനും വേണ്ടിയും കളിക്കുമ്പോഴും മോഡ്രിച്ചിന്റെ സ്ഥിരം വേലകളിലൊന്നായിരുന്നു ട്രിവേല എന്നു പേരുള്ള ഈ പുറംകാൽ ഷോട്ടു കൊണ്ടുള്ള പാസുകൾ. മോഡ്രിച്ചിന്റെ ട്രിവേലകളിൽ പലപ്പോഴും എതിരാളികളുടെ പ്രതിരോധമാണ് പിളരാറുള്ളതെങ്കിൽ ഇരുപത്തിമൂന്നുകാരൻ റെയ്നയുടെ ട്രിവേലയിൽ പാരഗ്വേയുടെ വല തന്നെ കുലുങ്ങിപ്പോയി.
പോർചുഗീസ് ഭാഷയിൽ മൂന്നു വിരലുകൾ എന്നർഥമുള്ള വാക്കിൽ നിന്നു രൂപം കൊണ്ട ട്രിവേലയുടെ ആധുനികകാലത്തെ ഏറ്റവും വലിയ പ്രചാരകൻ പക്ഷേ മോഡ്രിച്ചുമല്ല. പോർചുഗീസ് വിങ്ങർ റിക്കാർഡോ ക്വാരെസ്മയാണത്. കിങ് ഓഫ് ട്രിവേല എന്നാണ് ക്വാരെസ്മ അറിയപ്പെട്ടിരുന്നതു തന്നെ. രാജ്യാന്തര ഫുട്ബാളിൽ ക്വാരെസ്മയുടെ ആദ്യഗോൾ തന്നെ ഒന്നാന്തരം ട്രിവേലയിലൂടെയായിരുന്നു. 2008 യൂറോ യോഗ്യതാ മത്സരത്തിനിടെ പെനാൽറ്റി ബോക്സിന്റെ വലതു പാർശ്വത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസ് സ്വീകരിച്ച് വലംകാലിന്റെ പുറംഭാഗം കൊണ്ട് ക്വാരെസ്മ പായിച്ച ഷോട്ട് ഗോളിലേക്കു വളഞ്ഞു കയറി. മറ്റു കളിക്കാർ ട്രിവേല എപ്പോഴെങ്കിലുമാണ് പ്രയോഗിച്ചിരുന്നതെങ്കിൽ ക്വാരെസ്മയുടെ ബൂട്ടിൽ നിന്നു പാഞ്ഞ മിക്ക ഷോട്ടുകളിലും ട്രിവേല മുദ്രയുണ്ടായിരുന്നു. ഇത്തവണ പോർചുഗൽ ലോകകപ്പ് ടീമിലുള്ള ജോവാ കാൻസലോയാണ് പിന്നീട് ഈ പൈതൃകം ഏറ്റുവാങ്ങിയത്.
ഒരു ഡ്രിബിൾ പ്രതീക്ഷിക്കുന്ന ഡിഫൻഡർമാരെ കബളിപ്പിക്കാനും പന്തിനെ അപ്രതീക്ഷിത വഴിയിലൂടെ ഗോളിലെത്തിക്കാനും ട്രിവേല കൊണ്ട് സാധിക്കും. ഫ്രീകിക്കുകളിൽ സ്ഥിരമായി സംഭവിക്കാറുള്ള മാഗ്നസ് പ്രഭാവം തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. അതിവേഗത്തിൽ കറങ്ങിത്തിരിയുന്നതിന്റെ സമ്മർദത്തിൽ പന്തിന്റെ ദിശ തന്നെ നേർരേഖയിൽ നിന്ന് തെറ്റും. എന്നാൽ, മികച്ച ബോഡി ബാലൻസും ബാൾ കൺട്രോളും ട്രിവേല ഫലപ്രദമായി പ്രയോഗിക്കാൻ അനിവാര്യമാണ്. അതു കൊണ്ടുതന്നെ ആഫ്രിക്കയിൽ ട്രിവേല മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്- നാസ പാസ്! അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഒരു റോക്കറ്റ് വിക്ഷേപിക്കുന്നതിലുള്ള കൃത്യതയും സൂക്ഷ്മതയും ട്രിവേലക്ക് വേണമെന്നു ചുരുക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

