Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightലുസൈലിലെ ആ സ്വപ്‌നരാവ്

ലുസൈലിലെ ആ സ്വപ്‌നരാവ്

text_fields
bookmark_border
ലുസൈലിലെ ആ സ്വപ്‌നരാവ്
cancel
camera_alt

ഖത്തറിൽ ലോകകപ്പ് മത്സരത്തിനിടെ ലേഖകൻ

ഓരോ ലോകകപ്പും കടന്നുവരുമ്പോൾ, പ്രതീക്ഷകളുടെ അനന്താകാശം മനസ്സിൽ വിരിയാറുണ്ട്. ഫുട്ബോൾ എന്ന കളിയോടുള്ള പ്രണയവും, അർജന്റീനയോടുള്ള അചഞ്ചലമായ ആരാധനയും എന്നെ 1994 മുതൽ ആ നീല-വെള്ള ജേഴ്‌സിയോട് ചേർത്തുനിർത്തി. ഒരുനാൾ ലോകകിരീടം അർജന്റീനയുടെ കൈകളിലെത്തുമെന്ന വിശ്വാസം വർഷങ്ങളോളം ഹൃദയത്തിൽ കാത്തുസൂക്ഷിച്ചു. ഒടുവിൽ, എന്റെ ഇരുപത്തെട്ടു വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട്, 2022-ൽ ആ സ്വപ്നം യാഥാർഥ്യമായി. അർജന്റീനയ്ക്ക് അത് മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷമുള്ള ലോകകപ്പ് കിരീടമായിരുന്നു.

2022-ലെ ഖത്തർ ലോകകപ്പ് നേരിൽ കാണാൻ കഴിഞ്ഞതും, അതേ ലോകകപ്പിൽ അർജന്റീന ലോകചാമ്പ്യന്മാരാകുന്നതും എന്റെ ജീവിതത്തിലെ അപൂർവ ഭാഗ്യാനുഭവങ്ങളിലൊന്നായി മാറി. ലുസൈലിലെ പുൽമൈതാനത്ത് മെസ്സിയും കൂട്ടരും വർഷങ്ങളായി കൈവിട്ടുപോയിരുന്ന വിശ്വകിരീടം സ്വന്തമാക്കുമ്പോൾ, ആനന്ദാശ്രുക്കൾ എന്റെ കണ്ണുകളിൽ മാത്രമല്ല, അർജന്റീനയെ ഹൃദയത്തിൽ ചേർത്തുവെച്ചിരുന്ന കോടിക്കണക്കിന് ആരാധകരുടെ കണ്ണുകളിലും തിളങ്ങിയിരുന്നു. ഖത്തർ ലോകകപ്പിന്റെ ആതിഥേയത്വം പ്രഖ്യാപിക്കപ്പെട്ട നാൾ മുതൽ അർജന്റീനയുടെ ഒരു മത്സരം നേരിൽ കാണണമെന്ന ആഗ്രഹം മനസ്സിൽ മുളച്ചിരുന്നു. യാത്രാചെലവുകളും ടിക്കറ്റിന്റെ വിലയും ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികൾ ആ മോഹത്തെ കുറച്ചുകാലം പിന്തള്ളിയെങ്കിലും, ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ ആ സ്വപ്നം വീണ്ടും ചിറകുവിരിച്ചു. പ്രീക്വാർട്ടറിന് ശേഷം എന്തുവിലകൊടുത്തും ഖത്തറിലെത്തണമെന്ന വാശി മനസ്സിനെ കീഴടക്കി.

അന്ന് തന്നെ സൗദി അറേബ്യ വഴി കരമാർഗം ഖത്തറിലെത്താനുള്ള സാധ്യതകൾ തേടി. ഹയ കാർഡും, സൗദി വിസയും സംഘടിപ്പിച്ചു. അർജന്റീന–നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ ഉറപ്പായതോടെ ടിക്കറ്റിനായുള്ള തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ, വലിയ തുക മുടക്കി കരിഞ്ചന്തയിലൂടെ ഒരു ടിക്കറ്റ് സ്വന്തമാക്കാൻ കഴിഞ്ഞു. അതിനുശേഷം മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രം, എത്രയും വേഗം ഖത്തറിലെത്തുക.

ഡിസംബർ ഒമ്പതാം തീയതി പുലർച്ചെ, അർജന്റീന ജേഴ്‌സി അണിഞ്ഞ് മുൻകൂട്ടി ഏർപ്പാടാക്കിയ ടാക്സിയിൽ ഖത്തറിലേക്കുള്ള യാത്ര ആരംഭിച്ചു. സൗദി–ഖത്തർ അതിർത്തിയിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കുമ്പോൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ആരാധകരുടെ ഒഴുക്ക് കണ്ടു. ആ കാഴ്ച ലോകകപ്പിന്റെ യഥാർത്ഥ ആവേശം മനസ്സിലാക്കി തന്നു. തിരക്ക് കാരണം ഇമിഗ്രേഷൻ നടപടികൾക്ക് രണ്ടര മണിക്കൂറിലധികം സമയം വേണ്ടിവന്നു. ഓരോ നിമിഷവും കടന്നുപോകുമ്പോൾ, കിക്കോഫിന് മുമ്പ് സ്റ്റേഡിയത്തിലെത്താൻ കഴിയുമോ എന്ന ആശങ്ക മനസ്സിൽ വളർന്നു..

നീണ്ട മനോഹരമായ കടൽപാലത്തിലൂടെയുള്ള യാത്ര എനിക്ക് നവ്യാനുഭവമായിരുന്നു. കടൽപാലം പിന്നിട്ട് ഞങ്ങൾ ഖത്തർ ബോർഡറായ സൽവയിലേക്ക് തിരിച്ചു… കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിക്ക് കുറുകേ ഒരു നേർരേഖപോലെ നീണ്ടുകിടക്കുന്ന റോഡിലൂടെ ഞങ്ങൾ ഖത്തർ ബോർഡറായ സൽവയിലെത്തി.

അതിർത്തി കടന്ന് പ്രത്യേക ബസിൽ ഖത്തറിലെ ഇമിഗ്രേഷൻ കേന്ദ്രത്തിലെത്തി. അവിടെയും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ആരാധകരുടെ നീണ്ടനിര കാത്തുനിന്നിരുന്നു. ഒടുവിൽ എല്ലാ നടപടികളും പൂർത്തിയാക്കിയശേഷമാണ് യാത്രയുടെ അടുത്ത ഘട്ടം മനസ്സിലായത്. മറ്റൊരു ബസിൽ മെട്രോ സ്റ്റേഷനിലെത്തി, അവിടെനിന്ന് മെട്രോ മാർഗമാണ് ലുസൈലിലേക്ക് പോകേണ്ടത്.

ബസിൽ കൂടുതലും അർജന്റീനിയൻ ആരാധകരായിരുന്നു. എന്റെ സമീപത്ത് ഇരുന്ന ഒരാൾ അർജന്റീനൻ പ്രതിരോധതാരം ക്രിസ്റ്റ്യൻ റൊമേറോയുടെ നാട്ടുകാരനാണെന്ന് പരിചയപ്പെടുത്തി. യാത്രയ്ക്കിടെ ബ്രസീൽ–ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ അരങ്ങേറുകയായിരുന്നു. മൊബൈൽ ഫോണുകളിലൂടെ മത്സരം പിന്തുടർന്നിരുന്ന അർജന്റീനിയൻ ആരാധകർ ക്രൊയേഷ്യ വിജയിച്ച നിമിഷം ആഹ്ലാദപ്രകടനങ്ങളോടെ പൊട്ടിത്തെറിച്ചു. ബസിനകത്ത് കൈയടികളുടെയും ആർപ്പുവിളികളുടെയും തിരമാല ഉയർന്നു.

ലുസൈൽ മെട്രോ സ്റ്റേഷനിൽ ഇറങ്ങുമ്പോഴേക്കും മത്സരം ആരംഭിച്ചിരുന്നു. സ്റ്റേഷനിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ഓടിയെത്തിയപ്പോഴും സുരക്ഷാ പരിശോധനയ്ക്കായി നീണ്ടനിര കാത്തുനിന്നിരുന്നു. അകത്തുനിന്നുയരുന്ന കാണികളുടെ ആവേശാരവങ്ങൾ പുറത്തേക്കും മുഴങ്ങുന്നുണ്ടായിരുന്നു. സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നതിനിടയിൽ സ്റ്റേഡിയത്തിനകത്ത് നിന്ന് കാതടപ്പിക്കുന്ന ഒരു ഘോഷം ഉയർന്നു. അർജന്റീനയുടെ ആദ്യഗോൾ പിറന്ന നിമിഷമായിരുന്നു അത്. എനിക്കപ്പോൾ സന്തോഷവും,സങ്കടവും ഇടകലർന്ന ഒരു വികാരമായിരന്നു..

തുടർന്ന് ഇരിപ്പിടം കണ്ടെത്താനുള്ള ഓട്ടമായിരുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ഓടിയ ശേഷമാണ് എന്റെ സീറ്റ് കണ്ടെത്താനായത്. ആ ഓട്ടത്തിനിടയിൽ വിശപ്പും ദാഹവും എല്ലാം മറന്നിരുന്നു. ഡിസംബറിന്റെ തണുപ്പ് പോലും ഫുട്ബോൾ ആവേശത്തിന്റെ ചൂടിൽ അലിഞ്ഞുപോയിരുന്നു. ആദ്യപകുതി അവസാനിക്കാനൊരുങ്ങുമ്പോഴാണ് ഒടുവിൽ എനിക്ക് മത്സരം ആസ്വദിക്കാനായത്.

എന്റെ ജീവിതത്തിൽ ആദ്യമായി നേരിൽ കണ്ട ലോകകപ്പ് മത്സരം ചരിത്രത്തിന്റെ ഭാഗമായ ഒന്നായിരുന്നു. 2022 ലോകകപ്പിലെ ഏറ്റവും നാടകീയവും ആവേശഭരിതവുമായ മത്സരങ്ങളിലൊന്നായ അർജന്റീന–നെതർലാൻഡ്സ് ക്വാർട്ടർ ഫൈനൽ. രണ്ട് ഗോളിന്റെ ലീഡ് നേടിയ അർജന്റീനയ്ക്കെതിരെ അവസാന നിമിഷങ്ങളിൽ രണ്ട് ഗോൾ തിരിച്ചടിച്ച് നെതർലാൻഡ്സ് നടത്തിയ തിരിച്ചുവരവ് മത്സരത്തെ അവിസ്മരണീയമാക്കി.

ആദ്യപകുതിയിൽ നഷ്ടമായ അനുഭവം എക്സ്ട്രാ ടൈമിലൂടെ എനിക്ക് തിരികെ ലഭിച്ചു. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനസിന്റെ അസാമാന്യ പ്രകടനത്തിന്റെ കരുത്തിൽ അർജന്റീന സെമിഫൈനലിലേക്ക് മുന്നേറി. ഏറ്റവും ഭാഗ്യകരമായ കാര്യം, ഷൂട്ടൗട്ട് നടന്നത് എന്റെ മുന്നിലുണ്ടായിരുന്ന ഗോൾപോസ്റ്റിലായിരുന്നു. താരങ്ങൾ കിക്കെടുക്കുന്നതും മാർട്ടിനസ് അത്ഭുതസേവുകൾ നടത്തുന്നതും വളരെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായി.

മത്സരം അവസാനിച്ചിട്ടും സ്റ്റേഡിയം വിടാൻ മനസ്സുവന്നില്ല. അർജന്റീനിയൻ ആരാധകരോടൊപ്പം ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് സ്പാനിഷ് ഭാഷയിലുള്ള ‘മുചാച്ചോസ്’ പാട്ട് ഉച്ചത്തിൽ പാടി ആഘോഷിച്ചു. ഫുട്ബോളിനോടുള്ള അവരുടെ അഗാധമായ സ്നേഹവും ആത്മാർഥതയും കാണുമ്പോൾ ഹൃദയം നിറഞ്ഞു. പലരും വികാരാധീനരായി കരയുകയായിരുന്നു, ചിലർ അന്യരെ പോലും ആലിംഗനം ചെയ്ത് സന്തോഷം പങ്കിട്ടു.

ലുസൈൽ സ്റ്റേഡിയത്തിന്റെ മുൻപിൽ ചിത്രങ്ങൾ പകർത്തിയും ആഘോഷങ്ങളിൽ ലയിച്ചും നിൽക്കുന്നതിനിടയിലാണ് മണിക്കൂറുകളായി ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ലെന്ന കാര്യം ഓർമ്മ വന്നത്. അന്ന് ലുസൈലിന്റെ അകത്തും പുറത്തും ഒരേയൊരു നിറം മാത്രം കാണാനുണ്ടായിരുന്നത്, ആകാശനീലയും വെള്ളയും ചേർന്ന അർജന്റീനയുടെ ആത്മാവിന്റെ നിറം.

മഞ്ഞുമൂടിയ ഡിസംബർ പുലരിയിൽ മടങ്ങിപ്പോകാനുള്ള ബസിനായി കാത്തുനിൽക്കുമ്പോൾ തണുപ്പിനൊപ്പം ചാറ്റൽമഴയും പെയ്യുന്നുണ്ടായിരുന്നു. എന്നാൽ എന്റെ ഉള്ളിൽ കഴിഞ്ഞ രാത്രിയുടെ ഓർമ്മകൾ അപ്പോഴും ഒരു പെരുമഴപോലെ പെയ്തിറങ്ങുകയായിരുന്നു. ഓരോ ഓർമ്മയും മനസ്സിൽ വീണ്ടും വീണ്ടും ജീവൻ പ്രാപിച്ചു.

ഒരു ലോകകപ്പ് മത്സരം നേരിൽ കാണുക എന്ന എന്റെ ദീർഘകാല സ്വപ്നവും, അതേ ലോകകപ്പിൽ മുപ്പത്തിയാറ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ലോകചാമ്പ്യന്മാരാകുന്നത് കാണുക എന്ന അപൂർവ ഭാഗ്യവും ഖത്തറിൽ എനിക്ക് സമ്മാനമായി ലഭിച്ചു. കാലം എത്ര കടന്നുപോയാലും, ലുസൈലിലെ ആ രാത്രി എന്റെ ഹൃദയത്തിൽ ഒരു വിശുദ്ധ ഓർമ്മയായി, ഫുട്ബോളിനോടുള്ള പ്രണയത്തിന്റെ ശാശ്വത സ്മാരകമായി, എന്നും നിലനിൽക്കും… ഇന്നും ആ രാത്രി എന്റെ മനസ്സിന്റെ ഇടനാഴികളിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Argentinaworld cupLionel Messi
News Summary - That dream night in Lusail
Next Story