Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഭീകരർ പിതാവിനെ കൊന്നു,...

ഭീകരർ പിതാവിനെ കൊന്നു, ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയി; കനൽ വഴികൾ താണ്ടി ഇറാഖിനെ ലോകകപ്പിലെത്തിച്ച അയ്മൻ ഹുസൈൻ

text_fields
bookmark_border
ഭീകരർ പിതാവിനെ കൊന്നു, ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയി; കനൽ വഴികൾ താണ്ടി ഇറാഖിനെ ലോകകപ്പിലെത്തിച്ച അയ്മൻ ഹുസൈൻ
cancel
camera_alt

അയ്മൻ ഹുസൈൻ

ചിക്കാഗോ: അൽ ഖാഇദ ഭീകരർ പിതാവിനെ വെടിവെച്ചുകൊല്ലുമ്പോൾ അവന് പ്രായം വെറും പന്ത്രണ്ട് വയസ്സ്. പിന്നീട് ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠനെ ഐ.എസ് ഭീകരർ തട്ടിക്കൊണ്ടുപോയി, അവനിതുവരെ തിരിച്ചുവന്നിട്ടില്ല. ചുറ്റും ഡ്രോണുകളുടെയും വെടിയുണ്ടകളുടെയും ശബ്ദം മാത്രം കേട്ട് വളർന്ന ഒരു ബാലൻ, ഇന്ന് ലോക ഫുട്ബാളിന്റെ വിശ്വ വേദിയിൽ തന്റെ രാജ്യത്തിനുവേണ്ടി അഭിമാനത്തോടെ പന്തു തട്ടുകയാണ്. യുദ്ധവും പ്രതിസന്ധികളും തളർത്താത്ത വീര്യവുമായി ഇറാഖിനെ 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പിലെത്തിച്ച അയ്മൻ ഹുസൈൻ എന്ന സ്ട്രൈക്കറുടെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്.

ടീം അംഗങ്ങൾക്കൊപ്പം ചിക്കാഗോയിലെ ഒഹെയർ വിമാനത്താവളത്തിലിറങ്ങിയ അയ്മനെ അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഏഴ് മണിക്കൂറോളമാണ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തത്. മൊബൈൽ ഫോൺ വരെ വിശദമായ പരിശോധനക്ക് വിധേയമാക്കി. കൂടെയുണ്ടായിരുന്ന ടീം ഫോട്ടോഗ്രാഫറെ പെട്ടെന്ന് കടത്തിവിട്ടപ്പോഴായിരുന്നു ഇറാഖുകാരനായ അയ്മൻ ഹുസൈന് ഈ ദുരനുഭവം. 2003ലെ അമേരിക്കൻ അധിനിവേശത്തിന്റെ കനലുകൾ ഇപ്പോഴും പൂർണമായി കെട്ടടങ്ങിയിട്ടില്ലെന്ന് ഓർമിപ്പിക്കുന്നതായിരുന്നു ഈ സംഭവം. എങ്കിലും ഇതൊന്നും അയ്മനെ തളർത്തിയില്ല. താൻ ഇതിലും വലിയ നരകത്തിലൂടെയാണ് കടന്നുവന്നതെന്ന് ഈ മുപ്പതുകാരൻ പുഞ്ചിരിയോടെ ഓർക്കുന്നു.

​'എനിക്ക് ഫുട്ബാൾ ഭയങ്കര ഇഷ്ടമാണ്.​ എന്നാൽ, എന്റെ സ്വപ്നം പിതാവ് നിർമിക്കാൻ തുടങ്ങിയ വീടിന്റെ പണി പൂർത്തിയാക്കാൻ ആവശ്യമായ പണം കണ്ടെത്തുകയാണ്.' കിർകുക്കിലെ ഹാവിജ ജില്ലയിലുള്ള അൽ സഫ്ര എന്ന ഉൾഗ്രാമത്തിലായിരുന്നു ഐമന്റെ കുട്ടിക്കാലം. സ്വന്തമായി ഒരു വീട് പണിയണമെന്നത് പട്ടാളക്കാരനായ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. അതിനുള്ള നിർമാണ സാമഗ്രികൾ വാങ്ങാൻ പോയപ്പോഴാണ് അൽ ഖാഇദ ഭീകരർ അദ്ദേഹത്തെ വെടിവെച്ചുകൊല്ലുന്നത് -ഹുസൈൻ ഫിഫയോട് പറഞ്ഞു.

ലോകകപ്പ് യോഗ്യത നേടാനായുള്ള ഇറാഖിന്റെ യാത്രയും കഠിനമായിരുന്നു. ഇറാനുമായുള്ള യുദ്ധം കാരണം വിമാന സർവിസുകൾ മുടങ്ങിയപ്പോൾ 25 മണിക്കൂർ റോഡ് മാർഗം യാത്ര ചെയ്യാൻ ടീം തീരുമാനിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് ഉപേക്ഷിച്ചു. ഒടുവിൽ മരുഭൂമിയിലൂടെ ജോർഡനിലെത്തി അവിടെനിന്ന് മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് 36 മണിക്കൂർ കുടുങ്ങിക്കിടന്ന ശേഷമാണ് ടീം ലിസ്ബൺ വഴി മെക്സിക്കോയിലെത്തിയത്. ​'ബോംബാക്രമണങ്ങളും വെടിയുണ്ടകളും കണ്ട് ശീലിച്ച ഞങ്ങൾക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല' എന്നാണ് അയ്മൻ ഹുസൈൻ അൽ ജസീറയോട് പറഞ്ഞത്.

ഭാഷാപരമായ ഭിന്നതകളായിരുന്നു ടീം നേരിട്ട മറ്റൊരു പ്രധാന വെല്ലുവിളി. ടീമിലെ പകുതിയോളം പേർ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വളർന്ന കുടിയേറ്റക്കാരാണ്. പരസ്പരം ആശയവിനിമയം നടത്താൻ പോലും സാധിക്കാതിരുന്ന കളിക്കാരെ ഒന്നിപ്പിച്ചു നിർത്താൻ ആസ്ട്രേലിയക്കാരനായ കോച്ച് ഗ്രഹാം ആർനോൾഡ് കണ്ടെത്തിയ വഴി വിചിത്രമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നവരെ ഗ്രൗണ്ടിന്റെ ഇടതുഭാഗത്തും, അറബിക് സംസാരിക്കുന്നവരെ വലതുഭാഗത്തുമായി അദ്ദേഹം വിന്യസിച്ചു. ഇരുഭാഷയും അറിയാവുന്ന മധ്യനിര താരം ഇവരെ പരസ്പരം ബന്ധിപ്പിച്ചു.

കൂടെ മുന്നേറ്റ നിരയിൽ അലി അൽ ഹമാദിയെപ്പോലെയുള്ള പ്രതിഭകൾ കൂടിയുള്ളപ്പോൾ ഇറാഖ് ഇത്തവണ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ജയിലിലടക്കപ്പെട്ട ഒരു വക്കീലിന്റെ മകനായ അലി, ലിവർപൂളിലെ ചേരികളിൽ വംശീയ അധിക്ഷേപങ്ങൾ നേരിട്ടാണ് വളർന്നത്.

ഫ്രാൻസ്, നോർവെ, സെനഗൽ എന്നിവരുൾപ്പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് ഇറാഖ് എങ്കിലും, മരുഭൂമികളും മിസൈലുകളും അമേരിക്കൻ ഇമിഗ്രേഷന്റെ കടുത്ത ചോദ്യംചെയ്യലുകളും അതിജീവിച്ചെത്തിയ 'മെസൊപ്പൊട്ടേമിയൻ സിംഹങ്ങൾ' തോറ്റുകൊടുക്കാൻ തയാറല്ല. അൽ സഫ്രയിലെ ആ പകുതി മുറിഞ്ഞ വീട് അയ്മന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്, തന്റെ നാടിന്റെ സ്വപ്നങ്ങളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football NewsWorld cup QualificationFIFA World Cup 2026Iraq Footballer
News Summary - Terrorists killed his father and kidnapped his elder brother; Ayman Hussein, who took Iraq to the World Cup by crossing the coal roads
Next Story