72 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടറിൽ, ഇനി പോരാട്ടം അർജന്റീനയോട്
text_fieldsവാൻകൂവർ: നിശ്ചിത സമയത്തും അധിക സമയത്തും ഗോളൊഴിഞ്ഞുനിന്ന ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്‌സർലൻഡ് ഫിഫ ലോകകപ്പ് ക്വാർട്ടറിൽ. വാൻകൂവറിലെ ബി.സി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-3 എന്ന സ്‌കോറിനായിരുന്നു സ്വിസ്സ് പടയുടെ വിജയം. 1954-ന് ശേഷം ആദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുന്നത്. ഞായറാഴ്ച മിസൗറിയിലെ കാൻസാസ് സിറ്റിയിലുള്ള ആരോഹെഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ.
ടൂർണമെന്റിൽ ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി മികച്ച ഫോമിലായിരുന്ന യൊഹാൻ മാൻസാംബിക്ക് പരിശീലനത്തിനിടെ പരിക്കേറ്റത് സ്വിറ്റ്സർലൻഡിന് തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയായിരുന്നു. മറുവശത്ത്, ഡേവിഡ് ഓസ്പിനയെ മറികടന്ന് കൊളംബിയയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (131 കളികൾ) കളിക്കുന്ന താരമെന്ന ചരിത്ര നേട്ടത്തോടെയാണ് നായകൻ ജെയിംസ് റോഡ്രിഗസ് കളത്തിലിറങ്ങിയത്. ഇരു ടീമുകളും തുടക്കം മുതൽ തന്നെ പന്തവകാശത്തിലും മുന്നേറ്റങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്.
ആദ്യ പകുതിയിൽ കൊളംബിയക്കായിരുന്നു കൂടുതൽ അവസരങ്ങൾ ലഭിച്ചത്. 21-ാം മിനിറ്റിൽ കൊളംബിയൻ താരം ഗുസ്താവോ പുവെർട്ടയുടെ ഗോളെന്നുറച്ച മികച്ചൊരു ഷോട്ട് സ്വിസ്സ് ഗോളി ഗ്രെഗോർ കോബെൽ തട്ടിയകറ്റിയത് കൊളംബിയക്ക് വലിയ നിരാശയായി. മറുവശത്ത്, സ്വിറ്റ്സർലൻഡിന് ലഭിച്ച മികച്ച രണ്ട് അവസരങ്ങൾ കൊളംബിയൻ ഗോളി കാമിലോ വാർഗാസും വിഫലമാക്കി. ബോക്സിലേക്ക് ഇരു ടീമുകളും നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളും ഗോൾകീപ്പർമാരുടെ മികച്ച സേവുകളും മൂലം ആദ്യ പകുതി ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.
രണ്ടാം പകുതിയിലും പ്രതിരോധ നിരകൾ കൂടുതൽ ശക്തമായതോടെ ഗോളുകൾ മാത്രം അകന്നു നിന്നു. ലൂയിസ് സ്വാരസും, പകരക്കാരനായി ഇറങ്ങിയ യുവാൻ ഫെർണാണ്ടോ ക്വിന്റേറോയും കൊളംബിയക്കായി ഗോൾ നേടാൻ കിണഞ്ഞുശ്രമിച്ചു. ഒടുവിൽ നിശ്ചിത സമയവും പിന്നിട്ട് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ ലഭിച്ച കോർണറിൽ നിന്നുള്ള കൊളംബിയൻ താരം ജോൺ ലുകുമിയുടെ മികച്ചൊരു ഹെഡർ ക്രോസ്ബാറിൽ തട്ടി മടങ്ങിയത് മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങളിലൊന്നായിരുന്നു. എക്സ്ട്രാ ടൈമിലും ഇരു കൂട്ടർക്കും ലക്ഷ്യം കാണാനാകാതെ വന്നതോടെയാണ് മത്സരം വിധി നിർണ്ണയിക്കുന്ന പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വഴിമാറിയത്.
ഷൂട്ടൗട്ടിൽ ഇരു ടീമുകളും കടുത്ത സമ്മർദ്ദത്തിലായിരുന്നു. കൊളംബിയക്കായി ആദ്യ കിക്കെടുത്ത ക്വിന്റേറോ ലക്ഷ്യം കണ്ടു. സ്വിറ്റ്‌സർലൻഡിനായി ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയും വലകുലുക്കി. എന്നാൽ കൊളംബിയയുടെ ഡവിൻസൺ സാഞ്ചസിന്റെ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചതോടെ സ്വിസ്സ് ക്യാമ്പിൽ പ്രതീക്ഷയുണർന്നു. പിന്നാലെ സ്വിസ് താരം സെക്കി അംദുനി ഗോൾ നേടി. കൊളംബിയക്കായി യമിൻട്ടൺ കാംപാസ് ലക്ഷ്യം കണ്ടപ്പോൾ, സ്വിറ്റ്സർലൻഡിന്റെ മാനുവൽ അകാൻജിയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയത് വീണ്ടും മത്സരത്തിൽ സമനില കൊണ്ടുവന്നു.
എന്നാൽ, കൊളംബിയയുടെ കുച്ചോ ഹെർണാണ്ടസിന്റെ കിക്ക് തകർപ്പൻ ഡൈവിലൂടെ സേവ് ചെയ്ത് ഗോൾകീപ്പർ ഗ്രെഗോർ കോബെൽ വീണ്ടും സ്വിറ്റ് ടീമിന്റെ രക്ഷകനായി അവതരിച്ചു. സെഡ്രിക് ഇറ്റെനും റൂബൻ വാർഗാസും സ്വിറ്റ്സർലൻഡിനായി അനായാസം ലക്ഷ്യം കണ്ടതോടെ കൊളംബിയയുടെ പോരാട്ടം അവസാനിച്ചു (4-3). ലൂയിസ് ഡിയാസ് കൊളംബിയക്കായി ഒരു ഗോൾ കൂടെ നേടിയെങ്കിലും സ്വിസ്സ് ടീമിന്റെ ചരിത്ര വിജയം തടയാൻ അതിനായില്ല. ഫീൽഡിലെ പോരാട്ട വീര്യം ഷൂട്ടൗട്ടിലും ആവർത്തിച്ച സ്വിറ്റ്സർലൻഡ് അർജന്റീനയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ, മികച്ച പ്രകടനം പുറത്തെടുത്തിട്ടും മടങ്ങാനായിരുന്നു കൊളംബിയയുടെ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

