Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വിറ്റ്സർലൻഡ് നോക്കൗട്ടിൽ, തോറ്റിട്ടും ഗോൾ ആനുകൂല്യത്തിൽ കാനഡയും റൗണ്ട് ഓഫ് 32ൽ

text_fields
bookmark_border
ഖത്തറിനെ 1-3ന് വീഴ്ത്തി ബോസ്നിയ
FIFA World Cup
cancel

വാൻകൂവർ: ലോകകപ്പ് ഫുട്ബാളിൽ ഗ്രൂപ്പ് ബിയിൽനിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി സ്വിറ്റ്സർലൻഡും കാനഡയും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ച സ്വിറ്റ്സർലൻഡ് ഏഴ് പോയിേന്റാടെ ഗ്രൂപ്പ് ജേതാക്കളായി. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ തോൽപിച്ച ബോസ്നിയയും (3-1) കാനഡക്കൊപ്പം നാല് പോയന്റ് പങ്കിട്ടെങ്കിലും ഗോൾ ശരാശരിയിൽ കാനഡ മുന്നേറുകയായിരുന്നു. 46ാം മിനിറ്റിൽ റൂബെൻ വർഗാസും 57ാം മിനിറ്റിൽ ജൊഹാൻ മൻസാംബിയുമാണ് സ്വിറ്റ്സർലൻഡിനായി വലകുലുക്കി.

കാനഡക്കായി 76ാം മിനിറ്റിൽ പ്രോമിസ് ഡേവിഡ് ഒരു ഗോൾ മടക്കി. ഈമാസം 28ന് കാലിഫോർണിയയിലെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 32ൽ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരെയാണ് സ്വിറ്റ്സർലൻഡ് നേരിടുക. കാര്യമായ അവസരങ്ങൾ പിറക്കാതെ പോയ ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചത്. ബ്രിൽ എംബോളോയുടെ പെനാൽറ്റി ബോക്സിനുള്ളിൽനിന്നുള്ള ഷോട്ട് കാഡന ഗോൾകീപ്പർ മാക്സിം ക്രെയ്‌പോ തടഞ്ഞിട്ടു. രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റിനുള്ളിൽ തന്നെ സ്വിറ്റ്സർലൻഡ് ലീഡ് നേടി.

മാൻസാംബിയുടെ ക്രോസിൽ നിന്ന് വർഗാസ് പന്ത് വലയിലെത്തിച്ചു. വലതുവിങ്ങിലൂടെയുള്ള ഒരു അതിവേഗ മുന്നേറ്റമാണ് ഗോളിലെത്തിയത്. മൻസാംബി നൽകിയ ക്രോസ് ഗോൾമുഖത്തുണ്ടായിരുന്ന എംബോളോ, വർഗാസിനായി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. പന്ത് പിടിച്ചെടുത്ത് വർഗാസ് തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ഗോളിക്ക് യാതൊരു അവസരവും കൊടുക്കാതെ വലയിൽ. ടൂർണമെന്റിൽ താരത്തിന്‍റെ രണ്ടാം ഗോൾ. പതിനൊന്ന് മിനിറ്റിനുശേഷം, എംബോളോയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ മാൻസാംബിയും വലകുലുക്കി. ഷോട്ട് ക്രെയ്‌പോ തടയാൻ ശ്രമിച്ചിട്ടും വലയിൽ കയറി. സ്കോർ 2-0. കാനഡ കോച്ച് ജെസ്സി മാർഷ് 75-ാം മിനിറ്റിൽ ബുക്കാനനെ പിൻവലിച്ച് പ്രോമിസ് ഡേവിഡിനെ കളത്തിലിറക്കി. കോച്ചിന്‍റെ തീരുമാനം തെറ്റിയില്ല, 76 സെക്കൻഡുകൾക്കുള്ളിൽ പ്രോമിസ് ഡേവിഡ് മികച്ചൊരു മുന്നേറ്റത്തിലൂടെ ഒരു ഗോൾ മടക്കി.

നഥാൻ സാലിബയുടെ ക്രോസാണ് താരം വലയിലേക്ക് തിരിച്ചുവിട്ടത്. പിന്നീടൊരു സമനില ഗോളിനായി കാനഡ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഖത്തറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബോസ്‌നിയ പരാജയപ്പെടുത്തി. കെരിം അലയ്‌ബെഗോവിച്ച്, ഇർമിൻ മഹ്‌മിക് എന്നിവർ ബോസ്‌നിയക്കായി സ്‌കോർ ചെയ്തു. മറ്റൊരു ഗോൾ സുൽത്താൻ അൽ ബ്രേക്കിന്റെ വക സെൽഫ് ഗോളായിരുന്നു. ഹസൻ അൽ ഹൈദോസ് ഖത്തറിനായി ഒരു ഗോൾ മടക്കി.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായാണ് സ്വിറ്റ്‌സർലൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയത്. മൂന്ന് കളികളിൽ നിന്ന് നാല് പോയന്റുമായി കാനഡയും നോക്കൗട്ടിലെത്തി. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ബോസ്‌നിയക്കും നാല് പോയന്റാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസത്തിലെ മുൻതൂക്കം കാനഡക്ക് തുണയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Switzerland beat Canada but both through to World Cup last 32
Next Story