ലുക്കാക്കുവിന്റെ സൂപ്പർ സബ് എൻട്രി; ഈജിപ്തിനെതിരെ ബെൽജിയത്തിന് നാടകീയ രക്ഷപെടൽ
text_fieldsവാഷിങ്ടൺ: ഗ്രൂപ് ജി-യിലെ ആദ്യ മത്സരത്തിൽ തോൽവിക്കരികിൽനിന്ന് ബെൽജിയത്തെ രക്ഷപ്പെടുത്തി വെറ്ററൻ സൂപ്പർ താരം റൊമേലു ലുക്കാക്കു. സിയാറ്റിലിലെ ആവേശകരമായ പോരാട്ടത്തിൽ ഈജിപ്തിനെതിരെ 1-1 എന്ന നിലയിൽ ബെൽജിയം സമനില പിടിച്ചു. ഇമാം അഷൂറിന്റെ തകർപ്പൻ ഗോളിലൂടെ ഏറെ നേരം ഫറോവാസ് ലീഡ് നിലനിർത്തി. 65ാം മിനിറ്റിൽ പകരക്കാരനായെത്തിയയുടൻ ലുക്കാക്കുവിന്റെ തന്ത്രപരമായ ഇടപെടലിൽ പിറന്ന ഗോളാണ് ബെൽജിയത്തെ തുണച്ചത്.
19ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്തുനിന്നും ഇമാ അഷൂർ തൊടുത്തുവിട്ട മിന്നൽപിണർ ഷോട്ട് ബെൽജിയൻ ഗോൾകീപ്പറെ നിഷ്പ്രഭമാക്കി വലയിൽ പതിച്ചപ്പോൾ കാണികൾ അമ്പരന്നു. മുഹമ്മദ് സലാഹിന്റെ നേതൃത്വത്തിൽ ഉമർ മർമൂഷ്, മുസ്തഫ സിക്കോ എന്നിവർ ചേർന്ന് ബെൽജിയൻ പ്രതിരോധത്തെ പലതവണ പരീക്ഷിച്ചു. ലോക ഫുട്ബാളിലെ കരുത്തരായ ബെൽജിയത്തിന് ആദ്യ 45 മിനിറ്റിൽ പന്ത് പാസ് ചെയ്യുന്നതിൽ പോലും താളം കണ്ടെത്താനായില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് പായിക്കാൻ കഴിയാതെ പോയത് അവരുടെ ദയനീയ പ്രകടനത്തിന് തെളിവായി.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകമായ തന്ത്രങ്ങളുമായാണ് ബെൽജിയം ഇറങ്ങിയത്. കെവിൻ ഡി ബ്രുയിൻ എടുത്ത ഒരു കിടിലൻ ഫ്രീ-കിക്ക് ഈജിപ്ഷ്യൻ പോസ്റ്റിൽ തട്ടി മടങ്ങിയത് ദൗർഭാഗ്യമായി. ഒടുവിൽ, പരിശീലകന്റെ നിർണായക തീരുമാനമെന്നോണം ലുക്കാക്കു കളത്തിലിറങ്ങി. ലുക്കാക്കു ഇറങ്ങി സെക്കൻഡുകൾക്കുള്ളിൽ തന്നെ കളി മാറി. തോമസ് മ്യൂനിയർ നൽകിയ താഴ്ന്ന ക്രോസ് ലുക്കാക്കു ഗോൾ പോസ്റ്റിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കവേ, തടുക്കാൻ ശ്രമിച്ച ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ലുക്കാക്കുവിന് വിജയം സമ്മാനിക്കാവുന്ന ഒരു സുവർണാവസരം കൂടി ലഭിച്ചെങ്കിലും, പരിക്കിന്റെ അവശതയിലായിരുന്ന താരം ഹെഡ്ഡറിലൂടെ അത് പാഴാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

