പ്രീക്വാർട്ടർ സ്വപ്നവുമായി സ്പെയിൻ ഇന്ന് ഓസ്ട്രിയയ്ക്കെതിരെ
text_fieldsലോസ് ആഞ്ചലസ്: ലോകകപ്പിൽ പ്രീക്വാർട്ടർ തേടി ഇന്ന് സ്പെയിൻ-ഓസ്ട്രിയ പോരാട്ടം. ഇന്ത്യൻ സമയം വ്യാഴാഴ്ച അർധരാത്രി 12.30ന് തുടങ്ങുന്ന മത്സരം സ്പെയിനിന്റെ കിരീടയാത്രയുടെ ഭാഗധേയം നിർണയിക്കും. 1954ൽ മൂന്നാംസ്ഥാനം നേടി ചരിത്രം കുറിച്ച ഓസ്ട്രിയ ശേഷം ഗ്രൂപ് റൗണ്ട് കടക്കുന്നതുപോലും ആദ്യമാണ്. തുല്യശക്തികളുടെ പോരെന്ന് പറയാനാവില്ലെങ്കിലും ഓസ്ട്രിയൻ ബോയ്സിന്റെ കരുത്ത് സ്പാനിഷ് ചെമ്പടക്ക് ബോധ്യമുണ്ട്.
ഇക്കുറി ക്ലീൻ ഷീറ്റോടെയാണ് സ്പെയിൻ റൗണ്ട് ഓഫ് 32ൽ കടന്നിരിക്കുന്നത്. ആദ്യ കളിയിൽ കേപ് വെർഡെയോട് ഗോൾരഹിത സമനില വഴങ്ങിയെങ്കിലും തുടർന്ന് സൗദി അറേബ്യയെ 4-0ത്തിനും ഉറുഗ്വായിയെ 1-0ത്തിനും തോൽപിച്ച് ഗ്രൂപ് ജേതാക്കളായി. കൗമാര താരം ലമീൻ യമാലും മൈക്കൽ ഒയാർസബാലും മുന്നേറ്റത്തിലുള്ളത് ലാ റോജയുടെ ആക്രമണവീര്യം കൂട്ടുന്നു. സ്പെയിൻ നേടിയ അഞ്ചിൽ മൂന്ന് ഗോളിലും ഒയാർസബാൽ സ്പർശമുണ്ട്. കേപ് വെർഡെക്കെതിരെ 19ഉം സൗദിക്കെതിരെ 45ഉം ഉറുഗ്വായിക്കെതിരെ 76ഉം മിനിറ്റാണ് യമാൽ കളിച്ചത്. ഒരു ഗോളും നേടി. റോഡ്രിയും പെഡ്രിയും ഫാബിയാൻ റൂയിസുമടങ്ങുന്ന ഒന്നാന്തരം മധ്യനിരയും സ്പെയിനിന് കരുത്താണ്. ജോർഡനെ 3-1ന് തോൽപിച്ച് തുടങ്ങിയ ഓസ്ട്രിയ 0-2ന് അർജന്റീനയോട് മുട്ടുമടക്കുകയും അൽജീരിയയോട് 3-3ന്റെ സമനിലയിലാവുകയും ചെയ്തു. അടിച്ചത്രയും ഗോളുകൾ വഴങ്ങിയുമാണ് വരവ്. വെറ്ററൻ താരങ്ങളായ മാർസൽ സാബിറ്റൈസറിലും മാർകോ അർനാറ്റോവിച്ചിലും ചുറ്റിപ്പറ്റിയാണ് ഇവരുടെ പ്രതീക്ഷകൾ.
കാൽനൂറ്റാണ്ടിനിടെ മൂന്നുതവണ മാത്രമാണ് സ്പെയിനും ഓസ്ട്രിയയും മുഖാമുഖം വന്നത്. രണ്ടെണ്ണത്തിലും സ്പെയിൻ ജയിച്ചപ്പോൾ ഒന്ന് സമനിലയിലായി. ഏറ്റവും ഒടുവിൽ നടന്ന 2009ലെ മത്സരത്തിൽ 5-1നായിരുന്നു ചെമ്പടയുടെ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

