ലോകകപ്പിന് ഒരുങ്ങി കിരീട ഫേവറിറ്റായ സ്പെയിൻ
text_fieldsപരിചയ സമ്പത്തിനൊപ്പം ഇളമുറക്കരുത്തിൽ കൂടി വിശ്വാസമർപ്പിക്കുന്നുവെങ്കിൽ അത്ഭുതങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുവെന്ന് സോക്കർ ലോകത്തെ പഠിപ്പിച്ചവരാണ് സ്പാനിഷ് അർമഡ. 16കാരൻ പയ്യൻ ലമീൻ യമാലിനെയും വയസ്സേറെ ചെന്നിട്ടില്ലാത്ത നികൊ വില്യംസിനെയും ഡാനി ഒൽമോയെയും കൂട്ടി രണ്ടു വർഷം മുമ്പ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ മുത്തമിടുമ്പോൾ ടീം തുറന്നിട്ടത് സ്വപ്നങ്ങൾ വിളയുന്ന ആലീസിന്റെ അത്ഭുത ലോകമായിരുന്നു. നിലവിൽ യൂറോപ്പിൽനിന്ന് ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിലൊന്നാണിപ്പോൾ സ്പെയിൻ. വാതുവെപ്പുകാരുടെ ഇഷ്ട ടീം. നേഷൻസ് ലീഗ് ഫൈനലിൽ ഷൂട്ടൗട്ടിൽ വീണതൊഴിച്ചാൽ 2023 മാർച്ചിനു ശേഷം ഒരു കളിയും തോറ്റിട്ടില്ല. 2024ൽ ഒളിമ്പിക് സ്വർണത്തിനൊപ്പം യൂറോ കപ്പും സ്വന്തമാക്കിയവർ. വ്യക്തികളിലേറെ ടീം ഗെയിമിന്റെ മുഗ്ധ സുരഭില മുഹൂർത്തങ്ങളുമായി സോക്കർ ലോകത്ത് സ്ഥിരസാന്നിധ്യമായവർക്ക് പക്ഷേ, ഇപ്പോൾ ബൂട്ടുകെട്ടി താരരാജാക്കന്മാരുമേറെയാണെന്ന സവിശേഷതയുണ്ട്. വൻകിട ക്ലബുകൾ പൊന്നുംവിലയിട്ട ഇളംകാലുകളിൽ വിരിയുന്ന മാസ്മരിക ടച്ചുകൾക്ക് ഇമവെട്ടാതെ കണ്ണുകൂർപ്പിച്ചിരിക്കുകയാണ് ആരാധകലോകം.
താര സമ്പന്നം
റയൽ മഡ്രിഡ് ക്യാപ്റ്റൻ ഡാനി കർവായലിനെ മാറ്റിനിർത്തി കോച്ച് പ്രഖ്യാപിച്ച താൽക്കാലിക ഇലവനിലെ ഓരോ പേരും സുവർണനാമങ്ങളാണ്. മുൻനിരയിൽ ലമീൻ യമാലിനൊപ്പം ഫെറാൻ ടോറസ്, നികൊ വില്യംസ്, യെറമി പിനോ, മൈകൽ യോറെഗിസാർ, ബ്രയാൻ സരഗോസ എന്നിവരാണെങ്കിൽ മധ്യനിരയിൽ ഫെർമിൻ ലോപസ്, ഡാനി ഒൽമോ, മൈകൽ മെറിനോ, ഫാബിയൻ റൂയിസ്, പെഡ്രി, മാർട്ടിൻ സുബിമെൻഡി, റോഡ്രി, അലക്സ് ഗാർസിയ, യാവി എന്നിങ്ങനെ പോകും പട്ടിക. ഗോൾവല കാത്ത് ഉനയ് സിമോൺ, ഡേവിഡ് റായ എന്നിവരും കൂടെ യുവാൻ ഗാർസിയ, അലക്സ് റെമിറോ എന്നിവരുമുണ്ട്. ഏറ്റവും കരുത്തുവേണ്ട പ്രതിരോധത്തിൽ ഡാനി കർവാഹാൽ, മാർക് കുകുറേല, അലിയാന്ദ്രോ ഗ്രിമാൽഡോ, പോ കുബാർസി, ഡീൻ ഹൂജ്സെൻ, ഐമറിക് ലപോർട്ടെ, എറിക് ഗാർസിയ തുടങ്ങിയവരുണ്ട്.
പരിക്ക് ടീമിനെ വലിയ വെല്ലുവിളിയായി തുറിച്ചുനോക്കുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും തളരാൻ പോകുന്നവരല്ല സ്പാനിഷ് സംഘം. കാലിലെ അതിവേഗവും കണ്ണഞ്ചും ഡ്രിബ്ളിങ്ങുമായി ബാഴ്സയിൽ കോച്ച് ഹാൻസി ഫ്ലിക്കിന്റെ കനവുകൾക്ക് നിറംനൽകുന്ന 18കാരൻ യമാലും സംഘവും ഒരു മാസത്തിനിടെ കൂടുതൽ കരുത്തുറപ്പിക്കാനുള്ള തിടുക്കത്തിലാണ്. താരമുൾപ്പെടെ, കളിയേറെ ബാക്കി നിൽക്കെ ലാ ലിഗ ചാമ്പ്യൻപട്ടം ഉറപ്പിച്ച ബാഴ്സ നിരയിലെ ഒമ്പതു പേരാണ് 55 അംഗ സാധ്യത ടീമിൽ ഇടംനേടിയിരിക്കുന്നത്. ഇവരിൽ ഡാനി ഒൽമോ, ഫെറാൻ ടോറസ്, പെഡ്രി, യമാൽ, കുബാർസി, ഫെർമിൻ ലോപസ് എന്നിവരെല്ലാം ടീമിലുണ്ടാകുമെന്ന് ഏകദേശം ഉറപ്പ്. അവർക്കൊപ്പം അതേ ജഴ്സിയിൽ കളിക്കുന്ന ഗാവിയും എറിക് ഗാർസിയയും ചേർന്നാൽ, ബാഴ്സയെന്ന പോലെ സ്പെയിനും സെറ്റ്.
രണ്ടുവർഷം മുമ്പ് ടീം യൂറോ ചാമ്പ്യൻഷിപ്പിൽ മുത്തമിടുമ്പോൾ യൂറോപ്യൻ ചാമ്പ്യൻഷിപ് നാലുവട്ടം മാറോടുചേർക്കുന്ന ആദ്യ ടീമാവുകയായിരുന്നു സ്പെയിൻ. വമ്പന്മാർ പലരെയും കണ്ട് വാതുവെപ്പുകാർ കളി തുടങ്ങുംമുമ്പ് ആദ്യനാലിൽ പോലും ഇടം നൽകാൻ മടിച്ചവരാണ് ഒറ്റക്കളിപോലും തോൽക്കാതെ കിരീടവുമായി മഡ്രിഡിലേക്ക് വിമാനം കയറിയത്. അന്ന് അത്ഭുതങ്ങൾ വിരിയിച്ച കോച്ച് ലൂയിസ് ഡി ലാ ഫുവന്റെ ഇപ്പോഴും ഫേവറിറ്റ് കോച്ചുമാരുടെ പട്ടികയിൽ ഉണ്ടാവില്ല. ആദ്യം അണ്ടർ-19 ടീമിനെയും പിന്നീട് അണ്ടർ-21 ടീമിനെയും യൂറോപ്യൻ ചാമ്പ്യന്മാരാക്കി നയം വ്യക്തമാക്കിയായിരുന്നു ഫുവന്റെ 2022ൽ സ്പാനിഷ് സീനിയർ ടീമിന്റെ പരിശീലകക്കുപ്പായമണിയുന്നത്. പിന്നീടുണ്ടായതത്രയും ചരിത്രം.
വിങ്ങുകൾ ഭരിച്ചുള്ള ടീമിന്റെ മുന്നേറ്റങ്ങളാണ് ഫുവന്റെയുടെയും സ്പെയിനിന്റെയും മികവ്. 2024ൽ ടീം യൂറോ ചാമ്പ്യന്മാരാകുമ്പോൾ ആദ്യ ഇലവനിൽ കഴിഞ്ഞ വർഷത്തെ ബാലൻ ദി ഓർ 30 അംഗ പ്രാഥമിക പട്ടികയിലെ ഒരാൾ പോലും ഉണ്ടായിരുന്നില്ലെന്ന് ഓർക്കണം. ബാഴ്സയും റയൽ മഡ്രിഡും ഇരുവശങ്ങളിലുമായി ഉണ്ടായിട്ടും ഏറ്റവും കൂടുതൽ പേർ ബൂട്ടുകെട്ടിയിരുന്നത് റയൽ സോസീദാദിൽ നിന്നായിരുന്നു. ഫൈനലിലിറങ്ങിയ ടീമിൽ ബാഴ്സക്കാരായി യമാലും റയലിൽനിന്ന് കർവഹാലും മാത്രമാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. ഇന്നിപ്പോൾ കഥയാകെ മാറി. അതിസമ്പന്നമാണ് ടീമിന്റെ നിര. ബാഴ്സ തന്നെ ടീമിന്റെ ഒന്നാം തൂൺ.
ശാപം തീർക്കുമോ ?
2010ൽ ചാമ്പ്യൻ പട്ടം പിടിച്ച ശേഷം പ്രീക്വാർട്ടർ കടക്കാനായില്ലെന്ന ശാപം തീർക്കുക മാത്രമല്ല, ശരിക്കും ചാമ്പ്യന്മാർ തങ്ങൾ തന്നെയെന്ന് തെളിയിക്കുക കൂടിയാണ് ടീമിന്റെ ലക്ഷ്യം. ബൾഗേറിയ, തുർക്കിയ, ജോർജിയ എന്നിവർ മാറ്റുരച്ച യോഗ്യത ഘട്ടത്തിൽ ഒറ്റക്കളിപോലും തോൽക്കാതെ ഗ്രൂപ് ചാമ്പ്യന്മാരായിട്ടാണ് ടീം യോഗ്യത ഉറപ്പിച്ചത്.
ആഫ്രിക്കയിൽനിന്നുള്ള ഇത്തിരിക്കുഞ്ഞന്മാരായ കേപ് വെർഡെ, കഴിഞ്ഞ ലോകകപ്പിൽ അർജന്റീന നേരിട്ട ഏക പരാജയത്തിന്റെ റെക്കോഡുള്ള സൗദി അറേബ്യ, ലാറ്റിൻ അമേരിക്കൻ കരുത്തരായ ഉറുഗ്വായ് എന്നിവരടങ്ങിയതാണ് ഗ്രൂപ് ഘട്ടം. കേപ് വെർഡെക്കെതിരെ ജൂൺ 15നാണ് ടീമിന്റെ ആദ്യ മത്സരം. 21ന് സൗദി അറേബ്യക്കെതിരെയും 27ന് ഉറുഗ്വായ്ക്കതിരെയും കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

