ലോകകപ്പ് സമ്മാനതുകയുടെ 30% അമേരിക്കക്ക് കൊടുക്കണം; സ്പെയിനിന് തിരിച്ചടി
text_fieldsവാഷിങ്ടൺ: ലോകകപ്പ് ഫുട്ബാളിൽ ചാമ്പ്യന്മാരായി സ്പെയിൻ ടീം മാഡ്രിഡിൽ തിരിച്ചെത്തിയെങ്കിലും, വിജയികൾക്ക് ഫിഫ പ്രഖ്യാപിച്ച കൂറ്റൻ സമ്മാനത്തുകയിൽ വലിയൊരു പങ്ക് വൻതോതിലുള്ള നികുതിയായി നഷ്ടപ്പെട്ടേക്കാം. ചാമ്പ്യന്മാർക്കുള്ള 50 ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 5 കോടി ഡോളർ) സമ്മാനത്തുകയിൽ നിന്നാണ് അമേരിക്കൻ ആഭ്യന്തര നികുതി വകുപ്പ് (IRS) വലിയൊരു തുക പിടിച്ചെടുക്കാൻ ഒരുങ്ങുന്നത്.
കായിക മത്സരങ്ങളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും യു.എസിൽ നിന്ന് വരുമാനം നേടുന്ന വിദേശ കായിക താരങ്ങൾക്കും സ്പോർട്സ് ബോഡികൾക്കും അമേരിക്കൻ നികുതി നിയമങ്ങൾ ബാധകമാണ്. ഫോക്സ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, സ്പെയിനും അമേരിക്കയും തമ്മിലുള്ള നികുതി കരാർ പ്രകാരം ഇളവുകളോ കുറവുകളോ ലഭിച്ചില്ലെങ്കിൽ, സ്പെയിനിന്റെ സമ്മാനത്തുകയുടെ 30 ശതമാനം വരെ ഫെഡറൽ വിത്ഹോൾഡിങ് ടാക്സായി അമേരിക്കക്ക് നൽകേണ്ടി വരും.
ടൂർണമെന്റിലെ സമ്മാനത്തുക എങ്ങനെ കണക്കാക്കുന്നു, മൂന്ന് ആതിഥേയ രാജ്യങ്ങളിലായി (യു.എസ്, കാനഡ, മെക്സിക്കോ) എത്ര മത്സരങ്ങൾ വീതം കളിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ നികുതി തുക നിശ്ചയിക്കുന്നത്. ഒരു ടീം ഓരോ രാജ്യത്തും കളിച്ച മത്സരങ്ങളുടെ എണ്ണത്തിന് ആനുപാതികമായി വേണം സമ്മാനത്തുക വിഭജിക്കാൻ എന്ന് ആതിഥേയ രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്.
ലോകകപ്പിൽ പങ്കെടുത്ത 48 രാജ്യങ്ങളിൽ 18 എണ്ണത്തിന് മാത്രമാണ് അമേരിക്കയുമായി ഇരട്ട നികുതി ഒഴിവാക്കൽ കരാറുകൾ ഉള്ളത്. സ്പെയിൻ ഈ 18 രാജ്യങ്ങളുടെ പട്ടികയിലുണ്ട്. ഇത്തരത്തിലുള്ള കരാറുകൾ ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്മേൽ ചില ഫെഡറൽ നികുതികളിൽ നിന്ന് ഇളവ് നൽകാൻ ദേശീയ ഫുട്ബാൾ അസോസിയേഷനുകളെയും അവരുടെ ഔദ്യോഗിക പ്രതിനിധികളെയും സഹായിക്കും. സ്പെയിനിന് പുറമെ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ പ്രധാന യൂറോപ്യൻ രാജ്യങ്ങൾക്കും, ആതിഥേയരായ കാനഡ, മെക്സിക്കോ എന്നിവർക്കും ആസ്ട്രേലിയ, ഈജിപ്ത്, മൊറോക്കോ, സൗത്ത് ആഫ്രിക്ക തുടങ്ങിയ യൂറോപ്പിന് വെളിയിലുള്ള രാജ്യങ്ങൾക്കും അമേരിക്കയുമായി ഇത്തരം കരാറുകളുണ്ട്.
എന്നാൽ ടൂർണമെന്റിൽ പങ്കെടുത്ത പകുതിയിലധികം രാജ്യങ്ങൾക്കും അമേരിക്കയുമായി ഇത്തരം നികുതി കരാറുകളില്ല. ബ്രസീൽ, അർജന്റീന, ജപ്പാൻ, ദക്ഷിണ കൊറിയ, സെനഗൽ, നൈജീരിയ, ഹെയ്തി, കുറസാവോ, കേപ്പ് വെർഡെ തുടങ്ങിയ രാജ്യങ്ങളാണ് ഇതോടെ ഉയർന്ന നികുതി ഭീഷണി നേരിടുന്നത്. സ്വന്തം രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ഇവർക്ക് വീണ്ടും അവിടെയും നികുതി നൽകേണ്ടി വന്നേക്കാം. ഈ വ്യത്യാസം ചെറിയ ഫുട്ബാൾ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് പ്രമുഖ ടാക്സ് കൺസൾട്ടന്റായ ഓറിയാന മോറിസൺ പറഞ്ഞു.
ഇംഗ്ലണ്ട്, സ്പെയിൻ തുടങ്ങിയ അമേരിക്കയുമായി കൃത്യമായ നികുതി കരാറുകളുള്ള ശക്തമായ സാമ്പത്തിക അടിത്തറയുള്ള രാജ്യങ്ങൾക്ക് ഇതിലൂടെ ഭാരിച്ച ചിലവുകൾ ഒഴിവാക്കാനാകും. എന്നാൽ കുറസാവോ, ഹെയ്തി തുടങ്ങിയ ചെറിയ ഫുട്ബാൾ രാജ്യങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുക.
ഒരു ഫുട്ബാൾ അസോസിയേഷന് ലഭിക്കുന്ന നികുതി ഇളവുകൾ അവരുടെ കളിക്കാർക്ക് വ്യക്തിഗത വരുമാനത്തിൽ ലഭിക്കണമെന്നില്ല. അമേരിക്കയിൽ കളിച്ച മത്സരങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ബോണസുകൾ, അപ്പിയറൻസ് ഫീകൾ, പരസ്യ വരുമാനങ്ങൾ, മറ്റ് പ്രതിഫലങ്ങൾ എന്നിവക്ക് കളിക്കാർ അമേരിക്കയിൽ വേറെ തന്നെ നികുതി നൽകേണ്ടി വരും. ഓരോ രാജ്യത്തെയും കരാറുകളുടെ വ്യവസ്ഥകൾ അനുസരിച്ച് കോച്ചുകൾക്കും സപ്പോർട്ടിങ് സ്റ്റാഫുകൾക്കും ഇതിൽ വ്യത്യാസമുണ്ടാകും.
ഗ്രൗണ്ടിലെ മികച്ച പ്രകടനത്തിലൂടെ 50 ദശലക്ഷം ഡോളർ സ്വന്തമാക്കി സ്പെയിൻ ഏറ്റവും വലിയ വിജയികളായെങ്കിലും, നികുതി കരാറുകളും വിഭജന രീതികളും സ്റ്റേറ്റ് നികുതികളും കണക്കുകൂട്ടി കഴിയുമ്പോൾ മാത്രമേ ചാമ്പ്യന്മാർക്ക് കൈയിൽ കിട്ടുന്ന അന്തിമ തുക എത്രയാണെന്ന് വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

