Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയിക്കണം സ്പെയിനിന്; ആദ്യ ജയം തേടി സ്പാനിഷ് പട ഇന്ന് സൗദി അറേബ്യക്കെതിരെ

text_fields
bookmark_border
ജയിക്കണം സ്പെയിനിന്; ആദ്യ ജയം തേടി സ്പാനിഷ് പട ഇന്ന് സൗദി അറേബ്യക്കെതിരെ
cancel

അറ്റ്ലാന്റ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ ആദ്യ വിജയമെന്ന ലക്ഷ്യവുമായി മുൻ ചാമ്പ്യന്മാരും നിലവിലെ യൂറോ കപ്പ് ജേതാക്കളുമായ സ്പെയിൻ ഇന്ന് സൗദി അറേബ്യയെ നേരിടും. ആദ്യ മത്സരത്തിൽ കന്നിക്കാരായ കേപ് വെർഡെയോട് ഗോൾരഹിത സമനില വഴങ്ങിയതിന്‍റെ ക്ഷീണത്തിലാണ് സ്പാനിഷ് സംഘം കളത്തിലിറങ്ങുന്നത്. എന്നാൽ മറുഭാഗത്ത്, കരുത്തരായ ഉറുഗ്വായെ സമനിലയിൽ തളച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് സൗദി അറേബ്യ. ഗ്രൂപ്പിലെ നാല് ടീമുകൾക്കും നിലവിൽ ഓരോ പോയിന്‍റ് വീതമാണുള്ളത് എന്നതിനാൽ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും അതീവ നിർണായകമാണ്. അറ്റ്ലാന്റ‍യിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം.

കേപ് വെർഡെക്കെതിരായ ആദ്യ മത്സരത്തിൽ പന്തിൻ്റെ നിയന്ത്രണം പൂർണമായും സ്പെയിനിനായിരുന്നു. 27 ഷോട്ടുകളാണ് അവർ ഉതിർത്തത്, എന്നാൽ ഫിനിഷിങ്ങിലെ കൃത്യതയില്ലായ്മ സ്പെയിനിന് തിരിച്ചടിയായി. ടീം കൂടുതൽ മികച്ച രീതിയിൽ അവസരങ്ങൾ മുതലാക്കേണ്ടതുണ്ടെന്ന് സ്പാനിഷ് ഗോൾകീപ്പർ ഡേവിഡ് രായ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായി വരുന്ന യുവതാരം ലമിൻ യമാൽ ഇന്ന് ആദ്യ ഇലവനിൽ തന്നെ ഇറങ്ങാൻ സാധ്യതയേറെയാണ്. ആദ്യ കളിയിൽ അവസാന 20 മിനിറ്റ് മാത്രമാണ് താരം കളിച്ചത്. ക്യാപ്റ്റൻ റോഡ്രി നയിക്കുന്ന മിഡ്‌ഫീൽഡിൽ പെഡ്രിയും ഫാബിയൻ റൂയിസും മികച്ച ഫോമിലാണ്. മൈക്കൽ ഒയാസർബൽ, നിക്കോ വില്യംസ് എന്നിവരും സ്പാനിഷ് ആക്രമണ നിരയിൽ കരുത്തേകും.

ആദ്യ കളിയിൽ കരുത്തരായ ഉറുഗ്വായെ 1-1 ന് സമനിലയിൽ പിടിച്ചുകെട്ടിയതിൻ്റെ ആവേശത്തിലാണ് ജോർജിയോസ് ഡോണിസ് പരിശീലിപ്പിക്കുന്ന സൗദി ടീം. അച്ചടക്കമുള്ള പ്രതിരോധവും മിന്നലാക്രമണങ്ങളുമാകും സ്പെയിനിനെതിരെയും സൗദി പയറ്റുക. ഉറുഗ്വായ്ക്കെതിരെ 9 സേവുകൾ നടത്തി മികച്ച പ്രകടനം പുറത്തെടുത്ത ഗോൾകീപ്പർ മുഹമ്മദ് അൽ-ഒവൈസും, ഗോൾ നേടിയ അബ്ദുല്ല അൽ-അംരിയും സൗദിയുടെ പ്രതീക്ഷകളാണ്. ക്യാപ്റ്റൻ സലിം അൽ ദൗസരി നയിക്കുന്ന സൗദി മുന്നേറ്റ നിരയിൽ ഫിറാസ് അൽ ബുറെയ്ഖാൻ, മുഹമ്മദ് കാന്നോ എന്നീ പരിചയസമ്പന്നരായ താരങ്ങളും അണിനിരക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Spain Eyes First Win Against Confident Saudi Arabia in FIFA World Cup Group H Clash.
Next Story