ഫിഫ റാങ്കിങ്; അർജന്റീനയെയും ഫ്രാൻസിനെയും താഴെയിറക്കി സ്‌പെയിൻ ഒന്നാമത്
text_fieldsഡാളസ്: ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തതിന് പിന്നാലെ ഫിഫ ലൈവ് റാങ്കിങ്ങിലും ഒന്നാം സ്ഥാനം പിടിച്ചെടുത്ത് സ്പെയിൻ. നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്പാനിഷ് പട തലപ്പത്തേക്ക് കുതിച്ചത്.
ഫ്രാൻസിനെതിരായ മികച്ച വിജയത്തോടെ 30.82 പോയിന്റുകളാണ് സ്പെയിൻ പുതുതായി സ്വന്തമാക്കിയത്. ഇതോടെ മൊത്തം 1965.61 പോയിന്റുമായി സ്പെയിൻ റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമതെത്തി. സ്പെയിനിനോട് സെമിയിൽ പരാജയപ്പെട്ടെങ്കിലും റാങ്കിങ്ങിൽ ഒരു സ്ഥാനം മുന്നോട്ടുകയറാൻ ഫ്രാൻസിന് സാധിച്ചു. 1948.97 പോയിന്റുമായി ഫ്രാൻസാണ് ഇപ്പോൾ പട്ടികയിൽ രണ്ടാമത്.
ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലയണൽ മെസ്സിയുടെ അർജന്റീന രണ്ട് സ്ഥാനങ്ങൾ പിന്നോട്ടിറങ്ങി മൂന്നാമതായി എന്നതാണ് റാങ്കിങ്ങിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. 1943.47 പോയിന്റാണ് അർജന്റീനക്ക് നിലവിലുള്ളത്. അതേസമയം, 1889.42 പോയിന്റുമായി ഇംഗ്ലണ്ട് റാങ്കിങ്ങിൽ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
ജൂലൈ 16ന് നടക്കുന്ന ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടും അർജന്റീനയുമാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിന്റെ ഫലം പുറത്തുവരുന്നതോടെ വരും ദിവസങ്ങളിൽ ഫിഫ റാങ്കിങ്ങിൽ വീണ്ടും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. അർജന്റീനക്ക് റാങ്കിങ്ങിൽ മുന്നേറണമെങ്കിൽ വരാനിരിക്കുന്ന പോരാട്ടം നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

