Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightചുവപ്പൻ വസന്തം!...

ചുവപ്പൻ വസന്തം! സ്പെയിൻ ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം

text_fields
bookmark_border
ചുവപ്പൻ വസന്തം! സ്പെയിൻ ലോക ചാമ്പ്യന്മാർ; മെസ്സിക്ക് കണ്ണീർ മടക്കം
cancel

ന്യൂയോർക്ക്: സ്പെയിൻ തങ്ങളുടെ സുന്ദരമായ കളിശൈലികൊണ്ട് ലോകം കീഴടക്കി. നിലവിലെ ചാമ്പ്യന്മാരെന്ന പകിട്ടുമായെത്തിയ അർജന്റീനയെ പെനാൽറ്റി ബോക്സിനു ചുറ്റും വരിഞ്ഞുകെട്ടി ലോകകിരീടത്തിൽ സ്പാനിഷ് മുത്തം.

അധിക സമയത്തിന്‍റെ 106ാം മിനിറ്റിൽ പകരക്കാരൻ ഫെറാൻ ടോറസാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. വലതു വിങ്ങിൽനിന്ന് ബാക് പോസ്റ്റിലേക്ക് ഉയർത്തി നൽകിയ ക്രോസ് നികോ വില്യംസ് ഹെഡ്ഡ് ചെയ്ത് ടോറസിനു മുന്നിലേക്കിട്ടു കൊടുത്തു. ഒട്ടും താമസിയാതെ ടോറസിന്‍റെ ഒരു കിടിലൻ ഷോട്ട് വലയിൽ. നിശ്ചിമ സമയത്ത് ഇരുടീമുകൾക്കും വലകുലുക്കാനായില്ല. ഇൻജുറി ടൈമിൽ അർജന്‍റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയത് ടീമിന് തിരിച്ചടിയായി. സ്പെയിൻ പ്രതിരോധ താരം കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞ കാർഡ് വാങ്ങിയാണ് എൻസോ പുറത്തായത്.

മത്സരത്തിലുടനീളം സ്പെയിൻ നിറഞ്ഞു കളിച്ചെങ്കിലും ഗോളിനായി 106 മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു. സ്പെയിൻ ഗോളിലേക്ക് 20 ഷോട്ടുകൾ തൊടുത്തപ്പോൾ, അർജന്‍റീനയുടെ കണക്കിൽ രണ്ടെണ്ണം മാത്രം. എന്നാൽ, ഓൺ ടാർഗറ്റിൽ ഒന്നുപോലുമില്ല. ഫുൾടൈമിൽ തന്നെ ആധികാരികമായി എത്തേണ്ട സ്പാനിഷ് വിജയം അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ അസാധ്യ പ്രകടനം കൊണ്ടു മാത്രമാണ് അധികസമയം വരെ വൈകിയത്. ലമിൻ യമാലും ഒൽമോയും ഒയർസബാലും തൊടുത്തുവിട്ട വെടിയുണ്ടകളെ തടഞ്ഞിട്ട എമിലിയാനോ 11 സേവുകൾ മാത്രം നടത്തി അർജന്റീനക്ക് രക്ഷയൊരുക്കി.

മെസ്സി, അൽവാരസ്, മക് അലിസ്റ്റർ എന്നിവരുടെ മധ്യനിരയെ പൂട്ടികെട്ടിയായിരുന്നു റോഡ്രിയും യമാലും ചേർന്ന് കളി തട്ടിയെടുത്തത്. സ്പാനിഷ് പ്രതിരോധത്തിൽ കുബാർസിയും കുകുറെയയും അത്യധ്വാനം ചെയ്ത് കളിച്ചു.

ഇരമ്പിയാർത്ത് സ്പെയിൻ

സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയ ടീമിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ലയണൽ സ്കലോണി ടീമിനെ ഇറക്കിയത്. മൊളിന, സിമിയോണി, പരെഡെസ് എന്നിവർക്കു പകരം മോണ്ടിയേൽ, റോഡ്രിഗോ ഡി പോൾ, നികോ ഗോൺസാലസ് എന്നിവർ െപ്ലയിങ് ഇലവനിൽ ഇടം നേടി. അതേസമയം, ഫ്രാൻസിന്റെ കുതിപ്പിന് കൂച്ചുവിലങ്ങിട്ട അതേ സംഘവുമായാണ് സ്പെയിൻ കിരീടപ്പോരാട്ടത്തിനെത്തിയത്.

പന്തുരുണ്ട് തുടങ്ങി ആദ്യ മിനിറ്റ് മുതൽ സ്പെയിനിന്റെ ബൂട്ടിലായിരുന്നു ആക്രമണം. കൂടിളകിയ കടന്നൽ കണക്കേ ലമിൻ യമാലും മികെൽ ഒയർസബാലും അലക്സ് ബയേനയും ഡാനി ഒൽമോയുമെല്ലാം ചേർന്ന് അർജന്റീന ഗോൾമുഖത്തേക്ക് ഇരമ്പിയാർത്ത നിമിഷങ്ങൾ. അഞ്ചാം മിനിറ്റിൽ ഡാനി ഒൽമോയും, തൊട്ടു പിന്നാലെ ലമിൻ യമാലും എമിലിയാനോ മാർട്ടിനസിനെ പരീക്ഷിച്ചുകൊണ്ട് പന്തുമായി കുതിച്ചു കയറി. എന്നാൽ, ഗോളി എമിയുടെ ജാഗ്രതയിൽ ആദ്യ മിനിറ്റുകളിലെ അപകടത്തിൽ നിന്നും അർജന്റീന സുരക്ഷിതമായി.

കാളക്കൂറ്റന്റെ കരുത്തോടെ വിങ്ങിലൂടെ ഇരച്ചുകയറുന്ന യമാലിനെ ടഗ്ലിയാഫികോയും ഗോൺസാലസും ചേർന്ന് പാടുപെട്ടാണ് പിടിച്ചുകെട്ടിയത്. മറു വിങ്ങിൽ ബയേന, കുകുറെയ, ഫാബിയാൻ റൂയിസ് എന്നിവർ അപകടം വിതച്ചപ്പോൾ ക്രിസ്റ്റ്യൻ റൊമീറോക്കും മോണ്ടിയേലിനും പിടിപ്പതുപണിയായി.

അതേമസയം, മധ്യനിരയിൽ റോഡ്രിയും റൂയിസും ചേർന്നുള്ള കത്രികപൂട്ടിലായിരുന്നു മെസ്സി. പന്തുമായി മധ്യനിര കടക്കാൻ അർജന്റീന പാടുപെട്ടപ്പോൾ ഒന്നാം പകുതിയിൽ വിരലിലെണ്ണാവുന്ന മുന്നേറ്റങ്ങളെ മെസ്സി-എൻസോ കൂട്ടിന് സൃഷ്ടിക്കാനായുള്ളൂ. സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോൺ തീരെ പരീക്ഷിക്കപ്പെട്ടുമില്ല. ഇതിനിടെ, പ്രതിരോധത്തിലെ വന്മതിൽ ലിസാൻഡ്രോ മാർട്ടിനസ് പരിക്കേറ്റ് പുറത്തായപ്പോൾ നികോളസ് ഒടമെൻഡിയെ കളത്തിലെത്തിച്ചു.

രണ്ടാം ഭാഗം; നാടകീയം

നാടകീയതകളുമായാണ് രണ്ടാം പകുതി കാത്തു നിന്നത്. തുടരൻ സബ്സ്റ്റിറ്റ്യൂഷനുമായി അർജന്റീന കോച്ച് ലയണൽ സ്കലോണി പരീക്ഷണം നടത്തിയെങ്കിലും സ്പെയിൻ വരച്ച വരയിൽ തന്നെയായിരുന്നു കളി. നികോ ഗോൺസാലസ്, മോണ്ടിയേൽ എന്നിവരെ വലിച്ച് പരെഡെസിനെയും, മൊളിനയെയും തുടക്കത്തിലെ കളത്തിലെത്തിച്ചു. എന്നാൽ, മൈതാനത്തെത്തി ആറാം മിനിറ്റിൽ പരെഡെസ് മഞ്ഞകാർഡുമായി സമ്മർദത്തിലായി. മധ്യനിരയുടെ കടമ്പ മറികടക്കാനുള്ള കോച്ചിന്റെ ശ്രമങ്ങളും വിജയം കണ്ടില്ല. മെസ്സിയെ റോഡ്രി ലോക്കിൽ പൂട്ടിയ സ്പെയിൻ തന്നെ പന്തിൽ ആധിപത്യുമുറപ്പിച്ചു.

പിന്നാലെ, ഇരുനിരയിലും സബ്സ്റ്റിറ്റ്യുഷനുകൾ. ഒയർസബാളിനെയും റൂയിസിനെയും വലിച്ച് സ്പെയിൻ ടോറസിനെയും പെഡ്രിയെയും എത്തിച്ചു. അർജന്റീന നിരയിൽ ഡിപോൾ, റൊമീറോയെയും വലിച്ച് ഫകുൻഡോ മെഡിന, സിമിയോണി എന്നിവരെയെത്തിച്ച് അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ പൂർത്തിയാക്കി. പിന്നാലെ, നികോ വില്ല്യംസ്, മെറീനോ എന്നിവർ സ്പാനിഷ് നിരയിലുമെത്തി. പന്തിൽ നിയന്ത്രണമില്ലാതെ പരുക്കൻ കളിയിലേക്ക് നീങ്ങിയ അർജന്റീനക്ക് ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞകാർഡുമായി എൻസോ ഫെർണാണ്ടസിനെ നഷ്ടമായത് തിരിച്ചടിയായി.

ഹാഫ് ടൈം കളർഫുൾ

ന്യൂയോർക്: ഫിഫ ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിലാദ്യമായി നടന്ന ഹാഫ് ടൈം ഷോ ആരാധകരുടെ മനം കവർന്നു. സ്പെയിൻ-അർജന്റീന മത്സരം ആദ്യ പകുതി അവസാനിച്ചപ്പോഴാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നൃത്ത-സംഗീത വിരുന്ന് അരങ്ങേറിയത്. ജസ്റ്റിൻ ബീബർ, മഡോണ, ഷക്കീറ, ബർണാ ബോയ്, ദക്ഷിണ കൊറിയൻ സംഗീത സംഘമാ‍യ ബി.ടി.എസ് തുടങ്ങിയവർ അണിനിരന്നു. ബ്രസീലിയൻ ഇതിഹാസ താരങ്ങളായ റൊണാൾഡോയും റൊണാൾഡിഞ്ഞോയും ഡ്യൂൺ ബഗ്ഗി വാഹനത്തിൽ മഡോണയെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. ഗുസ്താവോ ദുദമേൽ നയിച്ച ന്യൂയോർക്ക് ഫിലഹാർമോണിക് -സിമോൺ ബൊളിവർ സിംഫണി ഓർക്കസ്ട്രയും പി.എസ് 22 കോറസും സെസമി സ്ട്രീറ്റ്, ദ മപ്പറ്റ്സ് കഥാപാത്രങ്ങളും ഷോയിലുണ്ടായിരുന്നു. മത്സരത്തിന് തൊട്ടുമുമ്പ് നടന്ന ക്ലോസിങ് സെറിമണിയിൽ പോസ്റ്റ് മലോൺ, ടോം ക്രൂസ്, നിക്കോൾ ഷെർസിംഗർ, ലോറ പൗസിനി, റോബി വില്യംസ്, ഐഷോസ്പീഡ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World Cup
News Summary - Spain beat Argentina in FIFA World Cup Final
Next Story