Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightചെക്ക് വെച്ച് കൊറിയ!...

ചെക്ക് വെച്ച് കൊറിയ! ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണ കൊറിയ; ജയം 2-1ന്

text_fields
bookmark_border
ചെക്ക് വെച്ച് കൊറിയ! ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണ കൊറിയ; ജയം 2-1ന്
cancel

മെക്സിക്കോ: ഫിഫ ഫുട്ബാൾ ലോകകപ്പിൽ ഗ്രൂപ്പ് ‘എ’യിലെ രണ്ടാം മത്സരത്തിൽ ഏഷ്യൻ പ്രതീക്ഷകളായ ദക്ഷിണ കൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയ വീഴ്ത്തിയത്.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച കൊറിയ, ഒരു ഗോളിനു പിന്നിൽപോയശേഷമാണ് അർഹിച്ച ജയം പിടിച്ചെടുത്തത്. മൂന്നു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. കൊറിയക്കായി 67ാം മിനിറ്റിൽ ഹ്വാങ് ഇൻ ബിയോമും 80ാം മിനിറ്റിൽ പകരക്കാരൻ ഓ ഹ്യൂങ് ഗ്യൂവും വലകുലുക്കി. 59ാം മിനിറ്റിൽ ലാഡിസ്ലാവ് ക്രെയ്ചിയാണ് ചെക്കിന്‍റെ ഗോൾ നേടിയത്. മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിലും ഗോളിലേക്ക് ഷോട്ട് തൊടുക്കുന്നതിലും കൊറിയക്ക് തന്നെയായിരുന്നു മുൻതൂക്കം. എന്നാൽ, കളിയുടെ ഒഴുക്കിന് വിപരീതമായി കൊറിയയെ ഞെട്ടിച്ച് ചെക്ക് റിപ്പബ്ലിക്കാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്.

ലാഡിസ്ലാവ് ക്രെയ്ചിയുടെ ഒരു കിടിലൻ ഹെഡ്ഡറാണ് ഗോളായത്. ബോക്സിനുള്ളിലേക്ക് വ്ലാദിമിർ കൂഫൽ എറിഞ്ഞ ഒരു ലോങ് ത്രോയാണ് ഗോളിന് വഴിയൊരുക്കിയത്. അതുവരെ ആക്രമണ ഫുട്ബാൾ കളിച്ച കൊറിയ ശരിക്കും ഞെട്ടി! ഗോൾ വഴങ്ങിയതോടെ കൊറിയ ആക്രമണം ശക്തമാക്കി. അധികം വൈകാതെ അതിനുള്ള ഫലവും കിട്ടി. 66ാം മിനിറ്റിൽ ബോക്സിനുള്ളിൽ പന്ത് ലഭിച്ച മധ്യനിരതാരം ഹ്വാങ് ബിയോം, ചെക്ക് പ്രതിരോധ താരങ്ങളെയും ഗോൾകീപ്പർ മാറ്റേജ് കോവറിനെയും കബളിപ്പിച്ച് മനോഹരമായി പന്ത് വലയിലാക്കി.

പിന്നാലെ കൊറിയൻ കോച്ച് സൂപ്പർതാരം സൺ ഹ്യുങ് മിന്നിനെ പിൻവലിച്ച് ഓ ഹ്യുങ്-ഗ്യുവിനെ കളത്തിലിറക്കി. അധികം വൈകാതെ താരം ടീമിന്‍റെ രക്ഷകനായി അവതരിക്കുന്നതാണ് കണ്ടത്. ഹവാങ് ഇൻ-ബിയോം വലതുവിങ്ങിൽ നിന്നു നൽകിയ ക്രോസ് ഓ ഹ്യുങ്-ഗ്യു വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇതോടെ ചെക്ക് താരങ്ങൾ ഉണർന്നു കളിച്ചു. ചെക്കിന്‍റെ ടോമാസ് സൗസെക് ഫ്രീ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങി, റഫറി ഗോൾ നിഷേധിച്ചു. അവസാന മിനിറ്റിൽ ചെക്ക് താരം മിഖായേൽ സാഡിലകിന്‍റെ ലോങ് ഷോട്ട് കൊറിയൻ ഗോൾകീപ്പർ കിം സ്യൂങ്-ഗ്യൂ തകർപ്പൻ ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തി. ഒടുവിൽ 2-1ന് കൊറിയ മത്സരം സ്വന്തമാക്കി. മെക്‌സിക്കോയിലെ സാപോപനിലുള്ള എസ്റ്റാഡിയോ ഗ്വാദലജര സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

ആദ്യ പകുതി ഗോൾരഹിതം

പന്ത് കൈവശം വെച്ച് തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് കൊറിയയാണ്. പിന്നാലെ ചെക്ക് റിപ്പബ്ലിക്കും മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 3-4-2-1 എന്ന ശൈലിയിലാണ് ഇരുടീമുകളും കളിക്കാനിറങ്ങിയത്. ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കൊറിയ മുന്നിട്ടുനിന്നെങ്കിലും സൂപ്പർതാരം സൺ ഹ്യുങ് മിൻ നയിക്കുന്ന മുന്നേറ്റ നിരക്ക് മുതലെടുക്കാനായില്ല. സൺ ഹ്യൂമിനെ ചെക്ക് പ്രതിരോധം ശരിക്കും പൂട്ടി. ഏഷ്യൻ വമ്പന്മാരായ കൊറിയ പന്ത്രണ്ടാം തവണയാണ് ലോകകപ്പിനെത്തുന്നത്.

കൊറിയ പന്ത് കൈവശം വെച്ച് കളി നിയന്ത്രിക്കുന്നതിൽ മുന്നിട്ടുനിന്നെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ പാട്രിക്ക് ഷിക്ക് നയിക്കുന്ന ചെക്ക് റിപ്ലബിക്കും ഇടക്കിടെ വെല്ലുവിളി ഉയർത്തി. മത്സരത്തിന്‍റെ 12ാം മിനിറ്റിൽ കൊറിയക്ക് ആദ്യ സുവർണാവസരം. ലീ കാങ് ചെക്ക് പ്രതിരോധ താരങ്ങൾക്കു മുകളിലൂടെ ചിപ്പ് ചെയ്ത് നൽകിയ പന്ത് ലീ ജീ സങ് കാലിൽ നിയന്ത്രിച്ച് സൺ ഹ്യൂം മിന്നിന് വെച്ചുനൽകിയെങ്കിലും താരത്തിന്‍റെ ഷോട്ട് പ്രതിരോധ താരത്തിന്‍റെ കാലിൽ തട്ടി ബാറിനു മുകളിലൂടെ പുറത്തേക്ക്.

14ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ലീ കാങ്ങിന്‍റെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റി. ആദ്യ 15 മിനിറ്റിൽ ഗോളിലേക്ക് നാലു ഷോട്ടുകളാണ് കൊറിയ തൊടുത്തത്. പന്തിന്‍റെ നിയന്ത്രണം കൊറിയ തുടരുമ്പോഴും, ഇരുടീമുകൾക്കും ക്ലിയർ കട്ട് അവസരങ്ങൾ സൃഷ്ടിക്കാനായില്ല. ബയർ ലെവർകുസന്‍റെ പാട്രിക് ഷിക്കാണ് ചെക്കിന്‍റെ മുന്നേറ്റം നയിച്ചത്. 39ാം മിനിറ്റിൽ സൺ ഹ്യൂ മിൻ പ്രതിരോധ താരങ്ങൾ വെട്ടിയൊഴിഞ്ഞ ബോക്സിനുള്ളിലേക്ക് കയറി തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക്. ഇൻജുറി ടൈമിൽ കൊറിയൻ മുന്നേറ്റ താരങ്ങൾ ബോക്സിനുള്ളിൽ നടത്തിയ മികച്ചൊരു ഗോൾനീക്കം വിഫലമായി. സൺ ഹ്യൂമിന്‍റെ ഗോളെന്നുറിപ്പിച്ച നീക്കം ചെക്ക് മിഡ്ഫീൽഡൽ ടോമസ് സൗസെക് തടഞ്ഞിട്ടു.

രണ്ടാം പകുതിയും കൊറിയൻ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. 49ാം മിനിറ്റിൽ കൊറിയക്ക് സുവർണാവസരം. ഹവാങ് ഇൻ ബിയോം 35 വാരെ അകലെ നിന്ന് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് മതേജ് കൊവാർ തട്ടിയകറ്റി. റീ ബൗണ്ട് പന്ത് പിടിച്ചെടുത്ത് ലീ ജീ സങ്ങിന്‍റെ ഷോട്ടും ഗോൾകീപ്പർ വിഫലമാക്കി. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ ഏക ഏഷ്യൻ ടീമാണ് കൊറിയ. ഇരുപതു വർഷത്തിനുശേഷമാണ് ചെക്ക് റിപ്പബ്ലിക് ലോകകപ്പിനെത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World Cup 2026
News Summary - South Korea beat Czech Republic 2-1
Next Story