ചരിത്രമെഴുതി ദക്ഷിണാഫ്രിക്ക; കൊറിയയെ വീഴ്ത്തി ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ
text_fieldsമൊണ്ടെറെ (മെക്സിക്കോ): ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിലെ നിർണായക പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്രവിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആഫ്രിക്കൻ കരുത്തർ കൊറിയയെ കീഴടക്കിയത്. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്ക നോക്കൗട്ട് റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) മുന്നേറി. ഗ്രൂപ്പിൽ നിന്ന് 9 പോയിന്റുമായി മെക്സിക്കോയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. കളിയുടെ 63-ാം മിനിറ്റിൽ താപെലോ മസെക്കോയാണ് ദക്ഷിണാഫ്രിക്കയുടെ വിജയഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ മൊറേമി ഇടതുവിങ്ങിൽ നിന്ന് നൽകിയ ക്രോസ് മികച്ചൊരു ഫിനിഷിങ്ങിലൂടെ മസെക്കോ കൊറിയൻ വലയിലെത്തിക്കുകയായിരുന്നു.
ജയമോ സമനിലയോ മതിയായിരുന്ന കൊറിയക്ക് ഈ തോൽവി കനത്ത തിരിച്ചടിയായി. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചതിനെ തുടർന്ന് രണ്ടാം പകുതിയിൽ നായകൻ സൺ ഹ്യൂങ്-മിൻ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ കൊറിയ കളത്തിലിറക്കിയിരുന്നു. ഒരു ഗോൾ വഴങ്ങിയതിന് ശേഷം സമനിലയ്ക്കായി കൊറിയൻ താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ പ്രതിരോധവും ഗോൾകീപ്പർ റോൺവെൻ വില്യംസും ഉറച്ചുനിന്നു. ഇഞ്ചുറി ടൈമിൽ കൊറിയ നടത്തിയ നിരന്തര മുന്നേറ്റങ്ങളെല്ലാം വില്യംസിന്റെ മികവിന് മുന്നിൽ വിഫലമാവുകയായിരുന്നു. ജൂൺ 28-ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ സഹ-ആതിഥേയരായ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. മറുവശത്ത്, മൂന്ന് പോയിന്റ് മാത്രമുള്ള ദക്ഷിണ കൊറിയക്ക് മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്താൻ മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങൾക്കായി കാത്തിരിക്കേണ്ടി വരും.
ആദ്യ മിനിറ്റുകളിൽ ദക്ഷിണ കൊറിയയായിരുന്നു ആക്രമണങ്ങൾക്ക് തുടക്കമിട്ടതെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്ക കളിയിലേക്ക് പൂർണമായും തിരിച്ചുവരുന്നതാണ് കണ്ടത്. 30-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ മുന്നേറ്റത്തിന് തടയിട്ട കൊറിയൻ ഗോളി കിം സിയുങ്-ഗ്യൂവിൻ്റെ ഡബിൾ സേവ് ശ്രദ്ധേയമായി. ആദ്യ പകുതിയിൽ മൂന്ന് തവണയാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ കൊറിയൻ പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചത്. എന്നാൽ മറുവശത്ത് കൊറിയക്ക് ഒരു തവണ പോലും ദക്ഷിണാഫ്രിക്കൻ ഗോളിയെ പരീക്ഷിക്കാൻ സാധിച്ചില്ല.
കളിയുടെ 26-ാം മിനിറ്റിൽ മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ താരം സിത്തോൾ കുറച്ചു സമയം മൈതാനത്തിന് പുറത്തായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും പാസിങ്ങിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പൊരുതുന്നത്. മസെക്കോയും മക്ഗോപയും അടങ്ങുന്ന ദക്ഷിണാഫ്രിക്കൻ മുന്നേറ്റ നിര നിരന്തരം കൊറിയൻ പ്രതിരോധത്തെ പരീക്ഷിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാൻ കൂടുതൽ ആക്രമിച്ചു കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മെക്സിക്കോയും ചെക്കിയയും ഏറ്റുമുട്ടുന്നുണ്ട്. രണ്ട് ജയങ്ങളോടെ ഏഴ് പോയിൻ്റുമായി മെക്സിക്കോ ഇതിനോടകം തന്നെ അടുത്ത റൗണ്ട് ഉറപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

