നേർക്കുനേർ വരുമോ ക്രിസ്റ്റ്യാനോ - മെസ്സി പോരാട്ടം; സാധ്യതകൾ ഇങ്ങനെ
text_fieldsദോഹ: കാൽപ്പന്ത് ലോകം ഏറ്റവും കൂടുതൽ ആകാംഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ - ലയണൽ മെസ്സി സ്വപ്നപ്പോരാട്ടം ഫിഫ ലോകകപ്പിന്റെ ഫൈനലിന് മുൻപ് സാധ്യമാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകി നോക്കൗട്ട് ബ്രാക്കറ്റ് പുറത്തുവന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ പോർച്ചുഗലും അർജന്റീനയും രണ്ട് വ്യത്യസ്ത നോക്കൗട്ട് പാതകളിലേക്ക് മാറിയതായാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' പോരാട്ടം ടൂർണമെന്റിന്റെ കലാശക്കൊട്ടിന് മുൻപ് നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
കൊളംബിയക്കെതിരായ ഗോൾരഹിത സമനിലയ്ക്ക് പിന്നാലെ ഗ്രൂപ്പ് കെ-യിൽ രണ്ടാം സ്ഥാനക്കാരായാണ് പോർച്ചുഗൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കരുത്തരായ ക്രോയേഷ്യയാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും എതിരാളികൾ. അതേസമയം, മികച്ച ഫോമിൽ ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായി മുന്നേറുന്ന അർജന്റീന, ടൂർണമെന്റിലെ കറുത്ത കുതിരകളായ കേപ് വെർഡെയ്‌ക്കെതിരെയാണ് തങ്ങളുടെ നോക്കൗട്ട് ക്യാമ്പയിൻ ആരംഭിക്കുന്നത്. ഇവിടെനിന്നങ്ങോട്ട് ഇരു ടീമുകളുടെയും യാത്ര രണ്ട് വ്യത്യസ്ത ദിശകളിലേക്കാണ് നീങ്ങുന്നത്.
മത്സരക്രമം അനുസരിച്ച് ക്രോയേഷ്യയെ മറികടന്നാൽ പ്രീ-ക്വാർട്ടറിൽ സ്പെയിനും ഗ്രൂപ്പ് ജെ-യിലെ രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിലെ വിജയികളെയാകും പോർച്ചുഗലിന് നേരിടേണ്ടി വരിക. ഈ കഠിനമായ പാതയിലെ കടമ്പകളെല്ലാം ജയിച്ചുകയറിയാൽ പോർച്ചുഗൽ യോഗ്യത നേടുക ടൂർണമെന്റിലെ ഒന്നാം സെമിഫൈനലിലേക്കായിരിക്കും. മറുവശത്ത്, കേപ് വെർഡെയെ പരാജയപ്പെടുത്തിയാൽ പ്രീ-ക്വാർട്ടറിൽ ഓസ്‌ട്രേലിയ - ഈജിപ്ത് മത്സരത്തിലെ വിജയികളാകും അർജന്റീനയുടെ എതിരാളികൾ. ഈ റൂട്ടിലൂടെ മെസ്സിയും സംഘവും മുന്നേറിയാൽ അവർ എത്തുക രണ്ടാമത്തെ സെമിഫൈനലിലാണ്.
ചുരുക്കത്തിൽ, ഇരു ടീമുകൾക്കും ഒരു ഘട്ടത്തിലും ഫൈനലിന് മുൻപ് പരസ്പരം ഏറ്റുമുട്ടാൻ സാധിക്കാത്ത വിധമാണ് ഫിഫയുടെ നിലവിലെ ബ്രാക്കറ്റ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ടീമുകളും തങ്ങളുടെ മത്സരങ്ങൾ തുടർച്ചയായി വിജയിച്ചാൽ പോലും ലോകകപ്പിന്റെ ഫൈനൽ വേദിയിൽ മാത്രമേ അവർക്ക് നേർക്കുനേർ വരാൻ സാധിക്കൂ. എന്നാൽ ഒരു സാങ്കേതിക സാധ്യത അവശേഷിക്കുന്നത് ലൂസേഴ്സ് ഫൈനലിലാണ്. ഇരു ടീമുകളും സെമിഫൈനലിൽ എത്തുകയും, അവിടെ പരാജയപ്പെടുകയും ചെയ്താൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇവർക്ക് കൊമ്പുകോർക്കാം. എങ്കിലും, വിശ്വകിരീടം ലക്ഷ്യമിട്ടുള്ള ഒരു യഥാർത്ഥ മെസ്സി-റൊണാൾഡോ പോരാട്ടത്തിന് ലോകകപ്പിന്റെ ഫൈനൽ സ്റ്റേജ് മാത്രമേ ഇനി വഴിയൊരുക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

