ഡബിളടിച്ച് ക്രിസ്റ്റ്യാനോ; ആദ്യ പകുതി തൂക്കി പോർച്ചുഗൽ
text_fieldsഹൂസ്റ്റൺ : ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗലിന് ഗംഭീര തുടക്കം. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിലും നുനോ മെൻഡസിന്റെ ഫ്രീക്കിക്ക് ഗോളിലും ആദ്യ പകുതി അവസാനിക്കുമ്പോൾ പോർച്ചുഗൽ 3–0ത്തിന് മുന്നിലാണ്. ആറാം മിനിറ്റിൽ തന്നെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ പോർച്ചുഗൽ ലീഡ് നേടി. ടൂർണമെന്റിലുടനീളം നേരിട്ട കടുത്ത വിമർശനങ്ങൾക്ക് റൊണാൾഡോ മറുപടി നൽകിയത് തന്റെ തനത് ശൈലിയിലുള്ള ഫിനിഷിംഗിലൂടെയാണ്. മൈതാനത്തിന്‍റെ വലതുവിങ്ങിൽ നിന്നും ജോ കാൻസലോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ആദ്യ ടച്ചിൽ തന്നെ റൊണാൾഡോ അനായാസം വലയിലാക്കി. ഇതോടെ കളിച്ച ആറ് ലോകകപ്പിലും ഗോൾ നേടുന്ന ആദ്യതാരമെന്ന റെക്കോഡും റൊണാൾഡോ തന്‍റെ പേരിലാക്കി. 17 മിനിറ്റിൽ പറങ്കിപ്പട വീണ്ടും വലകുലുക്കി. ബോക്സിന് തൊട്ട് വെളിയിൽ നിന്നും നൂനോ മെൻഡസ് തൊടുത്ത ഫ്രീകിക്ക് ഉസ്ബെക്കിസ്ഥാന്‍റെ പ്രതിരോധ മതിലുകൾക്കിടയിലൂടെ ഗോളിയെ കാഴ്ചക്കാനാക്കി വലയെ ചുംബിച്ചു. എതിർ താരങ്ങൾ റൊണാൾഡോ കിക്കെടുക്കുമെന്ന് കരുതിയെങ്കിലും, എല്ലാവരെയും കബളിപ്പിച്ച് നുനോ മെൻഡസാണ് ആ കിക്കെടുത്തത്. മത്സരത്തിന്‍റെ 31 -ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ പോർച്ചുഗീസ് വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. ബോക്സിന് പുറത്ത് നിന്നും തൊടുത്ത് അസീസ് ഗാനീവ് നേടിയ മനോഹരമായ ഗോൾ വാർ പരിശോധനയിൽ ഫൗൾ ആണെന്ന് കണ്ടെത്തുകയായിരുന്നു. 39-ാം മിനിറ്റിൽ റൊണാൾഡോ വീണ്ടും സ്കോർ ചെയ്തു. ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹരമായ പാസ് അനായാസം വലയിലാക്കി റൊണാൾഡോ പോർച്ചുഗലിന്റെ ലീഡ് 3-0 ആക്കി ഉയർത്തി.
ലോകകപ്പിൽ പോർച്ചുഗലിനായി കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും ഇതിഹാസതാരം ഈ ഗോളോടെ സ്വന്തമാക്കി. ഒൻപത് ഗോൾ നേടിയ മുൻ പോർച്ചുഗൽ താരം യുസേബിയോയെ പത്ത് ഗോളുമായി ക്രിസ്റ്റ്യാനോ മറികടന്നു. കൂടാതെ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾ സ്‌കോറർ എന്ന റെക്കോഡും റെണോൾഡോ തന്‍റെ പേരിൽ കുറിച്ചു. 41 വയസ്സും 138 ദിവസവുമാണ് താരത്തിന്റെ പ്രായം.ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോറർ മുൻ കാമറൂൺ താരം റോജർ മില്ലയാണ്. 42 വയസ്സും 39 ദിവസവുമാണ് 1994 ലോകകപ്പിൽ ഗോൾ നേടുമ്പോൾ റോജർ മില്ലയുടെ പ്രായം. അമേരിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ റഷ്യക്കെതിരേയാണ് റോജർ മില്ല റെക്കോഡ് കുറിച്ച ഗോൾ നേടിയത്.
നിർണായകമായ ഇന്നത്തെ മത്സരത്തിൽ അസാമാന്യമായ താളത്തിലാണ് പോർച്ചുഗൽ കളിക്കുന്നത്. ആദ്യ മത്സരത്തിലെ സമനിലയുടെ ക്ഷീണം മാറ്റാൻ അതിവേഗത്തിലുള്ള ഫുട്ബോളാണ് പോർച്ചുഗൽ പുറത്തെടുത്തത്. പ്രതിരോധത്തിൽ ഉസ്ബെക്കിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലാണിപ്പോൾ. ഫാബിയോ കന്നവാരോയുടെ ഉസ്ബെക്കിസ്ഥാൻ ടീമിന് രണ്ടാം പകുതിയിൽ തിരിച്ചുവരാൻ അത്ഭുതങ്ങൾ തന്നെ വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

