പ്രതിസന്ധികളെ അതിജീവിക്കുക അർജന്റീനയുടെ ഡി.എൻ.എയിലുണ്ട്'; സ്വിസ് വിജയത്തിന് പിന്നാലെ സ്‌കലോണി
text_fieldsലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെതിരെ എക്സ്ട്രാ ടൈമിൽ നേടിയ 3-1ന്റെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി അർജന്റീനൻ പരിശീലകൻ ലയണൽ സ്‌കലോണി. കടുത്ത പ്രതിസന്ധികളെയും സമ്മർദ്ദങ്ങളെയും മറികടക്കാൻ ടീം ഇപ്പോൾ കൂടുതൽ സജ്ജമാണെന്നതിന്റെ തെളിവാണ് ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം 3-2ന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കിയ ടീം, ക്വാർട്ടറിലും സമാനമായ സമ്മർദ്ദം അതിജീവിച്ചാണ് അവസാന നാലിലേക്ക് മുന്നേറിയത്. അങ്ങേയറ്റം സമ്മർദ്ദം നിറഞ്ഞ ഘട്ടത്തിലും അതിജീവിക്കാനുള്ള കഴിവ് ഈ അർജന്റീനൻ സംഘത്തിന്റെ പ്രധാന സവിശേഷതയായി മാറിയിരിക്കുകയാണെന്ന് സ്‌കലോണി വ്യക്തമാക്കി. 'മത്സരത്തിൽ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. അത് ഞങ്ങളുടെ ചോരയിലുള്ളതാണ്, ഞങ്ങളുടെ ഡി.എൻ.എയുടെ ഭാഗമാണ്. അതിലൂടെ ഞങ്ങൾക്ക് സമാധാനം കണ്ടെത്താനാകും,' പരിശീലകൻ പറഞ്ഞു.
ടൂർണമെന്റിൽ അർജന്റീനയുടെ കുതിപ്പ് അത്ര എളുപ്പമുള്ളതായിരുന്നില്ല. റൗണ്ട് ഓഫ് 32-ൽ കേപ് വെർഡെക്കെതിരെ രണ്ട് തവണ ലീഡ് നഷ്ടപ്പെടുത്തിയ ശേഷം 3-2നായിരുന്നു അർജന്റീന വിജയിച്ചത്. ഈജിപ്തിനെതിരായ മത്സരത്തിലാവട്ടെ 79-ാം മിനിറ്റ് വരെ ടീം 2-0ന് പിന്നിലായിരുന്നു. 2022-ൽ ഖത്തറിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കിരീടം നേടിയ അനുഭവസമ്പത്ത് ഇത്തരം ഘട്ടങ്ങളെ നേരിടാൻ കളിക്കാരെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് സ്‌കലോണി വിശ്വസിക്കുന്നു.
"ഖത്തറിൽ എനിക്കുൾപ്പെടെ വലിയ പരിചയസമ്പത്തുണ്ടായിരുന്നില്ല. അത്തരം സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ കൂടുതൽ പരിചയസമ്പന്നരാണ്. എതിരാളികൾ ആധിപത്യം സ്ഥാപിക്കുന്നതും അവർ സമനില ഗോൾ നേടുന്നതുമൊക്കെ എങ്ങനെയെന്ന് ഞങ്ങൾക്കറിയാം. അതിനാൽ ഇന്ന് ഞങ്ങൾ സംയമനം പാലിച്ചു. ടീം ഒരുകാരണവശാലും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു," സ്‌കലോണി കൂട്ടിച്ചേർത്തു.
67-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് സമനില പിടിച്ചതോടെ അർജന്റീനയുടെ നില പരുങ്ങലിലായിരുന്നു. എന്നാൽ എക്സ്ട്രാ ടൈമിൽ ജൂലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനെസും നേടിയ ഗോളുകൾ അർജന്റീനയ്ക്ക് നാടകീയ വിജയം സമ്മാനിച്ചു.
"അവർ കടുത്ത എതിരാളികളായിരുന്നു. പന്ത് കൈവശം വെക്കാനും കൃത്യമായ പാസുകൾ നൽകാനും ഞങ്ങൾ ഏറെ ബുദ്ധിമുട്ടി. കളിയുടെ പല ഭാഗങ്ങളിലും അവർ ഞങ്ങളെ ശരിക്കും പരീക്ഷിച്ചു. ഞങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് വിജയം നേടിയത്," സ്‌കലോണി സമ്മതിച്ചു.
അർജന്റീന മികച്ച ഫോമിലല്ലാതിരുന്നിട്ടും ടീമിന്റെ ഒത്തൊരുമയും ബെഞ്ചിലെ കരുത്തുമാണ് തുണയായതെന്ന് സ്കലോണി പറഞ്ഞു. "മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയുന്ന താരങ്ങൾ ഞങ്ങളുടെ ബെഞ്ചിലുണ്ട് എന്നത് വളരെ നല്ല കാര്യമാണ്. ആത്യന്തികമായി ഞങ്ങൾ എപ്പോഴും പരിഹാരങ്ങൾ കണ്ടെത്തുന്നു." കഴിഞ്ഞ ആറാഴ്ചയായി തന്നിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിൽക്കുന്ന കളിക്കാരെ അദ്ദേഹം പ്രശംസിച്ചു. "ഇത് കളിക്കാർക്ക് അർഹതപ്പെട്ടതാണ്, കാരണം അവർ ഈ പ്രക്രിയയിൽ വിശ്വസിച്ചു. ഞങ്ങൾ ഒറ്റക്കെട്ടാണ്. ഫുട്ബാൾ എത്രത്തോളം സങ്കീർണ്ണമാണെന്നതിന്റെ തെളിവ് കൂടിയാണിത്."
ലയണൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് ഹെഡറിലൂടെ ആദ്യ ഗോൾ നേടിയ മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററെയും സ്‌കലോണി പ്രശംസിച്ചു. "മാക് അലിസ്റ്റർ മികച്ച താരങ്ങളിലൊരാളാണ്. അവൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്, എല്ലാ അഭിനന്ദനങ്ങളും അവന് അർഹതപ്പെട്ടതാണ്." തുടർച്ചയായ ആറാമത്തെ മേജർ ടൂർണമെന്റിലാണ് അർജന്റീന സെമി ഫൈനലിൽ പ്രവേശിക്കുന്നത്. "ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, പക്ഷേ ഇത് വളരെ അഭിമാനകരമായ കാര്യമാണ്," അദ്ദേഹം വ്യക്തമാക്കി.
അർജന്റീന വീണ്ടും കപ്പുയർത്തുകയാണെങ്കിൽ, ഈ മുന്നേറ്റം ഓർമിക്കപ്പെടുക അവരുടെ മനോഹരമായ ഫുട്ബാളിനേക്കാൾ ടീം പുറത്തെടുത്ത പോരാട്ടവീര്യത്തിന്റെ പേരിലാകും. "നിങ്ങൾ ഒരു സെമി ഫൈനലിൽ എത്തുമ്പോൾ, കടുത്ത സമ്മർദ്ദങ്ങളിലൂടെ കടന്നുപോകേണ്ടി വരും," സ്‌കലോണി പറഞ്ഞു നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

