റഫറിയിങ് വിവാദങ്ങൾ വൈകാരികം മാത്രം
text_fieldsഈജിപ്തിനു പിറക്കാതെ പോയ ചരിത്രവും അർജന്റീനയുടെ തിരിച്ചുവരവിന്റെ സൗന്ദര്യവും കണ്ട മത്സരത്തിനു പിന്നാലെ പുകയുകയാണ് റഫറിയിങ്ങിലെ വിവാദങ്ങൾ. പ്രതിസ്ഥാനത്ത് റഫറിയും ഫിഫയും ആണ് ഉള്ളത്. എന്നാൽ, സൂക്ഷ്മമായി പരിശോധിച്ചാൽ ഇവ അടിസ്ഥാനരഹിതമാണ് എന്ന് കാണാം.
വിവാദം 1: പെനാൽറ്റി
മെസ്സിയെ ഫൗൾ ചെയ്തതിന് നൽകിയ പെനാൽറ്റി ആണ് ആദ്യത്തേത്. പെനാൽറ്റി ഏരിയയിൽ മെസ്സിയുടെ കൈവശമുള്ള പന്തിലേക്ക് അടുക്കുന്ന ഈജിപ്ത് ഡിഫൻഡർ പന്തിൽ കാൽവെക്കും മുമ്പ് മെസ്സിയുടെ തുടയിൽ തട്ടുകയാണ് ചെയ്യുന്നത്. ഇത് പെനാൽറ്റി നൽകാവുന്ന ഒരു ഫൗൾ തന്നെയാണ്. മെസ്സി പക്ഷേ, ഈ ഇഷ്ടദാനം കളഞ്ഞുകുളിക്കുകയും ചെയ്തു.
വിവാദം 2: ഗോൾ നിഷേധം
രണ്ടാമത്തെ വിവാദം ഈജിപ്തിന്റെ ഗോൾ നിഷേധമായിരുന്നു. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ ഒരു കൗണ്ടർ അറ്റാക്ക് ഗോൾ ആയിരുന്നു ഈജിപ്ത് നേടിയ രണ്ടാം ഗോൾ. എന്നാൽ, വാർ ചെക്കിങ് ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. പകരം ലിസാൻഡ്രോയെ ഫൗൾ ചെയ്ത കുറ്റത്തിന് ഫ്രീ കിക്ക് നൽകി.
ഈജിപ്തിന്റെ പ്രത്യാക്രമണം തുടങ്ങുന്നതിനു മുമ്പായി ലിസാൻഡ്രോയുടെ ജഴ്സിയിൽ പിടിക്കുന്നതും കാലിൽ ചവിട്ടി നിർത്തുന്നതും വ്യക്തമായി കാണാവുന്നതാണ്. ഇത് ഫ്രീക്ക് നൽകാവുന്ന ഫൗൾ തന്നെയാണ്. റഫറി ഗോൾ അനുവദിച്ച ശേഷമാണ് വാർ റൂമിൽ നിന്നും നിർദേശം വന്നത്. ഇത് ഈജിപ്ത് ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിയില്ലെങ്കിലും കൃത്യമായ ഒരു ഫൗൾ തന്നെയായിരുന്നു.
വിവാദം 3: ഫൗൾ
മൂന്നാമത്തെ സംഭവം ഇതിന്റെ തനിയാവർത്തനമായിരുന്നു. പക്ഷേ, മുഹമ്മദ് സലാഹിനെ പെനാൽറ്റി ഏരിയയിൽ വെച്ച് പെനാൽറ്റി നൽകേണ്ട ഗൗരവമുള്ള ഫൗൾ ചെയ്തതായി റഫറിക്ക് ബോധ്യം വന്നില്ല. റഫറി ഈ സംഭവത്തോട് ഏറെ അടുത്താണ് നിൽക്കുന്നത്. അർജന്റീന താരം പന്ത് കൈവശം വെച്ചതിനുശേഷമാണ് സലാഹ് വീഴുന്നതും കാലിൽ നേരിയ രീതിയിൽ തൊടുന്നതുമായി തോന്നുന്നത്. ഇതൊരു വ്യക്തമായ ഫൗൾ ആയി തോന്നാത്തത് മൂലമാണ് റഫറി കളി തുടർന്നത്. പെനാൽറ്റി നൽകാൻ മാത്രം ഗൗരവമുള്ള ഒരു ഫൗളാണ് ഇതെന്ന് ഉറപ്പിച്ചുപറയാൻ ആവില്ല. പക്ഷേ, ആ കളി തുടർന്ന് ഒരു പ്രത്യാക്രമണം ആവുമെന്നതും ഗോളിൽ കലാശിക്കുമെന്നതും റഫറി പോലും ചിന്തിച്ചിട്ടുണ്ടാവില്ല. പരിശോധനക്ക് വിടാൻ മാത്രമുള്ള ഗൗരവമായ ഫൗൾ ആയിരുന്നില്ല എന്ന ഉത്തമ ബോധത്തിന്റെ അടിസ്ഥാനത്തിലാണ് റഫറി കളി തുടർന്നത്. റഫറിക്ക് വേണ്ടത് ബോധ്യങ്ങളാണ്. അതിൽ വൈകാരികതക്ക് ഒട്ടും സ്ഥാനമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

