മിണ്ടാതിരിക്കാനാവില്ല; റഫറിയിങ്ങ് പരാതി ആവർത്തിച്ച് ഈജിപ്ത്
text_fieldsഅറ്റ്ലാന്റ: അർജന്റീനക്കെതിരെ പ്രീക്വാർട്ടറിൽ 3-2ന് തോറ്റ മത്സരത്തിലെ റഫറിയിങ്ങിലെ പരാതി ആവർത്തിച്ച് ഈജിപ്ത്. മിണ്ടാതിരിക്കാനാകില്ലെന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ (ഇ.എഫ്.എ) വ്യക്തമാക്കി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നിൽ അർജന്റീന 13 മിനിറ്റിനുള്ളിൽ മൂന്ന് ഗോൾ നേടിയ മത്സരത്തിലെ തോൽവിക്ക് പിന്നാലെ പരിശീലകൻ ഹൊസാം ഹസ്സനും കളിക്കാരും റഫറിയിങ്ങിനെ വിമർശിച്ചിരുന്നു. 58ാം മിനിറ്റിൽ ഈജിപ്ത് രണ്ടാമത്തെ ഗോൾ നേടിയിരുന്നു. എന്നാൽ, വിഡിയോ അസിസ്റ്റന്റ് റഫറി (വാർ) അവലോകനത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ഗോൾ നേടുന്നതിന് മുമ്പ് മർവാൻ അറ്റിയ അർജന്റീന ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസിനെ ഫൗൾ ചെയ്തതായി കണ്ടെത്തി. തുടർന്ന് ഗോൾ അനുവദിക്കാതിരുന്നതാണ് ഈജിപ്തിന്റെ തോൽവിക്കുശേഷം വിവാദമായത്.
ടീമിന്റെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുമെന്ന് ഇ.എഫ്.എ പ്രസ്താവനയിൽ പറഞ്ഞു. ‘‘പൂർണ ബോധ്യത്തോടെയും ദൃഢനിശ്ചയത്തോടെയുമുള്ള ഉത്തരവാദിത്തമാണത്’’- അസോസിയേഷൻ പറഞ്ഞു. റഫറി വാർ ഉചിതമായി ഉപയോഗിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അത് തോൽവിയിലേക്ക് നയിച്ചുവെന്നും ഇ.എഫ്.എ പ്രസ്താവനയിൽ പറയുന്നു. കളിയിലെ നിരവധി പ്രധാന സംഭവങ്ങൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണ്. കളിയുടെ ഗതിയെ നേരിട്ട് സ്വാധീനിച്ച തീരുമാനങ്ങളുടെ ന്യായാന്യായങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
മെസ്സിയെയും അർജന്റീനയെയും അനുകൂലിക്കുന്ന ഒരു ഫുട്ബാൾ സ്ഥാപനത്തിന്റെ ഇരയാണ് തന്റെ ടീം എന്ന് മത്സരശേഷം കോച്ച് ഹൊസാം ഹസ്സൻ പറഞ്ഞിരുന്നു. കളിയുടെ നാടകീയമായ ക്ലൈമാക്സിൽ ഈജിപ്തിന്റെ ഗോൾകീപ്പിങ് പരിശീലകൻ സാഫാൻ എൽസാഗിറിന് ചുവപ്പ് കാർഡും ലഭിച്ചു. നിരവധി മഞ്ഞ കാർഡുകളാണ് മത്സരശേഷം ഈജിപ്ഷ്യൻ കളിക്കാർക്ക് ലഭിച്ചത്. വിദഗ്ധരടക്കം ഈജിപ്തിനെ പിന്തുണച്ച് രംഗത്തുവന്നതായി ഇ.എഫ്.എ ചൂണ്ടിക്കാട്ടുന്നു. ഈജിപ്ഷ്യൻ ജഴ്സി ധരിക്കുന്ന കളിക്കാരനും ടീമിന് പിന്നിലുള്ളവരും നീതിയും ബഹുമാനവും കളിനിയമങ്ങളുടെ തുല്യതയും അർഹിക്കുന്നുവെന്നും ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

