ഇതിനോടകം പുറത്തെടുത്തത് 11 മഞ്ഞക്കാർഡുകളും ഒരു ചുവപ്പുകാർഡും; ഫ്രാൻസ് - സ്പെയിൻ സെമിയിലെ റഫറിയെ അറിയാം
text_fieldsഫുട്ബാൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിലെ ഒന്നാം സെമിയിൽ ഫ്രാൻസും സ്പെയിനും നേർക്കുനേർ വരികയാണ്. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ കുതിക്കുന്ന ഇരു ടീമുകളും ഡാളസ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ തീപാറുമെന്ന് ഉറപ്പാണ്. എന്നാൽ ഈ ഹൈവോൾട്ടേജ് പോരാട്ടം നിയന്ത്രിക്കാൻ എത്തുന്ന റഫറി ആരാണെന്ന് അറിയുമോ?എൽ സാൽവദോറിൽ നിന്നുള്ള ഇവാൻ ബാർട്ടൻ എന്ന 35-കാരനാണ് ഈ നിർണായക മത്സരത്തിൽ വിസിലൂതുന്നത്.
വെറുതെയൊരു റഫറിയല്ല ബാർട്ടൻ, ഈ ലോകകപ്പിൽ തന്നെ കടുത്ത തീരുമാനങ്ങളെടുത്ത് ഇതിനോടകം വാർത്തകളിൽ ഇടംനേടിയ വ്യക്തിയാണ് അദ്ദേഹം. ഗ്രൂപ്പ് ഘട്ടത്തിൽ പുതിയതായി കൊണ്ടുവന്ന 'മൗത്ത് കവറിങ്' നിയമപ്രകാരം ആദ്യമായി ഒരു താരത്തിന് (പരാഗ്വെയുടെ മിഗുവൽ അൽമിറോൺ) ചുവപ്പുകാർഡ് നൽകി പുറത്താക്കിയത് ഇവാൻ ബാർട്ടനായിരുന്നു. ഈ ലോകകപ്പിൽ ഇതുവരെ മൂന്ന് മത്സരങ്ങൾ നിയന്ത്രിച്ച അദ്ദേഹം 11 മഞ്ഞക്കാർഡുകളും ഒരു ചുവപ്പുകാർഡും ഇതിനോടകം പുറത്തെടുത്തിട്ടുണ്ട്. 2017 മുതൽ ഫിഫയുടെ അന്താരാഷ്ട്ര റഫറി പാനലിലുള്ള ഇവാൻ ബാർട്ടന്റെ കരിയറിലെ രണ്ടാമത്തെ ലോകകപ്പാണിത്.
കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിലും അദ്ദേഹം മൂന്ന് മത്സരങ്ങൾ വിജയകരമായി നിയന്ത്രിച്ചിരുന്നു. ഈ ടൂർണമെന്റിൽ സ്വിറ്റ്‌സർലൻഡ് - കൊളംബിയ പ്രീ-ക്വാർട്ടർ പോരാട്ടം നിയന്ത്രിച്ചതും ഇദ്ദേഹമാണ്. ഒരു ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധവും, 16 ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രഞ്ച് ആക്രമണനിരയും തമ്മിലുള്ള പോരാട്ടം നിയന്ത്രിക്കാൻ ബാർട്ടനും സംഘവും പൂർണ്ണ സജ്ജരായാണ് ഡാളസിൽ ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

