Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂറോ ഫൈനൽ നിയന്ത്രിച്ച ചരിത്രം, മികച്ച റഫറിക്കുള്ള പുരസ്കാരം; ലറ്റക്സിയറെ അടുത്തറിയാം

text_fields
bookmark_border
യൂറോ ഫൈനൽ നിയന്ത്രിച്ച ചരിത്രം, മികച്ച റഫറിക്കുള്ള പുരസ്കാരം; ലറ്റക്സിയറെ അടുത്തറിയാം
cancel

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്‌ബാളിലെ അർജന്റീന-ഈജിപ്ത് പ്രീക്വാർട്ടർ മത്സരത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. മത്സരത്തിലെ ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്സിയർക്കെതിരെ ഈജിപ്ത് പരിശീലകൻ ഹൊസാം ഹസൻ കടുത്ത വിമർശനങ്ങളുമായി രംഗത്തുവന്നതോടെയാണ് റഫറിയിങ് വലിയ ചർച്ചയായത്. നിലവിലെ ചാമ്പ്യന്മാരെക്കാൾ മികച്ച പ്രകടനം നടത്തിയിട്ടും, ബാഹ്യമായ ഇടപെടലുകളിലൂടെ റഫറി തങ്ങളെ വഞ്ചിച്ചുവെന്നും ഫിഫ റഫറിയെ പുറത്താക്കണമെന്നുമാണ് ഈജിപ്ത് ആവശ്യപ്പെട്ടത്.

എന്നാൽ ഈജിപ്ത് ആരാധകരെ നിരാശരാക്കിക്കൊണ്ട് ഫ്രഞ്ച് റഫറിക്കും അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ റഫറിയിങ് മേധാവി പിയർലൂജി കൊളീന. ഇതോടെ ആരാണ് ഈ ഫ്രാങ്കോയിസ് ലറ്റക്സിയർ എന്ന ചോദ്യം ഫുട്ബാൾ ലോകത്ത് വീണ്ടും സജീവമാവുകയാണ്.

ഈജിപ്ത് കടുത്ത ഭാഷയിൽ വിമർശിക്കുന്ന 37-കാരനായ ലെറ്റക്‌സിയർ നിലവിൽ ഫുട്ബാൾ ലോകത്തെ ഏറ്റവും മികച്ച മാച്ച് ഒഫീഷ്യലുകളിൽ ഒരാളാണ്. യുവേഫ എലൈറ്റ് കാറ്റഗറിയിൽ ഉൾപ്പെട്ട അദ്ദേഹം, ഫ്രഞ്ച് ലീഗായ ലിഗ് 1-ലാണ് പ്രധാനമായും മത്സരങ്ങൾ നിയന്ത്രിക്കുന്നത്. 2016-ൽ ഫ്രഞ്ച് ലീഗിൽ എത്തുമ്പോൾ അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ റഫറിയായിരുന്നു അദ്ദേഹം. 2017 മുതൽ ഫിഫയുടെ ഔദ്യോഗിക പട്ടികയിൽ ഇടംപിടിച്ചു. 2023-ൽ മാഞ്ചെസ്റ്റർ സിറ്റിയും സെവിയ്യയും മാറ്റുരച്ച യുവേഫ സൂപ്പർ കപ്പ് മത്സരം നിയന്ത്രിച്ചു. 2024-ൽ സ്പെയിനും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ യൂറോകപ്പ് ഫൈനൽ നിയന്ത്രിച്ചതിലൂടെ, ആ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ റഫറിയായി മാറി. ഇതിനെല്ലാം പുറമെ, 2024-ൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ ഹിസ്റ്ററി & സ്റ്റാറ്റിസ്റ്റിക്‌സ് ലോകത്തെ മികച്ച പുരുഷ റഫറിയായി തെരഞ്ഞെടുത്തതും ഈ ഫ്രഞ്ചുകാരനെയാണ്.

മത്സരത്തിന്റെ 58-ാം മിനിറ്റിൽ ഈജിപ്ത് താരം മൊസ്തഫ സിക്കോ നേടിയ ഗോൾ വാർ ഇടപെടലിലൂടെ ലെറ്റക്‌സിയർ റദ്ദാക്കിയതാണ് പ്രധാന വിവാദം. ഗോളിലേക്കുള്ള മുന്നേറ്റം ആരംഭിക്കുന്ന സമയത്ത് ഈജിപ്തിന്റെ മർവാൻ അത്തിയ അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസിനെ ഫൗൾ ചെയ്തെന്ന് വാർ കണ്ടെത്തിയിരുന്നു. സ്വന്തം പാതിയിൽ നടന്ന ഇത്രയും ചെറിയൊരു ഫൗളിന്റെ പേരിൽ ഗോൾ അനുവദിക്കാതിരിക്കാൻ പാടില്ലെന്നായിരുന്നു ഈജിപ്തിന്റെ വിമർശനം.

ഫിഫ നിയമപ്രകാരം റഫറിയുടെ തീരുമാനം തികച്ചും കൃത്യമായിരുന്നു. "അതൊരു വ്യക്തമായ ഫൗളായിരുന്നു. ഗോളിലേക്കുള്ള അറ്റാക്കിങ് ഫേസ് ആരംഭിച്ചതിന് ശേഷമുള്ള ഏത് ഫൗളും വാർ പരിശോധിക്കും. പന്ത് വലയിലെത്താൻ എത്ര സമയമെടുത്തു എന്നതിന് അവിടെ പരിധിയില്ല. മൈതാനത്ത് റഫറി ആ നിമിഷം ഫൗൾ കണ്ടില്ലെങ്കിലും വാറിന് ഇടപെടാൻ പൂർണ്ണ അധികാരമുണ്ട്," കൊളീന വ്യക്തമാക്കി.

ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന മൂന്നാം ഗോൾ നേടുന്നതിന് തൊട്ടുമുൻപ് തങ്ങളുടെ സൂപ്പർ താരം മുഹമ്മദ് സലായെ അൽവാരസ് ബോക്സിൽ വീഴ്ത്തിയെന്നും, എന്നാൽ റഫറി പെനാൽറ്റി നൽകിയില്ലെന്നതുമായിരുന്നു രണ്ടാമത്തെ പരാതി. അവിടെ വാർ ഇടപെട്ടില്ലെന്നും ഈജിപ്ത് ആരോപിച്ചു. ഈ വാദത്തെയും നിയമത്തിന്റെ പിൻബലത്തോടെ കൊളീന തള്ളിക്കളഞ്ഞു. "സലാ വീണ സംഭവത്തിൽ അൽവാരസ് ആദ്യം പന്ത് ക്ലിയർ ചെയ്തിരുന്നു. പന്തിൽ സ്പർശിച്ചതിന് ശേഷം കളിക്കാർ തമ്മിലുണ്ടാകുന്ന സ്വാഭാവികമായ സമ്പർക്കം ഫൗളായി കണക്കാക്കാനാകില്ല. അതൊരു പെനാൽറ്റി അല്ലാത്തതുകൊണ്ട് തന്നെ വാർ ഇടപെടേണ്ട കാര്യവുമില്ല."

റഫറിമാരെ സ്വാധീനിക്കാൻ ഫിഫ പ്രസിഡന്റിന് പോലും കഴിയില്ലെന്നും, ലോകത്തെ മികച്ച റഫറിമാരിലൊരാളായ ലെറ്റെക്‌സിയർ ഫുട്ബോൾ നിയമങ്ങൾ കൃത്യമായി പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഫിഫ അടിവരയിടുന്നു. വൈകാരികത മാറ്റിവെച്ച് നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, ഫ്രഞ്ച് റഫറിയുടെ തീരുമാനങ്ങൾ കുറ്റമറ്റതാണെന്ന് ഫുട്ബോൾ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Referee François Letexier Defended by FIFA’s Pierluigi Collina
Next Story