Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഅഞ്ചടിച്ച് പറങ്കിപ്പട;...

അഞ്ചടിച്ച് പറങ്കിപ്പട; പഞ്ചറായി ഉസ്ബെക്കിസ്ഥാൻ

text_fields
bookmark_border
അഞ്ചടിച്ച് പറങ്കിപ്പട; പഞ്ചറായി ഉസ്ബെക്കിസ്ഥാൻ
cancel

ഹൂസ്റ്റൺ: ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗലിന് ആധികാരിക വിജയം. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ തകർത്തത്. റൊണാൾഡോയുടെ ഇരട്ടഗോളുകൾക്ക് പുറമെ നുനോ മെൻഡസ്, റാഫേൽ ലിയാവോ എന്നിവരും ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഇടംപിടിച്ചു. ഉസ്ബെക്കിസ്ഥാൻ താരം അബ്ദുഖോദിർ ഖുസാനോവിന്റെ സെൽഫ് ഗോളാണ് പോർച്ചുഗലിന്റെ ലീഡ് അഞ്ചാക്കിയത്.

ആദ്യ മത്സരത്തിലെ അപ്രതീക്ഷിത സമനിലയ്ക്ക് ശേഷം, രണ്ട് മാറ്റങ്ങളുമായാണ് പരിശീലകൻ റോബർട്ടോ മാർട്ടിനസ് ഇന്ന് ടീമിനെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ ബെർണാഡോ സിൽവ ഇന്ന് ബെഞ്ചിലിരുത്തി ജോവോ ഫെലിക്‌സിന് അവസരം നൽകി. പ്രതിരോധതാരം തോമസ് അറൂജോക്ക് പകരം റൂബൻ ഡയസും ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നു. മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസും വിറ്റീഞ്ഞയും നടത്തിയ നീക്കങ്ങൾ ഉസ്ബെക്കിസ്ഥാൻ പ്രതിരോധത്തെ അക്ഷരാർഥത്തിൽ വിറപ്പിച്ചു. ഫാബിയോ കന്നവാരോയുടെ കീഴിൽ എത്തിയ ഉസ്ബെക്കിസ്ഥാൻ ടീം തുടക്കത്തിൽ ചില ചെറുത്തുനിൽപ്പുകൾ നടത്തിയെങ്കിലും പോർച്ചുഗലിന്റെ വേഗതയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കളിച്ച രണ്ട് കളിയിലും തോൽവി ഏറ്റുവാങ്ങിയ ഉസ്ബെക്കിസ്ഥാൻ ടൂർണമെന്‍റിൽ നിന്നും പുറത്തായി.

ആറാം മിനിറ്റിൽ തന്നെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെയാണ് പോർച്ചുഗൽ ലീഡ് നേടിയത്. ടൂർണമെന്റിലുടനീളം നേരിട്ട കടുത്ത വിമർശനങ്ങൾക്ക് റൊണാൾഡോ മറുപടി നൽകിയത് തന്റെ തനത് ശൈലിയിലുള്ള ഫിനിഷിംഗിലൂടെയാണ്. മൈതാനത്തിന്‍റെ വലതുവിങ്ങിൽ നിന്നും ജോ കാൻസലോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ആദ്യ ടച്ചിൽ തന്നെ റൊണാൾഡോ അനായാസം വലയിലാക്കി. ഇതോടെ കളിച്ച ആറ് ലോകകപ്പിലും ഗോൾ നേടുന്ന ആദ്യതാരമെന്ന റെക്കോഡും റൊണാൾഡോ തന്‍റെ പേരിലാക്കി. 17 -ാം മിനിറ്റിൽ പറങ്കിപ്പട വീണ്ടും വലകുലുക്കി. ബോക്സിന് തൊട്ട് വെളിയിൽ നിന്നും നൂനോ മെൻഡസ് തൊടുത്ത ഫ്രീകിക്ക് ഉസ്ബെക്കിസ്ഥാന്‍റെ പ്രതിരോധ മതിലുകൾക്കിടയിലൂടെ ഗോളിയെ കാഴ്ചക്കാനാക്കി വലയെ ചുംബിച്ചു. എതിർ താരങ്ങൾ റൊണാൾഡോ കിക്കെടുക്കുമെന്ന് കരുതിയെങ്കിലും, എല്ലാവരെയും കബളിപ്പിച്ച് നുനോ മെൻഡസാണ് ആ കിക്കെടുത്തത്. മത്സരത്തിന്‍റെ 31 -ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ പോർച്ചുഗീസ് വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. ബോക്സിന് പുറത്ത് നിന്നും തൊടുത്ത് അസീസ് ഗാനീവ് നേടിയ മനോഹരമായ ഗോൾ വാർ പരിശോധനയിൽ ഫൗൾ ആണെന്ന് കണ്ടെത്തുകയായിരുന്നു. 39-ാം മിനിറ്റിൽ റൊണാൾഡോ വീണ്ടും സ്കോർ ചെയ്തു. ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹരമായ പാസ് അനായാസം വലയിലാക്കി റൊണാൾഡോ പോർച്ചുഗലിന്റെ ലീഡ് 3-0 ആക്കി ഉയർത്തി.

ആദ്യ പകുതിയിൽ തന്നെ 3-0ത്തിന് മുന്നിലെത്തിയ പോർച്ചുഗൽ, രണ്ടാം പകുതിയിലും ആധിപത്യം തുടർന്നു. ഉസ്ബെക്കിസ്ഥാൻ പ്രതിരോധം പോർച്ചുഗലിന്റെ വേഗതയ്ക്ക് മുന്നിൽ പൂർണ്ണമായും തകർന്നു. ഏറെ വൈകാതെ 60-ാം മിനിറ്റിൽ നാലാം ഗോളും പിറന്നു. ബ്രൂണോ ഫെർണാണ്ടസ് എടുത്ത താഴ്ന്ന കോർണർ കിക്ക് ബോക്സിനുള്ളിൽ ജോ ഫെലിക്സ് നേരിയ രീതിയിൽ ടച്ച് ചെയ്യാൻ ശ്രമിച്ചു. പന്തിന്റെ ഗതി മാറിയപ്പോൾ ഉസ്ബെക്കിസ്ഥാൻ പ്രതിരോധ താരം അബ്ദുഖോദിർ ഖുസാനോവിന്റെ കാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് പോർച്ചുഗലിന്റെ അഞ്ചാം ഗോൾ പിറന്നത്. ഉസ്ബെക്കിസ്ഥാൻ പ്രതിരോധം അശ്രദ്ധമായി നിന്ന നിമിഷത്തിൽ, നെൽസൺ സെമെഡോ ഇടതുവശത്തേക്ക് അതിവേഗം പന്ത് പാസ് ചെയ്തു. ഓടിക്കയറിയ റാഫേൽ ലിയാവോ പന്ത് ലഭിച്ചയുടൻ മനോഹരമായ ഒരു ഫിനിഷിംഗിലൂടെ ഗോൾ പട്ടിക പൂർത്തിയാക്കി.

വിമർശകരുടെ വായയടപ്പിച്ച് റെണോർഡോ നേടിയ രണ്ട് ഗോളോടെ ലോകകപ്പിൽ പോർച്ചുഗലിനായി കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും ഇതിഹാസതാരം തന്‍റെ പേരിലാക്കി. ഒൻപത് ഗോൾ നേടിയ മുൻ പോർച്ചുഗൽ താരം യുസേബിയോയാണ് പത്ത് ഗോളുമായി ക്രിസ്റ്റ്യാനോ മറികടന്നത്.

കൂടാതെ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾ സ്‌കോറർ എന്ന റെക്കോഡും റെണോൾഡോ തന്‍റെ പേരിൽ കുറിച്ചു. 41 വയസ്സും 138 ദിവസവുമാണ് താരത്തിന്റെ പ്രായം.ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോറർ മുൻ കാമറൂൺ താരം റോജർ മില്ലയാണ്. 42 വയസ്സും 39 ദിവസവുമാണ് 1994 ലോകകപ്പിൽ ഗോൾ നേടുമ്പോൾ റോജർ മില്ലയുടെ പ്രായം. അമേരിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ റഷ്യക്കെതിരേയാണ് റോജർ മില്ല റെക്കോഡ് കുറിച്ച ഗോൾ നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldofootballportugalFootball NewsuzbekistanPortugal TeamWorld Cup recordFIFA World Cup 2026
News Summary - Record-Breaking Ronaldo Leads Portugal to Stunning 5-0 Victory Over Uzbekistan
Next Story