'മൂങ്ങ ഇതിലും നന്നായി കാണും, കാണേണ്ട കാഴ്ചകളൊന്നും മിസ്സാക്കാറില്ല, ഫിഫക്കും അർജന്റീനക്കും ട്രോളുമായി പുത്തൂർ സുവോളജിക്കൽ പാർക്ക്
text_fieldsതൃശൂര്‍: ലോകകപ്പ് ഫുട്ബാൾ ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കെ, ഫിഫക്കും അർജന്റീനക്കും ട്രോളുമായി തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്ക്. പാർക്കിലെ 'ഫിഷ് ഔൾ'എന്ന ഇനം മൂങ്ങയെ പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കിയ പോസ്റ്ററാണ് ട്രോളായി മാറിയിരിക്കുന്നത്. അർജന്റീനയുടെ പതാകയും ആരാധകരെയും പശ്ചാത്തലമാക്കി, ഒരു ഫുട്ബാൾ പോസ്റ്റിന് മുകളിൽ ഇരിക്കുന്ന മൂങ്ങയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ചിത്രത്തിൽ 'മൂങ്ങ ഇതിലും നന്നായി കാണും' എന്ന രസകരമായ വാചകവും നൽകിയിട്ടുണ്ട്.
"കണ്ണ് തുറന്ന് കാണേണ്ട കാഴ്ചകളൊന്നും മൂങ്ങകൾ മിസ്സ് ചെയ്യാറില്ല..! ഫിഷ് ഔളിനെ കാണാൻ വരൂ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്," എന്ന അടിക്കുറിപ്പോടെയാണ് പാർക്കിന്റെ ഔദ്യോഗിക പേജിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ശ്രദ്ധ ആകർഷിക്കുന്നതിനായി വേൾഡ് കപ്പ് 2026, അർജന്റീന എന്നീ ഹാഷ്‌ടാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്തമായ ഈ പ്രൊമോഷൻ തന്ത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. പാർക്ക് അധികൃതരുടെ ക്രിയേറ്റിവിറ്റിയെ ഒരു വിഭാഗം പ്രശംസിക്കുമ്പോൾ, പോസ്റ്റിന് താഴെ മറുപടികളുമായും പ്രതിഷേധവുമായും അർജന്റീന ആരാധകരും സജീവമാണ്.
നേരത്തെ, അർജന്റീനയെ പരിഹസിച്ചുകൊണ്ട് കേരള പൊലീസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരായ മത്സരത്തിൽ റഫറിയുടെ ചില തീരുമാനങ്ങൾ ടീം മെസ്സിക്ക് അനുകൂലമായിരുന്നു എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേരള പൊലീസിന്റെ ട്രോൾ. എന്നാൽ ആരാധകരുടെ ഭാഗത്ത് നിന്നും കടുത്ത വിമർശനമുയരുകയും, മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി ലഭിക്കുകയും ചെയ്തതോടെ പൊലീസ് ഈ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കും റഫറിയുടെ കാഴ്ചാപരിമിതിയെ പരോക്ഷമായി പരിഹസിക്കുന്ന ട്രോളുമായി രംഗത്തെത്തിയിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കായ പുത്തൂർ പാർക്ക് കഴിഞ്ഞ വർഷമാണ് പൂർണ്ണസജ്ജമാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പുതിയ പോസ്റ്റ് വൈറലായതോടെ പാർക്കിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

