പ്രീമിയർ ലീഗ് പൂരം ഇനി ലോകകപ്പിൽ; സലാഹും ഡി ബ്രൂയ്‌നെയും നേർക്കുനേർ; ബെൽജിയം - ഈജിപ്ത് പോരാട്ടത്തിന് സീറ്റിലിൽ അരങ്ങൊരുങ്ങി
text_fieldsവാഷിങ്ടൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന അത്യന്തം ആവേശകരമായ കിരീടപ്പോരാട്ടങ്ങളുടെ വീറും വാശിയും ഇനി ലോകകപ്പിന്റെ വലിയ വേദിയിലേക്ക്. ഗ്രൂപ്പ് ജിയിലെ ഏറ്റവും നിർണായകമായ മത്സരത്തിൽ ബെൽജിയവും ഈജിപ്തും ചൊവ്വാഴ്ച അമേരിക്കയിലെ സീറ്റിലിൽ നേർക്കുനേർ വരുമ്പോൾ ഫുട്ബാൾ ലോകം കാത്തിരിക്കുന്നത് കെവിൻ ഡി ബ്രൂയ്‌നെയും മുഹമ്മദ് സലാഹും തമ്മിലുള്ള മറ്റൊരു ക്ലാസിക് പോരാട്ടത്തിനാണ്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തി നോക്കൗട്ടിലേക്ക് യോഗ്യത നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ഇരു ടീമുകളും ആദ്യ മത്സരത്തിൽ തന്നെ ഏറ്റുമുട്ടുമ്പോൾ പോരാട്ടം കടുക്കുമെന്നുറപ്പാണ്.
'മക്കൾ ഒരേ സ്കൂളിൽ പഠിച്ചവർ, പക്ഷെ മൈതാനത്ത് വിട്ടുവീഴ്ചയില്ല'; സലാഹെക്കുറിച്ച് ഡി ബ്രൂയ്‌നെ
മത്സരത്തിന് മുന്നോടിയായി ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാഹെക്കുറിച്ചുള്ള തന്റെ വ്യക്തിപരമായ ഓർമ്മകളും സൗഹൃദവും ബെൽജിയം നായകൻ കെവിൻ ഡി ബ്രൂയ്‌നെ പങ്കുവെച്ചു. കഴിഞ്ഞ പത്ത് വർഷത്തോളമായി പ്രീമിയർ ലീഗിൽ തങ്ങൾ പരസ്പരം മത്സരിക്കുകയാണെന്നും തങ്ങളുടെ കുട്ടികൾ ഒരേ സ്കൂളിലാണ് പഠിച്ചതെന്നും ഡി ബ്രൂയ്‌നെ ഓർമ്മിപ്പിച്ചു. സ്കൂളിൽ വെച്ച് സലാഹുമായി ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും വ്യക്തിപരമായി അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണെന്നും പറഞ്ഞ ബെൽജിയം താരം, പഴയ പ്രീമിയർ ലീഗ് കാലത്തെപ്പോലെ ലോകകപ്പ് വേദിയിൽ വീണ്ടുമൊരു മികച്ച പോരാട്ടത്തിൽ പരസ്പരം മത്സരിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
ലുകാകു പുറത്തിരുന്നേക്കും; പ്രതിരോധത്തിലും മുന്നേറ്റത്തിലും പരീക്ഷണങ്ങളുമായി ബെൽജിയം
ബെൽജിയം ക്യാമ്പിൽ പരിശീലകൻ റൂഡി ഗാർഷ്യക്ക് മുന്നിൽ ചില കടുത്ത തെരഞ്ഞെടുപ്പുകൾ ബാക്കിയുണ്ട്. മുന്നേറ്റ നിരയിൽ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ റൊമേലു ലുകാകു പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കാത്തത് ബെൽജിയത്തിന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ പരിക്കിനെത്തുടർന്ന് വെറും അഞ്ച് സിരി എ മത്സരങ്ങളിൽ മാത്രം കളിച്ച ലുകാകുവിന് പകരം അറ്റലാന്റയുടെ യുവതാരം ചാൾസ് ഡി കെറ്റലാറെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. കൂടാതെ പ്രതിരോധ നിരയിൽ സെനോ ഡെബാസ്റ്റിന് തുടയിലെ പരിക്ക് കാരണം ആദ്യ മത്സരങ്ങളിൽ കളിക്കാനാകില്ല. അതിനാൽ ആർതർ തിയേറ്റെ, ബ്രാൻഡൻ മെച്ചലെ, നാഥൻ എൻഗോയ് എന്നിവരിൽ രണ്ടുപേരെയാകും ഗാർഷ്യ സെൻട്രൽ ഡിഫൻസിലേക്ക് നിയോഗിക്കുക. മധ്യനിരയിൽ ആസ്റ്റൺ വില്ലയുടെ അമാദൂ ഒനാനയും ക്യാപ്റ്റൻ യൂറി ടീലേമാൻസും അണിനിരക്കുമ്പോൾ, ലീഡ് റോൾ ഡി ബ്രൂയ്‌നെക്കും ഡോക്കുവിനും ആയിരിക്കും. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പർ കീപ്പർ തിബോ കോർട്ടുവ ബെൽജിയത്തിന്റെ ഗോൾവല കാക്കാൻ തിരിച്ചെത്തുന്നു എന്നതും ടീമിന് ആത്മവിശ്വാസം നൽകുന്നു.
പരിക്കുമാറി സലാഹ് എത്തുമ്പോൾ ചരിത്ര ജയം സ്വപ്നം കണ്ട് ഈജിപ്ത്
ചരിത്രത്തിലെ തങ്ങളുടെ ആദ്യ ലോകകപ്പ് വിജയമെന്ന സ്വപ്നവുമായി ഇറങ്ങുന്ന ഈജിപ്ത് ക്യാമ്പിൽ നിലവിൽ പരിക്കിന്റെ ആശങ്കകളൊന്നുമില്ല. ലിവർപൂളിലെ തന്റെ അവസാന സീസണിൽ ഏറ്റ ഹാംസ്ട്രിംഗ് പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനായ മുഹമ്മദ് സലാഹ് തന്നെയാണ് ഫറവോമാരുടെ പ്രധാന ആയുധം. മാഞ്ചസ്റ്റർ സിറ്റിയുടെ ഒമർ മർമൂഷിനൊപ്പം സലാഹ് നയിക്കുന്ന ആക്രമണ നിര ഏത് വൻകിട പ്രതിരോധത്തെയും തകർക്കാൻ പോന്നതാണ്. പ്രതിരോധത്തിൽ ഹംദി ഫതി, യാസർ ഇബ്രാഹിം സഖ്യത്തിനാണ് മുൻഗണനയെങ്കിലും കോച്ച് ഹൊസാം ഹസ്സൻ അഞ്ചംഗ പ്രതിരോധ നിര പരീക്ഷിക്കാനും സാധ്യതയുണ്ട്. പരിചയസമ്പന്നനായ ഗോൾകീപ്പർ എൽ ഷെനാവിക്ക് പകരം യുവതാരം മുസ്തഫ ഷോബീർ ആദ്യ ഇലവനിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മർവാൻ അത്തിയയും ഇമാം ആശൂറും മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ ട്രെസെഗെ, സിസോ എന്നിവരും ആദ്യ ഇലവനിലെ സ്ഥാനത്തിനായി മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

