Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈജിപ്ഷ്യൻ കാണികളോട് അർജന്റീന ആരാധകരുടെ കലിപ്പ്; ബിയർ ഒഴിച്ചും കോച്ചിന് നേരെ ഇസ്രായേൽ പതാക വീശിയും അധിക്ഷേപം

text_fields
bookmark_border
ഈജിപ്ഷ്യൻ കാണികളോട് അർജന്റീന ആരാധകരുടെ കലിപ്പ്; ബിയർ ഒഴിച്ചും കോച്ചിന് നേരെ ഇസ്രായേൽ പതാക വീശിയും അധിക്ഷേപം
cancel

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരായ അർജന്റീനയുടെ 3-2 വിജയത്തിന് പിന്നാലെ ഫുട്ബാൾ ലോകത്ത് പുകയുന്നത് കടുത്ത രാഷ്ട്രീയ-വംശീയ വിവാദങ്ങൾ. കളിക്കളത്തിൽ റഫറിയുടെയും വാറിന്റെയും പക്ഷപാതപരമായ തീരുമാനങ്ങൾക്ക് ഇരയായി ഈജിപ്ത് പുറത്തായതിനൊപ്പം, ഗാലറിയിൽ അർജന്റീനൻ ആരാധകർ അഴിച്ചുവിട്ട അതിക്രമങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഈജിപ്ഷ്യൻ പരിശീലകനെ പ്രകോപിപ്പിക്കാൻ ഇസ്രായേൽ പതാക വീശിയതുൾപ്പെടെയുള്ള സംഭവങ്ങൾ, ഫുട്ബാളിന്റെ കായിക മര്യാദകളെ ചോദ്യം ചെയ്യുന്നതാണ്.

ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ കഴിഞ്ഞ നോക്കൗട്ട് വിജയം ഗസ്സയിലെ ജനങ്ങൾക്കാണ് സമർപ്പിച്ചിരുന്നത്. ഫലസ്തീനിൽ നടക്കുന്ന വംശഹത്യക്കെതിരെയുള്ള കൃത്യമായ രാഷ്ട്രീയ നിലപാടായിരുന്നു അത്. എന്നാൽ ഇതിനെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രീക്വാർട്ടർ മത്സരത്തിനിടെ അർജന്റീനൻ ആരാധകൻ ഇസ്രായേൽ പതാക ഗാലറിയിൽ വീശിയത്.

മത്സരശേഷം ഈജിപ്ഷ്യൻ ആരാധകർക്ക് നേരെ അർജന്റീനൻ ആരാധകർ ബിയർ ഒഴിച്ചതാണ് മറ്റൊരു ഗുരുതരമായ സംഭവം. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. "എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മോശം ആരാധകർ അർജന്റീനക്കാരാണ്" എന്നാണ് ഒരു ഈജിപ്ഷ്യൻ ആരാധകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. നേരത്തെ അൽജീരിയക്കെതിരെയുള്ള മത്സരത്തിലും അർജന്റീനൻ ആരാധകരിൽ നിന്ന് സമാനമായ അധിക്ഷേപങ്ങൾ ഉണ്ടായതായി ആരോപണമുയർന്നിരുന്നു.

അർജന്റീനൻ ആരാധകരുടെ വംശീയ അധിക്ഷേപങ്ങൾ ഈജിപ്തിനെതിരായ മത്സരത്തിൽ മാത്രം ഒതുങ്ങുന്നില്ല. കേപ് വെർഡെയ്‌ക്കെതിരായ അർജന്റീനയുടെ മത്സരത്തിനിടെ പ്രശസ്ത യൂട്യൂബർ ഐഷോസ്പീഡിന് നേരെ നടന്ന വംശീയാധിക്ഷേപത്തിൽ ഫിഫ നിലവിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലയണൽ മെസ്സിയടക്കമുള്ള അർജന്റീനൻ താരങ്ങൾ വംശീയതയ്ക്കെതിരെ നിരന്തരം ശബ്ദമുയർത്തുമ്പോഴാണ്, അവരുടെ ആരാധകർ തന്നെ ഗാലറികളിൽ വംശീയതയുടെയും വിവേചനത്തിന്റെയും വക്താക്കളാകുന്നത്.

ഗാലറിയിലെ അതിക്രമങ്ങൾക്കൊപ്പം കളിക്കളത്തിലെ റഫറിയിങ് പിഴവുകളും ഈജിപ്തിന്റെ മുറിവിൽ ഉപ്പുവെക്കുന്നതായിരുന്നു. മൊസ്തഫ സിക്കോയിലൂടെ ഈജിപ്ത് നേടിയ ആദ്യ ഗോൾ വാർ അനാവശ്യമായി റദ്ദാക്കിയപ്പോൾ, ഈജിപ്ഷ്യൻ പരിശീലകൻ ഹൊസാം ഹസ്സൻ കൈകൾ കൊണ്ട് 'X' ചിഹ്നം കാണിച്ച് കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഫിഫ അധികൃതർ ഗ്രൗണ്ടിലെത്തി അദ്ദേഹവുമായി സംസാരിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ലോക ചാമ്പ്യന്മാരെയും ലയണൽ മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫയും മാച്ച് ഒഫീഷ്യലുകളും ചേർന്ന് നടത്തിയ ഒത്തുകളിയാണ് അറ്റ്‌ലാന്റയിൽ അരങ്ങേറിയതെന്ന ഹൊസാം ഹസ്സന്റെ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് തുടർന്നുവന്ന ഓരോ സംഭവവികാസങ്ങളും.

വംശീയതയെയും വംശഹത്യയെയും എവിടെ കണ്ടാലും എതിർക്കപ്പെടേണ്ടതുണ്ട് എന്ന ആഗോള ബോധ്യത്തെയാണ് അർജന്റീനൻ ആരാധകരുടെ ഇത്തരം പ്രവൃത്തികൾ കളങ്കപ്പെടുത്തുന്നത്. വിവേചനങ്ങളില്ലാത്ത ഫുട്ബോൾ എന്ന മുദ്രാവാക്യം ഫിഫയ്ക്ക് വെറുമൊരു കടലാസ് പുലി മാത്രമാണോ എന്ന് വരും ദിവസങ്ങളിലെ അവരുടെ നിലപാടുകൾ വ്യക്തമാക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Political and Racial Controversy Erupts After Argentina-Egypt World Cup Match
Next Story