Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right"ഒരു വർഷം മുമ്പത്തെ...

"ഒരു വർഷം മുമ്പത്തെ പ്രവചനം; '19.07.26' യാഥാർഥ്യമാക്കി സ്പെയിൻ ഫൈനലിൽ."

text_fields
bookmark_border
ഒരു വർഷം മുമ്പത്തെ പ്രവചനം; 19.07.26 യാഥാർഥ്യമാക്കി സ്പെയിൻ ഫൈനലിൽ.
cancel

ഡാളസ്: ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫൈനലിലെത്തിയതിന് പിന്നാലെ ഫുട്ബാൾ ലോകം ചർച്ച ചെയ്യുന്നത് ഒരു വർഷം മുമ്പ് സ്പാനിഷ് മധ്യനിര താരം പെഡ്രി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഫ്രഞ്ച് പടയെ തകർത്തെറിഞ്ഞ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്ത സ്പാനിഷ് യുവനിരയുടെ ലക്ഷ്യം എത്രത്തോളം വ്യക്തമായിരുന്നു എന്ന് ലോകത്തിന് കാണിച്ച് കൊടുക്കുന്നതാണ് ആ പോസ്റ്റ്.

പെഡ്രി കുറിച്ച '19.07.26'

ജൂൺ 8, 2025. സ്പാനിഷ് ഫുട്ബോൾ ടീം കണ്ണീരണിഞ്ഞ ദിവസം. യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർച്ചുഗലിനോട് പരാജയപ്പെട്ട ആ ഞായറാഴ്ച കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്പാനിഷ് മിഡ്ഫീൽഡർ പെഡ്രി ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടത്. ലാമിൻ യമാലിന്റെയും നിക്കോ വില്യംസിന്റെയും തോളിൽ കൈയിട്ട് പെഡ്രി നിൽക്കുന്ന പിന്നിൽ നിന്നുള്ള ഒരു ചിത്രമായിരുന്നു അത്. വികാരഭരിതമായ വാക്കുകൾക്ക് പകരം പെഡ്രി അടിക്കുറിപ്പായി നൽകിയത് ഒരേയൊരു തീയതിയാണ്; "19.07.26". അതെ, ഈ വർഷം ന്യൂയോർക്കിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിന്റെ തിയതിയായിരുന്നു അത്.

അന്ന് പലരും ഇതൊരു അതിമോഹമായി തള്ളിക്കളഞ്ഞെങ്കിലും ലാമിൻ യമാൽ ഈ പോസ്റ്റ് റീപോസ്റ്റ് ചെയ്തതോടെ സ്പാനിഷ് യുവനിര തങ്ങളുടെ ലക്ഷ്യം എന്താണെന്ന് അടിവരയിട്ടു. കൃത്യം 13 മാസങ്ങൾക്ക് ശേഷം, സെമിയിലെ അത്യുജ്ജ്വല വിജയത്തോടെ സ്പെയിൻ ആ തിയതിയിലേക്ക് കളിച്ചെത്തിയിരിക്കുന്നു. അതും കിരീട ഫേവറിറ്റുകളായ ഫ്രാൻസിനെ തന്നെ വീഴ്ത്തിക്കൊണ്ട്.

തടുക്കാനോ ആക്രമിച്ച് കീഴടക്കാനോ കഴിയാത്ത പ്രവാഹമായിരുന്നു ഈ ലോകകപ്പിലെ ഫ്രഞ്ച് അധിനിവേശം. ഒരുവശത്ത് എംബാപ്പെ, മറുവശത്ത് ഡെംബലെ, മധ്യത്തിൽ ഒലീസെ. എന്നാൽ ഫ്രഞ്ച് വിപ്ലവം പ്രതീക്ഷിച്ചിടത്ത് സെമിയിൽ നിശബ്ദ വിപ്ലവമാണ് സ്പെയിൻ തീർത്തത്. എംബാപ്പെയെ പൂട്ടിയായിരുന്നു തുടർച്ചയായ മൂന്നാം ഫൈനൽ എന്ന ഫ്രഞ്ച് മോഹം സ്പെയിൻ തകർത്തത്. 90 മിനിറ്റിൽ 34 ടച്ചുണ്ടായിട്ടും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും എംബാപ്പെയ്ക്ക് പായിക്കാനായില്ല എന്ന് പറയുമ്പോൾ തന്നെ സ്പാനിഷ് പ്രതിരോധം എത്രത്തോളം കരുത്തുറ്റതായിരുന്നു എന്ന് വ്യക്തമാണ്.

എംബാപ്പെയുടെയോ ഒലീസയുടേയോ കാലിൽ പന്തെത്തുമ്പോൾ ടോട്ടൽ ഫുട്ബോൾ ശൈലിയിലാണ് സ്പെയിൻ പന്ത് റാഞ്ചിയെടുക്കുകയോ ക്ലിയർ ചെയ്യുകയോ ചെയ്തത്. റോഡ്രിയുടെ വെർട്ടിക്കൽ മിഡ്ഫീൽഡ് പ്രയാണത്തെ പിൻപറ്റി കൃത്യതയും വ്യക്തതയുമുള്ള പാസിങ് ഗെയിമുമായി സ്പെയിൻ കളംനിറഞ്ഞാടിയപ്പോൾ എംബാപ്പെയും സംഘവും ഏറക്കുറേ കാഴ്ചക്കാരായി. പെനാൽറ്റി ബോക്സിന്റെ അതിർവരമ്പിൽ പരിക്കിന്റെ സാധ്യത പോലും മറന്ന് ലാമിൻ യമാൽ നടത്തിയ സാഹസികതയിൽ നിന്നാണ് സ്പെയിനിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയ പെനാൽറ്റി പിറന്നത്. മൈക്കൽ ഒയർസബാൽ അത് ഭംഗിയായി വലയിലെത്തിച്ചു. പിന്നീട് പെഡ്രോ പോറോയിലൂടെ സ്പെയിൻ തങ്ങളുടെ രണ്ടാം ഗോളും കണ്ടെത്തി. ഒടുവിൽ നിരാശനായ ഫ്രഞ്ച് നായകൻ എംബാപ്പെ സ്പാനിഷ് ഗോളിയെ ഫൗൾചെയ്തതിന് മഞ്ഞക്കാർഡ് വാങ്ങുന്നതും ഡാലസ് കണ്ടു.

പല രീതിയിൽ 2008-12 കാലത്തെ സ്പാനിഷ് നിര ഇന്നത്തെ ടീമിനെ അനുസ്മരിപ്പിക്കുന്നുണ്ട്. സാവി, ഇനിയെസ്റ്റ, പ്യുയോൾ തുടങ്ങിയ ഇതിഹാസങ്ങൾ കളം വാണ ടിക്കി-ടാക്കയുടെ സുവർണ്ണകാലം. ഇന്ന് മാർക്ക് കുക്കുറെയ്യ ഒരേസമയം സ്വന്തം പോസ്റ്റിൽ അപകട ഭീഷണി ഒഴിവാക്കിയും എതിർപോസ്റ്റിൽ വരെ പന്തെത്തിക്കാൻ നിറഞ്ഞുകളിക്കുമ്പോഴും, 19 വയസ്സുകാരൻ പാവു കുബാർസി ലോകകപ്പിലെ മികച്ച ഡിഫൻഡറായി മാറുമ്പോഴും സ്പെയിൻ പഴയ പ്രതാപത്തിലേക്ക് തിരികെ നടക്കുകയാണ്.

മധ്യനിരയിൽ റോഡ്രിയും ഫാബിയൻ റൂയിസും കളി നിയന്ത്രിക്കുന്നു. കുബാർസി നയിക്കുന്ന പ്രതിരോധവും ഉനായ് സിമോണിന്റെ ചോരാത്ത കൈകളും ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. 2019-ൽ യൂറോ അണ്ടർ 19 കിരീടം സ്പെയിൻ നേടിയിടത്താണ് ഈ രണ്ടാം വരവ് തുടങ്ങുന്നത്. 2023-ൽ നേഷൻസ് ലീഗ് കിരീടം, 2024-ൽ യൂറോ കപ്പ് നേട്ടം; ഈ കിരീട നേട്ടങ്ങളിലുമെല്ലാം യുവനിര സ്പാനിഷ് പടയുടെ ഇന്ധനമായി. ഇപ്പോൾ 37 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള മുന്നേറ്റത്തിലാണ് സ്പെയിൻ. ഇതിൽ 28 വിജയവും ഒമ്പത് സമനിലയും ഉൾപ്പെടുന്നു. സാവിയും ഇനിയെസ്റ്റയും കളംവാണ 2007-09 കാലത്തെ റെക്കോഡാണ് ഈ യുവനിര തകർത്തത്.

2010ൽ ചരിത്രത്തിലാദ്യമായി മുത്തമിട്ട ലോകകിരീടം 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ലക്ഷ്യമിട്ടാണ് സ്പെയിൻ ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് വണ്ടി കയറുന്നത്. അവിടെ കലാശപ്പോരാട്ടത്തിൽ അർജന്റീന - ഇംഗ്ലണ്ട് സെമി ഫൈനൽ വിജയികളെ സ്പെയിൻ നേരിടും. പെഡ്രി കുറിച്ച ആ തീയതിയിൽ ചരിത്രം ആവർത്തിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpainPedriFIFA World Cup 2026lamineyamalNico Williams
News Summary - Pedri's Prediction: Spain Reaches World Cup Final
Next Story