Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightനോർവേയുടെ...

നോർവേയുടെ വഞ്ചിപ്പാട്ട്, എ​ന്താ​ണ് നോ​ർ​വേ​യു​ടെ വൈ​ക്കി​ങ് ആ​ഘോ​ഷം?

text_fields
bookmark_border
നോർവേയുടെ വഞ്ചിപ്പാട്ട്, എ​ന്താ​ണ് നോ​ർ​വേ​യു​ടെ വൈ​ക്കി​ങ് ആ​ഘോ​ഷം?
cancel

നോർവേ താരം എർലിങ് ഹാളണ്ട് സ്വന്തം രാജ്യത്തിനു പലതും നേടിക്കൊടുത്തിട്ടുണ്ട്- ലോകകപ്പ് ഫുട്ബാൾ യോഗ്യത ഉൾപ്പെടെ. എന്നാൽ, കഴിഞ്ഞ വർഷം ഡിസംബറിൽ അദ്ദേഹം രാജ്യത്തിനുവേണ്ടി നേടിയത് ഒരു പുസ്തകമാണ്- ഒന്നേകാൽ കോടി രൂപയുള്ള ഒരു പുസ്തകം! 1594ൽ പ്രിന്റ് ചെയ്ത ഒരു പുരാതന പുസ്തകത്തിന്റെ ആദ്യ കോപ്പിയായിരുന്നു അത്.

നോർഡിക് ചരിത്രകാരൻ സ്നോറി സ്റ്റർലുസൻ എഴുതിയ ആ പുസ്തകം 10ാം നൂറ്റാണ്ടിലെ യുദ്ധവീരന്മാരായ വൈക്കിങ്ങുകളെക്കുറിച്ചുള്ളതായിരുന്നു. ഓൺലൈൻ ലേലത്തിൽ സ്വന്തമാക്കിയ പുസ്തകം താൻ ജനിച്ചുവളർന്ന ബ്രൈനിലെ ലൈബ്രറിക്കു നൽകിയതിനുശേഷം ഹാളണ്ട് പറ‍ഞ്ഞു-ആ പുസ്തകം എപ്പോഴും തുറന്നു കിടക്കട്ടെ. നമ്മൾ എവിടെനിന്നു വന്നവരാണെന്ന് എല്ലാവരും അറിയട്ടെ!

വൈക്കിങ്ങുകളുടെ പിൻഗാമികളാണ് തങ്ങളെന്ന് നോർവേക്കാർ പേർത്തും പേർത്തും പറയുന്ന കാര്യമാണ്. ഇത്തവണ ലോകത്തോടുതന്നെ അതു തുറന്നുപറയാൻ അവർക്കൊരു മാർഗം കിട്ടി- ലോകകപ്പ് ഫുട്ബാൾ. അമേരിക്കൻ നഗരങ്ങളിലെ തെരുവുകളിൽ ഇപ്പോൾ ഗോളടിച്ചു മുന്നേറുന്നത് നോർവീജിയൻ ആരാധകരാണ്. അവരുടെ സവിശേഷമായ വൈക്കിങ് റോ ആഘോഷത്തിലൂടെയാണത്. നമ്മുടെ തിത്തിത്താരാ തിത്തിത്തെയ് പോലെ പ്രത്യേക താളത്തിൽ, വഞ്ചി തുഴയുന്നതു പോലെ ആംഗ്യം കാണിച്ച്, ഒരേയീണത്തിൽ റോ എന്നു വിളിച്ചുപറയുന്ന ആ ആഘോഷം എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു.

സെനഗാളിനെതിരായ മത്സരത്തിനുശേഷം നോർവേ ടീം ഒന്നാകെ മൈതാനത്ത് വൈക്കിങ് റോ ആഘോഷം തീർത്തു. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് ഡ്രമ്മിൽ കൊട്ടുന്ന താളത്തിന് സൂപ്പർതാരം ഹാളണ്ടും സഹതാരങ്ങളും മൈതാനത്ത് കോറസ് പാടി- റോ!! പിന്നാലെ ടീമിന് പിന്തുണ പ്രഖ്യാപിച്ച് നോർവീജിയൻ പാർലമെന്റിലുമുണ്ടായി വൈക്കിങ് റോ ആഘോഷം.

ആരാണ് വൈക്കിങ്ങുകൾ?

എട്ടാം നൂറ്റാണ്ടു മുതൽ 11ാം നൂറ്റാണ്ടു വരെ ഉത്തരദേശ സമുദ്രങ്ങളിൽ ചുറ്റിയടിച്ചിരുന്ന ജനതയാണ് വൈക്കിങ്ങുകൾ. ഇന്നത്തെ നോർവേയും ഡെന്മാർക്കും സ്വീഡനുമെല്ലാം ഉൾപ്പെടുന്ന സ്കാൻഡിനേവിയൻ പ്രദേശത്തുനിന്നാണ് അവരുടെ ഉത്ഭവം.

എന്നാൽ, അവരുടെ പടയോട്ടം വടക്കെ ആഫ്രിക്ക മുതൽ പശ്ചിമേഷ്യ വരെയും ഗ്രീൻലാൻഡ് മുതൽ വിൻലാൻഡ് (ഇന്നത്തെ കാനഡയിലെ ന്യൂഫൗണ്ട്‍ലാൻഡ്) വരെയും നീണ്ടതായി രേഖകളുണ്ട്. ഇറ്റാലിയൻ പര്യവേക്ഷകൻ ക്രിസ്റ്റഫർ കൊളംബസിന് അഞ്ഞൂറു വർഷം മുമ്പേ വടക്കെ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാലുകുത്തിയവരാണ് വൈക്കിങ്ങുകൾ എന്നാണ് ചരിത്രം.

നോർവേക്കാർക്ക് വൈക്കിങ്ങുകൾ തങ്ങളുടെ പിൻഗാമികളായ വീരയോദ്ധാക്കളാണെങ്കിൽ ചരിത്രം പഠിക്കുന്നവരുടെ കണ്ണിൽ അവർക്കു മറ്റുപല മേൽവിലാസങ്ങളുമുണ്ട്- കടൽക്കൊള്ളക്കാർ, കപ്പൽ നിർമാതാക്കൾ, തിമിംഗലവേട്ടക്കാർ എന്നിവയെല്ലാം അതിലുൾപ്പെടുന്നു.

തങ്ങൾ കീഴടക്കിയിരുന്ന പ്രദേശങ്ങളിലുള്ളവരെ നിർദയം കൊലപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്തിരുന്നവരാണ് വൈക്കിങ്ങുകളെന്നും വാദമുണ്ട്. എന്നാൽ, ആ കാലഘട്ടത്തിൽ എല്ലായിടത്തും സാധാരണമായിരുന്ന ക്രൂരതയേ വൈക്കിങ്ങുകൾക്കുണ്ടായിരുന്നുള്ളൂ എന്ന് അവരെ അനുകൂലിക്കുന്നവർ പറയുന്നു.

നോർവേയോടുള്ള കുശുമ്പ്

ആധുനികകകാലത്ത് സിനിമകളിലൂടെയും സീരീസുകളിലൂടെയും വൈക്കിങ്ങുകൾ കാൽപനികവത്കരിക്കപ്പെട്ടത് ഗുണം ചെയ്തത് നോർവേക്കു തന്നെയാണ്. തങ്ങളുടെ രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള ഏറ്റവും വലിയ ഉപാധികളിലൊന്നായി അവർക്കത്. എന്നാൽ, നോർവേയുടെ ഈ വൈക്കിങ് വമ്പത്തരം അയൽക്കാരായ സ്വീഡൻകാർക്കും ഡെന്മ‍ാർക്കുകാർക്കും അത്ര പിടിക്കുന്നില്ലെന്നാണ് വാർത്തകൾ. തങ്ങൾക്കെല്ലാം പൊതുവായ ഒരു പാരമ്പര്യം ഇത്ര ഘോഷിക്കാനുണ്ടോ എന്നാണ് അവരുടെ ചോദ്യം.

ഉണ്ട് എന്ന് നോർവേയുടെ ഉത്തരം. ലോകകപ്പിനായി അമേരിക്കയിലേക്കു പുറപ്പെടുംമുമ്പ് നോർവേ ടീമിന്റെ ഫോട്ടോഷൂട്ട് തന്നെ വൈക്കിങ് വേഷത്തിലായിരുന്നു. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച ഫുട്ബാൾ ടീമായ നോർവേയോടുള്ള കുശുമ്പും സ്വീഡന്റെയും ഡെന്മാർക്കിന്റെയും പുച്ഛത്തിനു പിന്നിലുണ്ട് എന്നാണ് കഥകൾ.

അതെന്തുമാവട്ടെ, ലോകത്തെ മറ്റു രാജ്യങ്ങളിലുള്ളവർക്കെല്ലാം കടൽക്കൊള്ളക്കാർ എന്ന രീതിയിലുള്ള പ്രതിച്ഛായകളെല്ലാം മറന്ന് വൈക്കിങ്ങുകളെ സ്നേഹിക്കാൻ ഒരു കാരണമുണ്ട്. ഇംഗ്ലീഷ് ഭാഷയെ ഇത്ര ലളിതമാക്കിയത് അവരാണ് എന്നതാണത്. ഒരു ഉദാഹരണം ഇതാ- Their husband fell onto the dirt. ഈ ഇംഗ്ലീഷ് വാചകത്തിലെ എല്ലാ വാക്കുകളും വൈക്കിങ്ങുകളുടെ നോർസ് ഭാഷയിൽ നിന്നു സ്വീകരിച്ചവയാണ്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:norwayfootball teamerling haalandFIFA World Cup 2026
News Summary - Norway’s Viking Row celebration takes over World Cup
Next Story