‘പിച്ച് ഇൻവേഡർ’ എന്ന് തെറ്റിദ്ധരിച്ചു; സ്റ്റേഡിയത്തിൽ നെയ്മറിന്‍റെ മകനെ തടഞ്ഞുവെച്ച് സുരക്ഷ ജീവനക്കാർ; നാടകീയ സംഭവം ബ്രസീലിന്‍റെ ലോകകപ്പ് വിജയത്തിനു പിന്നാലെ -വിഡിയോ
text_fieldsമയാമി: 981 ദിവസത്തെ ഇടവേളക്കുശേഷം ബ്രസീൽ കുപ്പായത്തിൽ കളിക്കാനിറങ്ങിയ നെയ്മറെ സ്റ്റേഡിയം വലിയ കരഘോഷത്തോടെയാണ് വരവേറ്റത്. 76ാം മിനിറ്റിൽ പകരക്കാരനായാണ് സൂപ്പർതാരം കളത്തിലിറങ്ങിയത്.
നോക്കൗട്ട് റൗണ്ടുകളിൽ ബ്രസീലിന്‍റെ ഇനിയുള്ള മത്സരങ്ങളിൽ ആദ്യ ഇലവനിൽ തന്നെ പരിശീലകൻ കാർലോ ആഞ്ചലോട്ടി ടീമിനൊപ്പം നെയ്മറിയെനും കളിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. താരത്തിന്‍റെ തിരിച്ചുവരവ് ടീമിനും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഫൈനൽ വിസിലിനു പിന്നാലെ താരം വികാരാധീനനാകുകയും ചെയ്തു. കണ്ണുനീരണിഞ്ഞ താരം ഗ്രൗണ്ടിനു സമീപം നിന്നിരുന്ന പങ്കാളി ബ്രുണ ബിയാൻകാർഡിയുടെയും തന്റെ കുഞ്ഞ് മകളുടെയും അടുത്തേക്കാണ് ആദ്യം പോയത്. ഈസമയം ഗാലറിയിലുണ്ടായിരുന്ന നെയ്മറിന്റെ മകൻ ഗ്രൗണ്ടിലേക്ക് ഇറങ്ങി വരുമ്പോൾ പിച്ചിലേക്ക് അതിക്രമിച്ചു കയറുകയാണെന്ന് തെറ്റിദ്ധരിച്ച് സുരക്ഷ ജീവനക്കാർ തടഞ്ഞുവെച്ചു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
താരത്തിന്‍റെ മകനാണെന്ന് അറിയാതെയാണ് സുരക്ഷ ജീവനക്കാർ തടഞ്ഞുവെച്ചത്. അബദ്ധം മനസ്സിലായതോടെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്തു. പിന്നാലെ തന്‍റെ അടുത്തെത്തിയ മകന് കൈകൊടുത്ത് നെയ്മർ ചേർത്തുപിടിക്കുന്നതും വിഡിയോയിലുണ്ട്. നേരത്തെ, ഗ്രൗണ്ടിനു സമീപം മകളെ എടുത്ത് നിൽക്കുന്ന താരത്തിന്‍റെ ചിത്രവും പുറത്തുവന്നിരുന്നു. അനുവാദമില്ലാതെ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിന് ഫിഫ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ ഫുട്ബാൾ ക്ലബുകളും അധികൃതരും ശക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇതിന്റെ പേരിൽ വൻ തുക പിഴയോ, സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനുള്ള ആജീവനാന്ത വിലക്കോ വരെ ലഭിക്കാം.
മതേയൂസ് കുൻഹയുടെ പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങുന്നത്. എന്നാൽ, ആരാധകരെ ആവേശത്തിലാക്കുന്ന നീക്കങ്ങളൊന്നും താരത്തിന് സൃഷ്ടിക്കാനായില്ല. നെയ്മർ വാം-അപ്പ് ചെയ്യാൻ തുടങ്ങിയതുമുതൽ തന്നെ സ്റ്റേഡിയത്തിലെ ബ്രസീൽ ആരാധകർ അദ്ദേഹത്തിന്റെ പേര് ആവേശത്തോടെ ഏറ്റു വിളിക്കുന്നുണ്ടായിരുന്നു. സ്കോട്ട്ലൻഡിനെതിരെ 3-0ത്തിന് ആധികാരിക വിജയവുമായാണ് കാനറികൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയത്. സൂപ്പർതാരം വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുമായി തിളങ്ങി. മതേയൂസ് കുൻഹയാണ് ടീമിന്‍റെ മൂന്നാം ഗോൾ നേടിയത്. മഞ്ഞപ്പടയുടെ മിന്നലാക്രമണങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന സ്കോട്ടിഷ് പ്രതിരോധത്തെയാണ് മൈതാനത്ത് കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

