നോവേ; നെയ്മർ: കിരീടങ്ങളില്ലാത്ത സുൽത്താൻ
text_fieldsകാലം തെറ്റിപ്പിറന്ന കളിയുടെ സുൽത്താന് വിട. മോഹിച്ച കിരീടങ്ങളും, സിംഹാസനവുമില്ലെങ്കിലും നിങ്ങൾ തന്നെയാണ് ഈ കാലത്തെ കാനറികളുടെ രാജാവ്. പെലെയും ഗരിഞ്ചയും ദീദിയും മുതൽ റൊണോമാരും കഫുവും കാർലോസും വരെ വാണ ലോകഫുട്ബാളിലെ ബ്രസീലിയൻ സാംബാ ചുവടിന് നിങ്ങൾ നൽകിയ താളം എന്നും ഹൃദയങ്ങളിൽ തുടിപ്പായുണ്ടാകും. മഞ്ഞക്കുപ്പായത്തിലെ ഇതിഹാസങ്ങളെല്ലാം കിരീടച്ചിരിയോടെ ആരാധക മനസ്സിൽ ബിംബങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ, കിരീടങ്ങളുടെ അലങ്കാരമില്ലാത്ത സുൽത്താനാണ് നെയ്മർ. പന്തുതട്ടിയ നാല് ലോകകപ്പുകളിലും ഉണങ്ങാത്ത കണ്ണീർ ചിത്രമാവാൻ വിധിക്കപ്പെട്ടവൻ. തെക്കനമേരിക്കൻ ഫുട്ബാളിലെ കനകക്കിരീടമായ കോപ അമേരിക്കയിലും നഷ്ടക്കണക്കുകൾ മാത്രമുള്ള ഇതിഹാസം. ഇപ്പോഴിതാ, ഓർമകളുടെ മനസ്സിൽ ഫ്രെയിം ചെയ്യാനൊരു കിരീടചിത്രമില്ലാതെ 34ാം വയസ്സിൽ മഞ്ഞക്കുപ്പായത്തോട് വിടപറഞ്ഞ്, ജെൻ സീയുടെ സൂപ്പർതാരം പടിയിറങ്ങുന്നു.
2010 ആഗസ്റ്റ് പത്തിന് ന്യൂജഴ്സി സ്റ്റേഡിയത്തിൽ അമേരിക്കക്കെതിരെ ബൂട്ടുകെട്ടി തുടങ്ങിയ 18കാരൻ, 16 വർഷത്തിനുശേഷം പടിയിറങ്ങിയതും അതേ കളിമുറ്റത്തു തന്നെ.
18ാം വയസ്സിൽ സാന്റോസ് ക്ലബിനായി ഗോളടിച്ചു കൂട്ടുകയും, ടീമിനെ ലീഗ് ജേതാക്കളാക്കുകയും ചെയ്ത കൗമാരക്കാരനെ 2010 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ ആവശ്യവുമായി രംഗത്തുവന്നത് സാക്ഷാൽ പെലെയും റൊമാരിയോയുമായിരുന്നു. 14,000ത്തോളം പേർ ഒപ്പിട്ട പരാതിയും നെയ്മറിനായി കോച്ച് ദുംഗെക്ക് മുന്നിലെത്തി. എന്നാൽ, 23 അംഗ സംഘത്തിലും സ്റ്റാൻഡ്ബൈ പട്ടികയിലും നെയ്മറിന് ഇടമില്ലായിരുന്നു. ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ പുറത്താവലിനു പിന്നാലെ ദുംഗയുടെ തൊപ്പി തെറിച്ചപ്പോൾ, ദേശീയ ടീമിലേക്ക് നെയ്മറിനുള്ള കടന്നുവരവിന് അവസരമൊരുങ്ങി. അങ്ങനെ, പുതു ബ്രസീൽ യുഗത്തിന് നെയ്മറിലൂടെ തുടക്കമായി. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വാണ സമകാലിക ഫുട്ബാളിൽ ബ്രസീലിന്റെ ത്രാസിന് നെയ്മർ കനം നൽകി. സാങ്കേതിക തികവും, ഫിനിഷിങ് പാടവവും, പതിവ് ബ്രസീലിയൻ ടച്ചുമുള്ള താരോദയം ലോകം ആഘോഷിച്ചു. 2014ൽ സ്വന്തം മണ്ണിൽ ബ്രസീൽ ലോകകപ്പിനെ വരവേറ്റപ്പോൾ ആതിഥേയരുടെ സൂപ്പർതാരമായിരുന്നു അവൻ. നെയ്മറിലൂടെ കാനറികൾ കിരീടം നേടുമെന്നുറച്ചുവിശ്വസിച്ചു. ഗ്രൂപ് റൗണ്ടിൽ ടീമിന്റെ വിജയത്തിന് നേതൃത്വം നൽകിയ താരം പക്ഷേ, ക്വാർട്ടറിൽ കണ്ണീർ കാഴ്ചയായി. കൊളംബിയയുടെ യുവാൻ സുനിഗയുടെ കടുത്ത ഫൗളിൽ നടുവിന് പരിക്കേറ്റ നെയ്മർ ലോകകപ്പും നഷ്ടമായി പുറത്തേക്ക്. സെമിയിൽ നെയ്മറില്ലാതെയിറങ്ങിയ ബ്രസീലിനെ ജർമനി 7-1ന് തരിപ്പണമാക്കിയത് കാനറികളുടെ ഫുട്ബാൾ ഓർമകളിൽ എന്നും വേദനിക്കുന്ന മുറിവായി അവശേഷിച്ചു. 2018 റഷ്യയിലും, 2022 ഖത്തറിലും ബ്രസീൽ ക്വാർട്ടറിൽ പുറത്തായപ്പോൾ കണ്ണീരോടെ മൈതാനത്തിരുന്ന നെയ്മറിന്റെ ചിത്രത്തിന് ഇത്തവണയും മാറ്റമില്ല.
പരിക്കു സമ്മാനിച്ച ദീർഘനാളത്തെ ഇടവേളയിൽ, 981 ദിവസത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു ആഞ്ചലോട്ടിയുടെ ടീമിൽ നെയ്മർ കളത്തിലിറങ്ങിയത്. സ്കോട്ലൻഡിനെതിരായ ഗ്രൂപ് മത്സരത്തിലും, കഴിഞ്ഞ പുലർച്ചെ നോർവേക്കെതിരെയും ഉൾപ്പെടെ ആകെ കളിച്ചത് 38 മിനിറ്റ് മാത്രം.
അവസാന മത്സരത്തിൽ പെനാൽറ്റി ഗോളുമായി ഇതിഹാസത്തിന്റെ പടിയിറക്കവും ലോകം കണ്ടു. ‘ഞാൻ പരമാവധി ശ്രമിച്ചു, ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. ഞാൻ എവിടെയാണോ തുടങ്ങിയത്, അവിടെത്തന്നെ അവസാനിപ്പിക്കുന്നു’ -വിരമിക്കൽ പ്രഖ്യാപനവുമായി നെയ്മർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

