അർജന്റീന ഫാനായ നെതന്യാഹു; സ്പെയിനിനെ സ്നേഹിക്കുന്ന ഗസ്സക്കാർ...
text_fieldsഇസ്രായേലിന്റെ വംശഹത്യക്ക് സമ്പൂർണ്ണ പിന്തുണ നൽകുന്ന അർജന്റീന ലോകകപ്പ് നേടണമെന്ന് പരസ്യമായി പറഞ്ഞ ഒരേയൊരു രാഷ്ട്രത്തലവനെയുള്ളൂ - ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഫിഫ പ്രസിഡന്റ് ഇൻഫാന്റീനക്കും അർജന്റീന ജയിക്കണമെന്നായിരുന്നു ആഗ്രഹം. നെതന്യാഹുവിനെപ്പോലെ പരസ്യമായി പറഞ്ഞില്ലെന്ന് മാത്രം.
ലോകകപ്പ് നിലനിർത്താൻ ലയണൽ മെസ്സിയെയും സംഘത്തെയും താൻ പിന്തുണക്കുന്നു എന്ന് ഇസ്രായേലിലെ അർജന്റീന അംബാസഡറുടെ സാന്നിധ്യത്തിലാണ് നെതന്യാഹു പ്രഖ്യാപിച്ചത്. തെക്കേ അമേരിക്കൻ ടീമിന്റെ നീലയും വെള്ളയും കലർന്ന ഫുട്ബാൾ ജേഴ്സി നെതന്യാഹുവിന് അംബാസഡർ സമ്മാനിക്കുകയും ചെയ്തു.
അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയുമായി തനിക്കുള്ള മികച്ച ബന്ധത്തെക്കുറിച്ചും നെതന്യാഹു സംസാരിച്ചു. "ഞാൻ അർജന്റീനയുടെ ആരാധകനാണെന്നത് മറച്ചുവെക്കുന്നില്ല. ഭൂരിഭാഗം ഇസ്രായേൽ പൗരന്മാരും അർജന്റീനയെ പിന്തുണക്കുന്നു. കാരണം, ഇസ്രായേലുമായുള്ള അർജന്റീനയുടെ ബന്ധത്തിൽ പ്രസിഡന്റ് മിലെയ് വലിയൊരു വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്, ഞങ്ങൾക്ക് ഇതിലും വലിയതോ മികച്ചതോ ആയ സുഹൃത്തുക്കൾ വേറെയില്ല. അതുകൊണ്ടാണ് ഞങ്ങൾ അവരെ പിന്തുണക്കുന്നത്." കാമറക്ക് മുന്നിൽ "വാമോസ് അർജന്റീന!" എന്ന് ആവേശത്തോടെ വിളിച്ചുപറയുകയും ചെയ്തു യുദ്ധക്കുറ്റവാളിയായ നെതന്യാഹു.
ഫുട്ബാളിൽ മതവും രാഷ്ട്രീയവും കൊണ്ടുവരുന്നു എന്ന് ആക്ഷേപിക്കുന്നവർ, ഫലസ്തീനികളുടെ വംശഹത്യയെ പിന്തുണക്കുന്നു എന്ന ഒറ്റ കാരണത്താലാണ് അർജന്റീന വിജയിക്കണമെന്ന് നെതന്യാഹു ആശംസിച്ചത് എന്നതിനെക്കുറിച്ച് എന്തു പറയുന്നു?
ഫലസ്തീനിലെ ഇസ്രായേലി അധിനിവേശവും സയണിസ്റ്റുകൾ ആ ജനവിഭാഗത്തിന് നേരെ നടത്തുന്ന അതിക്രമങ്ങളും മുമ്പും ലോകകപ്പിൽ വിഷയമായിട്ടുണ്ട്. ഫലസ്തീനികളാണ് ലോകകപ്പ് ഫുട്ബാളിനെ രാഷ്ട്രീയവത്കരിച്ചത് എന്ന് ആരും കരുതേണ്ട. 1982-ൽ സ്പെയിൻ ആഥിത്യമരുളിയ ലോകകപ്പിൽ പശ്ചിമ ജർമനിയെ 3 -1ന് തോൽപിച്ച് ഇറ്റലി കിരീടം നേടിയപ്പോൾ അവർ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. ടൂർണമെന്റിനു ശേഷം ഇറ്റാലിയൻ നാഷണൽ സ്പോർട്സ് ഫെഡറേഷൻ ഫലസ്തീൻ വിമോചന സംഘടനക്ക് (PLO) ഒരാഴ്ചത്തേക്ക് ലോക കപ്പ് കൈമാറാൻ തീരുമാനിച്ചതായി 1982 ജൂലൈയിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ സമരത്തോടുള്ള ആദരസൂചകമായാണ് ഇത്തരമൊരു തീരുമാനം.
മാത്രമല്ല, 1982 കാലഘട്ടത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ഏരിയൽ ഷാരോണിന്റെ നേതൃത്വത്തിൽ ഇസ്രയേലി ഭീകരർ തെക്കൻ ലെബനാനിൽ അതിക്രമിച്ചു കടന്നു ആയിരങ്ങളെ കൂട്ടക്കൊല ചെയ്ത സംഭവം (സബ്ര, ശത്തില കൂട്ടക്കൊലകൾ) നടന്ന കാലമായിരുന്നു അത്. അന്ന് ഇറ്റലിയെങ്കിൽ ഇന്ന് സ്പെയിൻ ഫലസ്തീനികളോട് ഐക്യദാർഢ്യപ്പെട്ടു എന്നത് വലിയ കാര്യം തന്നെയാണ്.
ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രായേലിന്റെ വംശഹത്യ യുദ്ധകാലത്ത് സ്പാനിഷ് സർക്കാർ സ്വീകരിച്ച നിലപാടുകളും, ബാഴ്സലോണ താരം ലാമിൻ യമാൽ ഉൾപ്പെടെയുള്ള സ്പാനിഷ് കായിക പ്രമുഖർ പരസ്യമായി പ്രകടിപ്പിച്ച പിന്തുണയും നമ്മൾ കണ്ടതാണ്. ലോകകപ്പ് ഫൈനലിൽ ഏത് ടീമിനെയാണ് പിന്തുണക്കേണ്ടതെന്ന് ഗസ്സയിലെ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളിൽ ഒരാളായ അഹ്മദ് അൽ ബോസ്മിന് കൃത്യമായി അറിയാം. ‘ഞാൻ സ്പെയിനിനൊപ്പമാണ്, കാരണം അവർ ഫലസ്തീന് വേണ്ടി നിലകൊണ്ടു’ - ഞായറാഴ്ച അർജന്റീനക്കെതിരായ ലാ റോജയുടെ നിർണായക മത്സരത്തിന് മുമ്പ് 33 കാരനായ ഈ ഗസ്സക്കാരൻ പറഞ്ഞു. ഫലസ്തീനിൽ നിന്ന് ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു’ യമാലിനുള്ള അൽ ബോസ്മിന്റെ സന്ദേശമായിരുന്നു അത്.
മേയിൽ ലാ ലിഗ ചാമ്പ്യൻഷിപ്പ് നേടിയ ശേഷം ബാഴ്സലോണ നടത്തിയ തുറന്ന ബസ് പര്യടനത്തിനിടെ യമാൽ ഫലസ്തീൻ പതാക വീശിയിരുന്നു. ‘ഞങ്ങൾ നിങ്ങളെ പൂർണ്ണഹൃദയത്തോടെ പിന്തുണക്കുന്നു, നിങ്ങൾ ലോകകപ്പ് ട്രോഫിയും ഒപ്പം ഫലസ്തീൻ പതാകയും വാനോളമുയർത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -അദ്ദേഹം കൂട്ടിച്ചേർത്തു.
2024 മേയിൽ സ്പാനിഷ് സർക്കാർ ഫലസ്തീൻ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇസ്രായേൽ-ഫലസ്തീൻ തർക്കത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്നതിനും ഗസ്സയിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കാൻ സഹായിക്കുന്നതിനുമാണ് ഈ നീക്കമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കുകയുണ്ടായി. അടിയന്തിര വെടിനിർത്തലിനും മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.
യമാൽ, മുൻ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള എന്നിവരുൾപ്പെടെ സ്പെയിനിന്റെ ദേശീയ ടീമിലെ നിരവധി കായികതാരങ്ങളും പരിശീലകരും ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഈ പിന്തുണകൾ വെറുമൊരു ഫുട്ബാളിനും അപ്പുറമുള്ള അർത്ഥം കൈവരിച്ചവയാണ്.
ഫലസ്തീൻ ജനത മുഴുവൻ സ്പെയിൻ ലോകകപ്പ് ജയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്ന് ഗസ്സയിലെ അംഗവൈകല്യമുള്ളവരുടെ ഫുട്ബോൾ ടീമായ ‘ഗാസ അൽ-ഇറാദ’യുടെ (ഗസ്സയുടെ ദൃഢനിശ്ചയം) മുഖ്യ പരിശീലകൻ ഹാതിം അൽ-മഗ്‌രിബി പറഞ്ഞു.
‘ഈ കളിക്കാർക്ക് അവരുടെ കൈകാലുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകാം, എന്നാൽ ഫലസ്തീനൊപ്പം നിന്നവരോടുള്ള കൃതജ്ഞതയും സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള വാക്കുകൾ അവർക്ക് നഷ്ടപ്പെട്ടിട്ടില്ല’ -ലോകകപ്പിനിടെ ഫലസ്തീനികളെ പരസ്യമായി പിന്തുണച്ച ഈജിപ്ത് പരിശീലകൻ ഹൊസാം ഹസന് നന്ദി പറഞ്ഞ് അൽ-മഗ്‌രിബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

