ഒലിസെ, ഫ്രഞ്ച്പടയുടെ ഒളിപ്പോരാളി
text_fieldsന്യൂജഴ്സി: ലോകകപ്പുകളിൽ വിഖ്യാത ആക്രമണ കൂട്ടുകെട്ടുകൾ എക്കാലത്തും പിറന്നിട്ടുണ്ട്. ഫ്രെങ്ക് പുഷ്കാസ്- ജോസഫ് ബോസിക്, റെയ്മണ്ട് കോപ- ജസ്റ്റ് ഫോണ്ടെയ്ൻ, യൊഹാൻ ക്രൈഫ്- യൊഹാൻ നീസ്കൻസ്, റൊമാരിയോ-ബെബെറ്റോ, റൊണാൾഡോ-റിവാൾഡോ തുടങ്ങിയ ഇതിഹാസ ജോടികൾ ചരിത്രത്തിലിടം നേടിയവരാണ്.
2026 ലോകകപ്പിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും മൈക്കൽ ഒലിസയുമാണ് മികച്ച കൂട്ടുകെട്ടായി മാറുന്നത്. എംബാപ്പെ ഗോളടിച്ച് കൂട്ടുമ്പോൾ ഒളിപ്പോരാളിയാണ് ബയേൺ മ്യൂണിക് വിങ്ങറായ ഒലിസെ.
വേഗവും ബുദ്ധിയും മെയ്വഴക്കവും ആത്മാർഥതയും നിറച്ച പന്തുമായാണ് ഇംഗ്ലണ്ടിൽ ജനിച്ച ഒലിസെ മുന്നേറുന്നത്. ഇത്തവണ അഞ്ച് അസിസ്റ്റുകളാണ് ഒലിസെയുടെ സംഭാവന. ഈ കാലുകളിൽ പന്ത് കിട്ടിയാൽ എതിരാളികൾ വിറകൊള്ളും. ഷാർപ്പ് ഷൂട്ടർമാരായ എംബാപ്പെയും ഡെംബലെയുമെല്ലാം ഒലിസെയുടെ പന്തിനായി കാത്തിരിക്കുന്ന കാഴ്ചയാണ്. എംബാപ്പെയും ഒലിസെയും തമ്മിലുള്ള രസതന്ത്രമാണ് ഫ്രാൻസിനെ മുന്നോട്ടുനയിക്കുന്നത്. സ്വീഡനെതിരെ ഫ്രാൻസിന്റെ 3-0 വിജയം ഈ ബന്ധത്തിന്റെ അടുപ്പവും വീര്യവും കാണിക്കുന്നതായിരുന്നു. വേഗത്തിലുള്ള വൺ-ടു-വൺ പാസുകളും കൃത്യമായ ത്രൂബാളുകളും ഫൈനൽ തേർഡിലെ ബുദ്ധിപരമായ നിലയുറപ്പിക്കലും ഇരുവർക്കും പരസ്പരം കൃത്യമായി അറിയാം. ടൂർണമെന്റിലുടനീളം ഈ പരസ്പര ധാരണ ‘ടെലിപതിക്’ തുല്യമായാണ് വിശേഷിക്കപ്പെടുന്നത്.
ഫ്രാൻസിന്റെ ആക്രമണം തുടങ്ങുമ്പോൾ എംബാപ്പെയും ഒലിസെയും നിരന്തരം പൊസിഷൻ മാറും. ഗ്യാപ്പുണ്ടാക്കാനും മിടുക്കരാണ്. എതിർകളിക്കാർ പെട്ടുപോകുന്ന അവസ്ഥ. ഫ്രാൻസിനെ ഈ ലോകകപ്പിലെ ഏറ്റവും അപകടകരമായ അറ്റാക്കിങ് സംഘമാക്കാൻ കാരണം ഈ നീക്കങ്ങളാണ്. എംബാപ്പെ നേടിയ ആറ് ഗോളുകളിൽ മൂന്നെണ്ണം ഒലിസെയുടെ സഹായത്താലാണ്. ഔദ്യോഗിക കണക്കുകൾക്കപ്പുറം ഗോളടിക്ക് കാരണഭൂതനാകുന്നത് ഈ ‘മുടിയൻ’ ആണ്. ആകെ അഞ്ച് അസിസ്റ്റുകളുമായി സാക്ഷാൽ മറഡോണയുടെ നേട്ടത്തിനൊപ്പവുമെത്തി. ഈ ലോകകപ്പിലെ ഏറ്റവും വലിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് 24കാരൻ. ആദ്യ ലോകകപ്പിൽ തന്നെ കളിയെ സർഗാത്മകമാക്കിയ താരത്തെ തേടി റയൽ മഡ്രിഡടക്കം വമ്പൻ ക്ലബുകൾ പിന്നാലെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

