മെസ്സിക്ക് മുന്നിൽ വൊസീഞ്ഞ
text_fieldsമയാമി: സമയം മോശമെങ്കിലും ഞാഞ്ഞൂല് കടിച്ചാലും വിഷം തീണ്ടുമെന്നാണല്ലോ പഴമക്കാര് പറയുന്നത്. ഈ ചൊല്ല് സ്പാനിഷിലേക്ക് മൊഴിമാറ്റിയാൽ ഇന്ന് ഏറ്റവും ഉപകാരപ്പെടുക അർജന്റീന കോച്ച് ലയണൽ സ്കലോണിക്കും, നായകൻ ലയണൽ മെസ്സിക്കുമാണെന്നതിൽ സംശയമേതുമില്ല. ലോകകപ്പ് ഫുട്ബാളിന്റെ റൗണ്ട് ഓഫ് 32 പോരാട്ടം ആവേശകരമായ ൈക്ലമാക്സിലേക്ക് നീങ്ങുമ്പോൾ ലോകം കാത്തിരിക്കുന്നതും ലോകചാമ്പ്യന്മാരായ അർജന്റീനയെ ഞാഞ്ഞൂൽ കടിച്ച് വിഷം ചീറ്റുമോയെന്നറിയാനാവും. ഗ്രൂപ്പും നോക്കൗട്ടിലെ ആദ്യ ഘട്ടവും അവസാനിക്കവെ, ലോകചാമ്പ്യന്മാരായ അർജന്റീന നേരിടാൻ ബൂട്ടു കെട്ടുന്നത് വിശ്വമേളയിലെ അരങ്ങേറ്റക്കാരായ കേപ് വെർഡെയെ. ഗ്രൂപ് റൗണ്ടിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ (0-0), ഉറുഗ്വായ് (2-2), സൗദി അറേബ്യ (0-0) എന്നീ വമ്പന്മാരെ വരച്ച വരയിൽ പിടിച്ചുകെട്ടി ‘എച്ച്’ ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് കേപ് വെർഡെ കന്നി ലോകകപ്പിന്റെ നോക്കൗട്ട് ബർത്തുറപ്പിക്കുന്നത്. ലമിൻ യമാൽ മുതൽ പെഡ്രിയും ഒയർസബാളും റോഡ്രിയും ഉൾപ്പെടെ സൂപ്പർതാരങ്ങൾ അണിനിരന്ന സ്പെയിനിനെ ഗോളടിക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയാണ് ആദ്യ മത്സരത്തിൽ കേപ് വെർഡെ വരവറിയിച്ചത്. വൺ ടൈം അട്ടിമറിയെന്ന് വിലയിരുത്തി എഴുതിത്തള്ളിയവർക്കുള്ള മറുപടിയായിരുന്നു പിന്നീട് ഉറുഗ്വായിക്കും സൗദിക്കുമെതിരെ നടത്തിയത്. 40കാരനായ ഗോൾ കീപ്പർ വൊസീഞ്ഞയുടെ അത്ഭുതകരമായ പ്രകടനത്തിനൊപ്പം, ഗോളടിക്കാനും പ്രതിരോധിക്കാനും മിടുക്കുണ്ടെന്ന് കാൽപന്തുലോകത്തിൽ സ്ഥാപിച്ചായിരുന്നു നോക്കൗട്ടിലേക്കുള്ള മാർച്ച്.
വടക്കൻ അമേരിക്കൻ ലോകകപ്പിലെ കറുത്തകുതിരകളായി കേപ് വെർഡെ കുതിക്കുമ്പോൾ നോക്കൗട്ടിൽ എതിരാളികളായി എത്തുന്ന അർജന്റീനയും കരുതലോടെയാണ് ഇറങ്ങുന്നത്. കേപ് വെർഡെയെ കരുത്തരായ എതിരാളികളെന്നായിരുന്നു രണ്ടു ദിവസം മുമ്പ് അർജന്റീന കോച്ച് ലയണൽ സ്കലോണിയുടെ പ്രതികരണം. ലോകകപ്പിൽ പുതുമുഖങ്ങളെങ്കിലും, അവരുടെ ഫുട്ബാളിനെ നിസ്സാരമായി കാണില്ലെന്നും കോച്ച് നയം വ്യക്തമാക്കി.
ഗ്രൂപ് ‘ജെ’യിൽ നിന്നും മൂന്നിൽ മൂന്നും ജയിച്ച്, എതിരാളികളുടെ വലയിൽ എട്ടു ഗോളുകൾ അടിച്ച് ആധികാരികതയോടെയാണ് അർജന്റീനയുടെ കുതിപ്പ്. ഹാട്രിക് ഉൾപ്പെടെ ആറ് ഗോളടിച്ച ലയണൽ മെസ്സിയും, മെസ്സിക്കു പിന്നാലെ ഫോമിലേക്കുയർന്ന മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, തിയാഗോ അൽമാഡ, ലൗതാര മാർടിനസ് എന്നിവരും അടങ്ങിയ അർജന്റീനക്ക് ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. എന്നാൽ, അപരിചിതരായ എതിരാളികൾക്കെതിരെ അധിക ജാഗ്രതയിലാവും ചാമ്പ്യന്മാരുടെ പടപ്പുറപ്പാട്. ജോർഡനെതിരെ തുടക്കത്തിൽ ബെഞ്ചിലിരുന്ന മെസ്സിയും ഡി പോളും മക് അലിസ്റ്റും ഉൾപ്പെടെ െപ്ലയിങ് ഇലവനിൽ തിരിച്ചെത്തും. പരിക്ക് മാറിയ ക്രിസ്റ്റ്യൻ റൊമീറോയും തിരികെയെത്തും. കളിച്ച മത്സരങ്ങളിലെല്ലാം ഗോളടിച്ച മെസ്സിയും, ക്ലീൻ ഷീറ്റുമായി കുതിക്കുന്ന കേപ് ഗോളി വൊസീഞ്ഞയും തമ്മിലാവും മയാമിയിലെ സൂപ്പർ പോരാട്ടം.
കഴിഞ്ഞ ഏഴു വർഷത്തിനിടെ നോക്കൗട്ട് റൗണ്ടിൽ അർജന്റീന തോറ്റിട്ടില്ല എന്ന റെക്കോഡും ആത്മവിശ്വാസമായുണ്ട്. 2019 കോപ സെമിയിൽ ബ്രസീലിനെതിരെയായിരുന്നു അവസാന നോക്കൗട്ട് തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

