Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഅജയ്യം, അപരാജിതം,...

അജയ്യം, അപരാജിതം, അർജന്‍റീന; ജോർഡനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

text_fields
bookmark_border
അജയ്യം, അപരാജിതം, അർജന്‍റീന; ജോർഡനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
cancel

ഡാളസ്: ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന സുവർണ്ണ നേട്ടവുമായി ലയണൽ മെസ്സി കളം നിറഞ്ഞപ്പോൾ, ജോർഡനെ 3-1 ന് തകർത്ത് അർജന്റീന ഗ്രൂപ്പ് ഘട്ടം അപരാജിതമായി പൂർത്തിയാക്കി. അർജന്റീനയ്ക്കായി ജിയോവാനി ലോ സെൽസോ, ലൗട്ടാരോ മാർട്ടിനെസ്, ലയണൽ മെസ്സി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ജോർദാൻ മൂസ തമരിയിലൂടെ ഒരു ഗോൾ മടക്കി. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്ന അർജന്റീന മയാമിയിൽ നടക്കുന്ന പോരാട്ടത്തിൽ കേപ് വെർഡെയെ നേരിടും.

നായകൻ മെസ്സിയെ ബെഞ്ചിലിരുത്തിയാണ് പരിശീലകൻ ലയണൽ സ്കലോണി ടീമിനെ കളത്തിലിറക്കിയത്. എങ്കിലും അർജന്റീനയുടെ കരുത്തിന് കുറവൊന്നുമുണ്ടായില്ല. ആദ്യ 14 മിനിറ്റിൽ 90 ശതമാനം ബോൾ പൊസഷനും സ്വന്തമാക്കിയ അർജന്റീന ജോർഡൻ പ്രതിരോധത്തെ നിരന്തരം സമ്മർദ്ദത്തിലാക്കി. 19-ാം മിനിറ്റിൽ ലഭിച്ച ഫ്രീക്കിക്ക് മനോഹരമായി വലയിലെത്തിച്ച് ലോ സെൽസോയാണ് അർജന്റീനയ്ക്ക് ലീഡ് നൽകിയത്. ജോർഡൻ പ്രതിരോധത്തെയും ഗോൾകീപ്പറെയും കാഴ്ചക്കാരാക്കി ലോ സെൽസോയുടെ ഇടംകാലൻ ഷോട്ട് പന്തിനെ വലയുടെ ഇടത്തെ മുകൾ മൂലയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നാലെ 31-ാം മിനിറ്റിൽ അർജന്റീനയുടെ ലീഡ് ഇരട്ടിയായി. സെനേസിയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അവസരം മുതലാക്കി ലൗട്ടാരോ മാർട്ടിനെസ് പന്ത് വലയിലെത്തിച്ചു. ലൗട്ടാരോയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ കൂടിയാണിത്. ഗോൾകീപ്പറെ തെറ്റായ ദിശയിലേക്ക് അയച്ച് വളരെ ശാന്തമായാണ് താരം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ അർജന്റീന 2-0 ന് മുന്നിലെത്തി.

ഫിഫ റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ജോർഡൻ രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ മൂസ തമരിയിലൂടെ തിരിച്ചടിച്ചു. അർജന്റീനൻ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് 55-ാം മിനിറ്റിൽ തമരി ഗോൾ നേടിയതോടെ മത്സരം അൽപ്പം മുറുകി. എന്നാൽ 60-ാം മിനിറ്റിൽ മെസ്സി കളത്തിലിറങ്ങിയതോടെ കളി അർജന്റീനയുടെ കൈപ്പിടിയിലായി. 80-ാം മിനിറ്റിൽ തകർപ്പനൊരു ഫ്രീക്കിക്കിലൂടെ മെസ്സി ഗോൾ പട്ടിക പൂർത്തിയാക്കി.

ലോകകപ്പ് ഫുട്ബോളിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് മെസ്സി ഇന്നലെ സ്വന്തമാക്കിയത്. കൂടാതെ, 2010ൽ ഡെന്മാർക്കിന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഫ്രീക്കിക്ക് ഗോളുകൾ നേടുന്ന ആദ്യ ടീമായി അർജന്റീന മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArgentinajordanLionel MessiFIFA World CupFIFA World Cup 2026
News Summary - Messi Makes History as Argentina Soars into Round of 32 with 3-1 Win Over Jordan
Next Story