Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സിയാണ് എക്കാലത്തെയും മികച്ചവൻ; 'ഗോട്ട്' തർക്കങ്ങൾക്ക് വിരാമമിട്ട് ലമീൻ യമാൽ

text_fields
bookmark_border
മെസ്സിയാണ് എക്കാലത്തെയും മികച്ചവൻ; ഗോട്ട് തർക്കങ്ങൾക്ക് വിരാമമിട്ട് ലമീൻ യമാൽ
cancel

ഫുട്ബാൾ ലോകത്തെ 'എക്കാലത്തെയും മികച്ച താരം' ആരെെന്ന തർക്കങ്ങൾക്ക് കൃത്യമായ മറുപടിയുമായി സ്പാനിഷ് യുവതാരം ലമീൻ യമാൽ. അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് യമാൽ പറഞ്ഞു. അൾജീരിയക്കെതിരായ മത്സരത്തിൽ ഹാട്രിക്കോടെ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച മെസ്സിയുടെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെയാണ് ബാഴ്സലോണ താരത്തിന്റെ ഈ പ്രതികരണം.

തന്റെ മുപ്പത്തിയൊമ്പതാം വയസ്സിലും കളിയിലുടനീളം മാന്ത്രികത നിലനിർത്താനും, പ്രായം തന്റെ വീര്യത്തെ തെല്ലും ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനും മെസ്സിക്ക് സാധിക്കുന്നുണ്ട്. മത്സരത്തിൽ ക്രിയേറ്റീവ് മുന്നേറ്റങ്ങളിലൂടെയും കൃത്യതയാർന്ന ഫിനിഷിങ്ങിലൂടെയും കളം നിറഞ്ഞാടിയ എട്ട് തവണത്തെ ബാലൺ ഡി ഓർ ജേതാവിനെ യമാൽ വാനോളം പുകഴ്ത്തി.

തന്റെ വ്യക്തിപരമായ ആരാധനാപാത്രം ബ്രസീൽ താരം നെയ്മർ ആണെങ്കിലും, എക്കാലത്തെയും മികച്ച താരമെന്ന പദവിക്ക് മെസ്സി മാത്രമാണ് അർഹനെന്ന് യമാൽ വ്യക്തമാക്കി. ''ഓരോ മത്സരവും അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ചവനാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആർക്കെങ്കിലും അതിൽ ഇനിയും സംശയമുണ്ടെങ്കിൽ, അവർ ബോധപൂർവ്വം കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത് കൊണ്ടാണ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. എന്റെ റോൾ മോഡൽ നെയ്മറാണ്, പക്ഷേ മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം.''

അതേസമയം, മത്സരത്തിനിടെ മെസ്സിക്ക് ചുവപ്പ് കാർഡ് നൽകാതിരുന്ന റഫറിയുടെ തീരുമാനത്തിനെതിരെ അൾജീരിയൻ ഫുട്ബാൾ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

'പൂർണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയിട്ടില്ല'; റിസ്ക് എടുക്കാനില്ലെന്ന് യമാൽ

കേപ് വെർദെയ്ക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങി സ്പെയിൻ നിരയിലേക്ക് തിരിച്ചെത്തിയെങ്കിലും, താൻ ഇനിയും പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്ന് ലാമിൻ യമാൽ വ്യക്തമാക്കി. പരിക്കിൽ നിന്നുള്ള മോചനത്തിന്റെ ഈ ഘട്ടത്തിൽ അനാവശ്യമായ റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

'എനിക്ക് ഇപ്പോൾ ശാരീരികമായി വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ല, എങ്കിലും ഒരു മുഴുവൻ മത്സരം കളിക്കാനുള്ള സമയമായിട്ടില്ല. ടൂർണമെന്റിന്റെ ഈ ഘട്ടത്തിൽ ധൃതിപിടിച്ച് റിസ്ക് എടുക്കുന്നത് ബുദ്ധിയല്ല. എങ്കിലും കോച്ച് ആവശ്യപ്പെടുന്ന ഏത് സമയത്തും ടീമിനായി കളത്തിലിറങ്ങാൻ ഞാൻ സന്നദ്ധനാണ്,' യമാൽ പറഞ്ഞു.

ലോകകപ്പ് വേദിയിൽ സ്പെയിന്റെ മുഖമായി മാറിയ യമാലിന്റെ ജനപ്രീതിയും ഇപ്പോൾ ചർച്ചാവിഷയമാണ്. അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിന് പുറത്തുള്ള വലിയ സ്കൈലൈനുകളിൽ യമാലിന്റെ ചിത്രങ്ങൾ ഇടംപിടിച്ചിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആരാധകരുടെ ഈ സ്നേഹത്തെ വളരെ സ്വാഭാവികമായാണ് കാണുന്നതെന്നും കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Messi is the Best": Lamine Yamal Settles GOAT Debate After Argentine Star's Hat-Trick
Next Story