Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_right'ആരും ഞങ്ങൾക്ക് ഒന്നും...

'ആരും ഞങ്ങൾക്ക് ഒന്നും ഔദാര്യമായി നൽകിയതല്ല; തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനൽ കളിക്കുന്നത് ചില്ലറ കാര്യമല്ല'- മെസ്സി

text_fields
bookmark_border
ആരും ഞങ്ങൾക്ക് ഒന്നും ഔദാര്യമായി നൽകിയതല്ല; തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനൽ കളിക്കുന്നത് ചില്ലറ കാര്യമല്ല- മെസ്സി
cancel

അറ്റ്ലാന്റ: 'ഫിഫ ബോയ്', 'കമ്മിറ്റി ടീം', 'ഫിഫ അർജന്റീനക്കായി ഒരു കപ്പ് പദ്ധതി തയ്യാറാക്കുന്നു' തുടങ്ങി 2026 ലോകകപ്പിൽ അർജന്റീനക്കെതിരെ ഉയർന്ന വിവാദങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ മൗനം വെടിഞ്ഞ് നായകൻ ലയണൽ മെസ്സി. ആരും തങ്ങൾക്ക് ഒന്നും ഔദാര്യമായി നൽകിയതല്ലെന്നും, തുടർച്ചയായി രണ്ടാമതും ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത് തങ്ങളുടെ മികവുകൊണ്ടുമാത്രമാണെന്നും മെസ്സി തുറന്നടിച്ചു. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തിന് ശേഷമായിരുന്നു വിമർശകരുടെ വായടപ്പിക്കുന്ന മെസ്സിയുടെ പ്രതികരണം.

അൽജീരിയക്കെതിരെ താരത്തിനെതിരായ മെസ്സിയുടെ ഫൗൾ, ഈജിപ്ത്, സ്വിറ്റ്സർലൻഡ് എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളിലെ വിവാദ വാർ തീരുമാനങ്ങൾ എന്നിവയ്ക്ക് പിന്നാലെയാണ് റഫറിമാർ അർജന്റീനയെ സഹായിക്കുന്നുവെന്ന ആരോപണം ശക്തമായത്. ലോകകപ്പ് ഫിക്സഡ് ആണെന്നും, ഫിഫ അർജന്റീനയെ അമിതമായി സംരക്ഷിക്കുന്നുവെന്നുമായിരുന്നു പ്രധാന വിമർശനം. ഇതിനെല്ലാമുള്ള കൃത്യമായ മറുപടിയാണ് മെസ്സി നൽകിയിരിക്കുന്നത്.

"ഇത് ആരെയാണോ വേദനിപ്പിക്കുന്നത് അവരെ വേദനിപ്പിക്കട്ടെ... ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കഴിഞ്ഞ നാല് വർഷമായി ഞങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച ടീം. അവർ എന്ത് പറഞ്ഞാലും അതൊന്നും ഞങ്ങൾ കാര്യമാക്കുന്നില്ല. ഞങ്ങൾ തുടർച്ചയായി രണ്ടാമതും ലോകകപ്പ് ഫൈനലിൽ എത്തിയിരിക്കുന്നു. ഈ നേട്ടങ്ങളൊന്നും ആകസ്മികമായി സംഭവിച്ചതല്ല, ആരും ഞങ്ങൾക്ക് ഒന്നും ഔദാര്യമായി തന്നതുമല്ല. രണ്ട് ലോകകപ്പ് ഫൈനലുകളിൽ തുടർച്ചയായി എത്തുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്, ഈ സംഘം അത് നേടിക്കഴിഞ്ഞു"- എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി വ്യക്തമാക്കി.

"ഇംഗ്ലണ്ടിനോട് ഞങ്ങൾ പരാജയപ്പെട്ടിരുന്നെങ്കിൽ, പുറത്തുവന്ന് പലരും പല അസംബന്ധങ്ങളും പറയുമായിരുന്നു. എന്നാൽ അതിനുള്ള അവസരം ഞങ്ങൾ അവർക്ക് നൽകിയില്ല. ഫുട്ബോൾ ഗുണനിലവാരത്തിൽ അവരേക്കാൾ മികച്ചത് ഞങ്ങളാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ ഇത്തരം വലിയ മത്സരങ്ങളിൽ പല ചരിത്ര സംഭവങ്ങളും അരങ്ങേറാൻ സാധ്യതയുള്ളതുകൊണ്ട് തന്നെ സമ്മർദ്ദം ഏറെയായിരുന്നു," മെസ്സി കൂട്ടിച്ചേർത്തു.

അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ സെമിയിൽ ഇംഗ്ലണ്ടിനെതിരെ നാടകീയ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും, മെസ്സിയുടെ രണ്ട് മനോഹരമായ അസിസ്റ്റുകളുടെ പിൻബലത്തിൽ എൻസോ ഫെർണാണ്ടസും ലൗട്ടാരോ മാർട്ടിനെസും നേടിയ ഗോളുകൾ അർജന്റീനയെ വിജയത്തിലെത്തിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരുടെ മറ്റൊരു ഐതിഹാസിക തിരിച്ചുവരവായിരുന്നു അറ്റ്ലാന്റ കണ്ടത്.

ഇംഗ്ലണ്ടിനെതിരായ ഈ ചരിത്രവിജയം ഇതിഹാസ താരം ഡീഗോ മറഡോണയ്ക്കാണ് മെസ്സി സമർപ്പിച്ചത്. 40 വർഷം മുമ്പ് ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ തീർത്ത വിസ്മയങ്ങളെ അനുസ്മരിച്ചായിരുന്നു മെസ്സിയുടെ വാക്കുകൾ. "തീർച്ചയായും, ഡീഗോ ഈ നിമിഷം അവിടെയിരുന്ന് അങ്ങേയറ്റം ആസ്വദിക്കുന്നുണ്ടാകും. ഇന്നത്തെ ദിവസം അദ്ദേഹത്തിന് വളരെ പ്രത്യേകത നിറഞ്ഞതാണ്. അദ്ദേഹത്തിന് ഈ സന്തോഷം നൽകാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ട്. ഇതദ്ദേഹത്തിനുള്ള ഞങ്ങളുടെ സമ്മാനമാണ്," മെസ്സി പറഞ്ഞുനിർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandArgentinaLionel MessiFIFA World Cup 2026
News Summary - Messi Defends Argentina’s World Cup Success Amidst Allegations of Favoritism
Next Story