എംബാപ്പെയുടെ പെനാൽറ്റിയിൽ ഫ്രാൻസ് ക്വാർട്ടറിൽ; പരാഗ്വേയുടെ ചെറുത്തുനിൽപ്പിന് വിരാമം
text_fieldsഫിലഡെൽഫിയ: ‘ഒടുവിൽ ഫുട്ബാൾ ജയിച്ചു. പരഗ്വേയെ കുറിച്ച് ഒന്നും പറയുന്നില്ല’ -ലോകകപ്പ് ഫുട്ബാളിന്റെ പെരുമയും പ്രതാപവും കായിക സ്പിരിറ്റും കെടുത്തുന്ന പരഗ്വേയുടെ പിന്തിരിപ്പൻ പന്തുകളിയെ ഫ്രാൻസ് ഒരു ഗോളിന് തോൽപിച്ചതിനു പിന്നാലെ വിഖ്യാത താരം തിയറി ഒന്റി പറഞ്ഞതിലുണ്ട് എല്ലാം. എതിരാളിയെകൊണ്ട് ഗോളടിപ്പിക്കാതെ, കളിയുടെ ഏറിയ പങ്കും സ്വന്തം പോസ്റ്റിനു മുന്നിൽ 10 പേരെയും അണിനിരത്തി പരഗ്വേ കളിച്ച പ്രതിരോധ ഫുട്ബാളിനെ ഒടുവിൽ ഫ്രാൻസ് പിടിച്ചു കെട്ടി.
ലോകകപ്പ് പ്രീക്വാർട്ടറിൽ കരുത്തരായ ഫ്രാൻസിനെ വീഴ്ത്താൻ പരഗ്വേ പ്രയോഗിച്ച തന്ത്രത്തെ, കളിയുടെ 70ാം മിനിറ്റിൽ പിറന്ന പെനാൽറ്റി ഗോളിലൂടെയായിരുന്നു മറികടന്നത്. 67ാം മിനിറ്റിൽ ഫ്രഞ്ച് താരം ഡിസൈർ ദുവെയെ പരഗ്വേ താരങ്ങളായ മിഗ്വേൽ അൽമിറോണും, ഡീഗോ ഗോമസും ചേർന്ന് ബോക്സിനുള്ളിൽ വീഴ്ത്തിയതിന് വി.എ.ആർ പരിശോധനയിലൂടെ പെനാൽറ്റി വിളിച്ചു. കിക്കെടുക്കാനെത്തിയ കിലിയൻ എംബാപ്പെ ഗോളി ഒർലാൻഡോ ഗില്ലിന്റെ ഡൈവിന് എതിർദിശയിലേക്ക് തട്ടിയിട്ട് ഫ്രാൻസിന് ഒരു ഗോളിന്റെ വിജയം സമ്മാനിച്ചു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയും മുൻ ചാമ്പ്യന്മാരും ഏറ്റുമുട്ടുമ്പോൾ 2022 ഖത്തർ ലോകകപ്പ് സെമി ഫൈനലിന്റെ ആവർത്തനമാവും.
പന്ത് നിങ്ങൾക്ക്; പോസ്റ്റ് ഞങ്ങൾക്ക്
പന്ത് നിങ്ങളെടുത്തോ, പോസ്റ്റ് ഞങ്ങൾ നോക്കാം എന്ന് പ്രഖ്യാപിക്കും പോലെയായിരുന്നു പരഗ്വേയുടെ കളി സമീപനം. ഗോളി ഗില്ലും ശേഷിച്ച പത്തുപേരും ബോക്സിനുള്ളിൽ അടിഞ്ഞുകൂടിയപ്പോൾ, പന്തുമായി കുതിച്ചെത്തുന്ന ഫ്രഞ്ചുകാർക്ക് എങ്ങോട്ടും അടിക്കാനാവാത്ത അവസ്ഥ. ഒരു ഘട്ടത്തിൽ കളത്തിലെ പന്തവകാശം 90 ശതമാനം വരെ ഫ്രാൻസിന്റേതായി മാറി. പരഗ്വേയുടെ ഭാഗം വെറും 10 ശതമാനം മാത്രം. ഒന്നാം പകുതിയിലെ ആകെ കണക്കിൽ 80-20 ശതമാനം. രണ്ടാം പകുതിയിൽ പരഗ്വേ അൽപം മെച്ചപ്പെട്ടുവെന്ന് പറയാം. പന്തടക്കം 71-29ലേക്ക് മാറി. പന്തിനെ എതിർ പകുതിയിലേക്ക് കൊണ്ടുപോകുന്നതിനു പകരം, കിലിയൻ എംബാപ്പെയും ഉസ്മാനെ ഡെബലെയും മൈകൽ ഒലിസെയും ഉൾപ്പെടെ താരങ്ങൾക്ക് തങ്ങളുടെ ബോക്സിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കും വിധം കൊട്ടിയടച്ചായിരുന്നു കോച്ച് ഗുസ്താവോ അൽഫാരോ ടീമിനെ കളിക്കാൻ വിട്ടത്.
ഫലമോ, കാൽപ്പന്തു കളി പലപ്പോഴും ഫ്രഞ്ചുകാരുടെ ക്ഷമ പരീക്ഷിക്കുന്നതിലേക്കും, കൈയാങ്കളിയിലേക്കും മാറി. കിലിയൻ എംബാപ്പെയെയും ഡെംബലെയും കാലും തലയും ശരീരവും ഉപയോഗിച്ച് തടയുന്നതിലായി പരഗ്വേ താരങ്ങളുടെ ശ്രദ്ധ. കടുത്ത ഫൗളിലും ടാക്ലിങ്ങിലും പെട്ട എംബാപ്പെ ബഹളങ്ങളൊന്നുമില്ലാതെ തന്നെ പരഗ്വേ ഡിഫൻസിവ് ഗെയിമിനെ നേരിട്ടു. മത്സരത്തിൽ മൂന്ന് ഫ്രഞ്ച് താരങ്ങൾക്കാണ് റഫറി മഞ്ഞകാർഡ് നൽകിയത്. അതേമസയം, ഉസ്ബകിസ്താൻ കാരനായ റഫറി ഇൽഗിസ് തൻതഷേവ് പരഗ്വേ താരങ്ങളുടെ ഫൗളുകളോട് കണ്ണടച്ചതായും ആരോപണമുണ്ട്. അഡ്രിയാൻ റാബിയറ്റിനെ വീഴ്ത്തിയ ആന്ദ്രെ കുബാസ്, എംബാപ്പെയെ ചവിട്ടി വീഴ്ത്തിയ യുവാൻ ജോസ്, ഉപമെകാനോയെ കുത്തിപരിക്കേൽപിച്ച ഗബ്രിയേൽ അവലോസ് ഉൾപ്പെടെ പരഗ്വേയുടെ കടുത്ത ഫൗളുകളിൽ റഫറി കണ്ണടച്ചു. ഓഫ് ദ ബാളിൽ എംബാപ്പെയെ മത്യാസ് ഗലർസ പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയപ്പോഴും കളത്തിലൊന്നും സംഭവിച്ചില്ല.
തങ്ങളുടെ താരങ്ങളെ പ്രകോപിപ്പിക്കും വിധമായിരുന്നു പരഗ്വേയുടെ കളി ശൈലിയെന്ന് കോച്ച് ദിദിയർ ദെഷാംപ്സ് കുറ്റപ്പെടുത്തി. അതേസമയം, ഫ്രാൻസിന്റെ ബർകോളക്ക് 19ാം മിനിറ്റിൽതന്നെ റഫറി മഞ്ഞ വിധിച്ചു. രണ്ടാം പകുതിയിലെ അവസാനമിനിറ്റുകളിൽ മനു കൊനാറ്റെ, ഒലിസെ എന്നിവർക്കെതിരെയും കാർഡ് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

