Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightകില്ലർ എംബാപ്പെ!...

കില്ലർ എംബാപ്പെ! തകർന്നടിഞ്ഞ് റെക്കോഡുകൾ; മെസ്സിയുടെ സിംഹാസനം തെറിക്കുമോ?

text_fields
bookmark_border
Kylian Mbappe
cancel
camera_alt

കിലിയൻ എംബാപ്പെ

ന്യൂജഴ്സി: സൂപ്പർതാരം കിലിയൻ എംബാപ്പെയും ഒപ്പം ഉസ്മാൻ ഡെംബലെയും മിഖായേൽ ഒലിസെയും പടനയിക്കുന്ന ഫ്രഞ്ച് പോരാളികളെ പിടിച്ചുകെട്ടുക എതിരാളികൾക്ക് ഈ ലോകകപ്പിൽ അസാധ്യമാകും. സ്വീഡനെതിരെ തുടക്കം മുതൽ തീതുപ്പിയ ഫ്രഞ്ചുകാർ മറുപടിയില്ലാതെ മൂന്നു ഗോളുകൾക്കാണ് സ്വീഡനെ തരിപ്പണമാക്കിയത്.

എംബാപ്പെയുടെ ഫിനിഷിങ് പാടവത്തിനും അസാമാന്യമായ വേഗതക്കു മുന്നിലും എതിർ പ്രതിരോധ താരങ്ങൾ പലപ്പോഴും നിസ്സഹായരാവുകയാണ്. ഇരട്ട ഗോളുമായി തിളങ്ങിയ എംബാപ്പെ, മത്സരത്തിൽ ഒരുപിടി റെക്കോഡുകളും തകർത്തെറിഞ്ഞു. ഈ ലോകകപ്പിൽ ഗോൾവേട്ടയിൽ മെസ്സിക്കൊപ്പമെത്താനായി. ആറു വീതം ഗോളുകൾ. ലോകകപ്പ് ചരിത്രത്തിൽ ഏറ്റമുമധികം ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മത്സരത്തിൽ എംബാപ്പെ സ്വന്തമാക്കി. മുൻ ജർമൻ താരം മിറോസ്ലാവ് ക്ലോസെയെയാണ് താരം മറികടന്നത്. 18 മത്സരങ്ങളിൽനിന്ന് 18 ഗോളുകളാണ് 27കാരനായ എംബാപ്പെ നേടിയത്. അഞ്ചു അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. 29 മത്സരങ്ങളിൽനിന്ന് 19 ഗോളുകൾ നേടിയ സാക്ഷാൽ ലയണൽ മെസ്സിയാണ് ഒന്നാമത്.

ഒരു ഗോൾ കൂടി നേടിയാൽ അർജന്‍റൈൻ താരത്തിനൊപ്പമെത്താനാകും. ഇത് മെസ്സിയുടെ അവസാന ലോകകപ്പെങ്കിൽ, മൂന്നാം ലോകകപ്പ് കളിക്കുന്ന എംബാപ്പക്ക് ഇനിയും കരിയർ ബാക്കിയുണ്ട്, പ്രായം 27ലും. കൂടാതെ, ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി എംബാപ്പെ -10 ഗോളുകൾ. ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡോ നസാരിയോയെയും ലിയോണിഡസിനെയുമാണ് (എട്ടു ഗോളുകൾ വീതം) 27കാരൻ മറികടന്നത്. എംബാപ്പെയുടെ ലോകകപ്പ് ഗോളുകളിൽ ഭൂരിഭാഗവും പിറന്നത് രണ്ടാം പകുതിയിലാണ്. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ മത്സരത്തിന്‍റെ ഗതി തിരിക്കാനുള്ള താരത്തിന്‍റെ മികവിന് ഇത് അടിവരയിടുന്നു.

സ്വീഡനെതിരായ മത്സരത്തിൽ ആദ്യ മിനിറ്റുകളിൽ സ്വീഡനായിരുന്നു മേൽക്കൈ. പിന്നാലെ ഫ്രാൻസ് മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് കണ്ടത്. എംബാപ്പക്കൊപ്പം ഡെംബലയും ഒലിസെയും സ്വീഡിഷ് കോട്ട വിറപ്പിച്ചു. പല ഷോട്ടുകളും പോസ്റ്റിൽ തട്ടി നിർഭാഗ്യം കൊണ്ടാണ് പുറത്തേക്ക് പോയത്. മൂർച്ചയേറിയ ഫ്രഞ്ച് ആക്രമണങ്ങൾക്കും എംബാപ്പെയുടെ വേഗതക്കും മുന്നിൽ സ്വീഡിഷുകാർക്ക് പിടിച്ചുനിൽക്കാനായില്ല. ഇടവേളക്കു പിരിയാനിരിക്കെയാണ് എംബാപ്പയിലൂടെ ഫ്രഞ്ചുകാർ ആദ്യം ലീഡെടുക്കുന്നത്. കോർണറിൽനിന്ന് ഡെംബല പാസ് ചെയ്ത് നൽകിയ പന്ത് സ്വീകരിച്ച എംബാപ്പെ, ഗ്യോക്കറെസിനെയും കബളിപ്പിച്ച് വളരെ വേഗത്തിൽ ബോക്സിനുള്ളിലേക്ക് കടന്നുകയറി സ്വീഡന്റെ ഗോൾകീപ്പർ സെറ്റർസ്ട്രോമിനെയും കാഴ്ചക്കാരനാക്കി വലകുലുക്കുകയായിരുന്നു. ഇടവേളക്കുശേഷം 53ാം മിനിറ്റിൽ ബാർകോള ഫ്രാൻസിന്‍റെ ലീഡുയർത്തി.

ബോക്സിനു പുറത്തുനിന്ന് മിഖായേൽ ഒലിസെ നൽകിയ പാസ് സ്വീകരിച്ച ബാർകോള, സ്വീഡിഷ് പ്രതിരോധത്തെ മറികടന്ന് പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 74ാം മിനിറ്റിലാണ് എംബാപ്പെ മത്സരത്തിലെ രണ്ടാം ഗോൾ നേടുന്നത്. പ്രീക്വാർട്ടറിൽ പാരഗ്വെയാണ് ഫ്രാൻസിന്‍റെ എതിരാളികൾ. ജർമനിയെ അട്ടിമറിച്ചാണ് പാരഗ്വെ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA World CupKylian Mbappe
News Summary - Kylian Mbappe sets World Cup knockout record
Next Story