അർജന്റീനയെ പരിഹസിച്ച് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്; നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി
text_fieldsമലപ്പുറം: ലോകകപ്പ് ഫുട്ബാൾ ആവേശത്തിനിടെ ഫിഫയെയും അർജന്റീനയെയും പരിഹസിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട കേരള പൊലീസിനെതിരെ വ്യാപക അമർഷം.
കായികപ്രേമികളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മലപ്പുറം സ്വദേശി റാഷിദ് അഹമ്മദ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. ആഭ്യന്തര വകുപ്പ്, സംസ്ഥാന പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവർക്കും പരാതിയുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.
സർക്കാർ സംവിധാനമായ പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജ് ചില ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കും ‘ഫാൻസ് പോരുകൾക്കു’മായി ദുരുപയോഗം ചെയ്യുകയാണെന്ന് പരാതിയിൽ ശക്തമായി ആരോപിക്കുന്നു. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള ഫുട്ബാൾ എന്ന കായിക ഇനത്തിന്റെ സ്പിരിറ്റിനെയും ആരാധകരുടെ വികാരത്തെയും അപമാനിക്കുന്ന നടപടിയാണിത്. ഔദ്യോഗിക സംവിധാനങ്ങളെ സ്വന്തം താൽപര്യങ്ങൾക്കായി ഉപയോഗിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തി അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയും മത്സരത്തിന്റെ റഫറിയും ഒരുമിച്ചുനിൽക്കുന്ന ചിത്രത്തിൽ കേരളത്തിന്റെ ഭൂപടം ഗ്രാഫിക്സിലൂടെ ഉൾപ്പെടുത്തിയായിരുന്നു പൊലീസിന്റെ വിവാദ പോസ്റ്റ്. കളിക്കളത്തിൽ അർജന്റീനക്ക് റഫറിയുടെ അനധികൃത സഹായം ലഭിക്കുന്നുണ്ടെന്ന സമൂഹമാധ്യമങ്ങളിലെ ട്രോളുകളെ ശരിവെക്കുന്ന തരത്തിലായിരുന്നു ഇത്. ‘നിങ്ങൾക്ക് ഞങ്ങളുണ്ട്’ എന്ന ടാഗ് ലൈനും‘അടിയന്തര സഹായങ്ങൾക്ക് വിളിക്കാം 112’ എന്ന സന്ദേശവും ചിത്രത്തിനൊപ്പം നൽകിയിരുന്നു.
സംഭവം പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പൊലീസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഔദ്യോഗിക നിയമപാലക സംവിധാനത്തിന്റെ പേജിലൂടെ ഒരു ടീമിനെയോ ഫിഫയെയോ പരിഹസിക്കുന്നത് തികച്ചും അപക്വമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. ഈ പോസ്റ്റിനെതിരെ അർജന്‍റീന ആരാധകർ ശക്തമായ പ്രതിഷേധമാണ് കമന്‍റുകളിലൂടെ രേഖപ്പെടുത്തിയിരുന്നത്. സർക്കാറിനും പൊലീസിന്‍റെ സാമൂഹിക മാധ്യമം കൈകാര്യം ചെയ്യുന്നവർക്കെതിരായ കമന്‍റുകളും ഇതിൽ ഉൾപ്പെടും.
പ്രതിഷേധം ശക്തമാവുകയും സംഭവം വലിയ വിവാദത്തിലേക്ക് വഴിമാറുകയും ചെയ്തതോടെ കേരള പൊലീസ് ഔദ്യോഗിക പേജിൽനിന്ന് പോസ്റ്റ് പിൻവലിച്ച് തടിയൂരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

