ജപ്പാന് ഓറഞ്ച് അലർട്ട്; സാമുറായിക്ക് ആദ്യ അങ്കം നെതർലൻഡ്സിനെതിരെ
text_fieldsജപ്പാൻ താരങ്ങൾ പരിശീലനത്തിൽ
ആർലിങ്ടൺ (യു.എസ്): കരുത്തരടങ്ങുന്ന ലോകകപ്പ് എഫ്-ലെ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. മൂന്ന് തവണ കപ്പിനരികിൽ കാലിടറാൻ നിർഭാഗ്യമുണ്ടായ നെതർലൻഡ്സിന് ഏഷ്യൻ കരുത്തുമായെത്തിയ ജപ്പാനാണ് എതിരാളികൾ. സ്വീഡനും തുനീഷ്യയും കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ ജയത്തോടെ തുടങ്ങുകയാണ് ഡച്ചുകാരുടെയും സാമുറായിയുടെയും ലക്ഷ്യം. അത്യാധുനിക സൗകര്യങ്ങളാൽ വാർത്തകളിൽ ഇടംപിടിച്ച ഡല്ലാസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച വെളുപ്പിന് 1.30 മുതലാണ് കളി. റൊണാൾഡ് കൂമാൻ പരിശീലിപ്പിക്കുന്ന ഓറഞ്ച് പടക്ക് പരിക്കാണ് പ്രധാന വില്ലൻ. മിഡ്ഫീൽഡർ സാവി സിമൻസ്, ഡിഫൻഡർമാരായ മത്തിയാസ് ഡി ലിറ്റ്, ജൂറിയൻ ടിംബർ തുടങ്ങിയവർ ടീമിൽ ഇല്ല.
ഗോൾകീപ്പർ ബാർട്ട് വെർബ്രുഗന്റെ കാര്യത്തിലും ഉറപ്പില്ല. പരിക്കിൽ നിന്ന് പൂർണ മുക്തനായി സൂപ്പർ സ്ട്രൈക്കർ മെംഫിസ് ഡിപെ തിരിച്ചെത്തിയത് അവർക്ക് വലിയ കരുത്താണ്. മുന്നേറ്റനിരയിൽ കോഡി ഗാക്പോ, ഡോൺയൽ മാലെൻ എന്നിവരും പ്രതിരോധം നയിക്കാൻ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കും മിഡ്ഫീൽഡ് നിയന്ത്രിക്കാൻ ഫ്രെങ്കി ഡി യോങ്ങും അണിനിരക്കുന്നു. നെതർലൻഡ്സിന്റെ പരമ്പരാഗത ‘ടോട്ടൽ ഫുട്ബാൾ’ ശൈലിയുടെ ആധുനിക രൂപമാണ് കൂമാൻ പരീക്ഷിക്കുന്നത്. പന്ത് കൈവശം വെച്ച് അതിവേഗം മുന്നേറുന്ന 4-3-3 ശൈലി.
മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് തന്ത്രങ്ങൾ മാറ്റാൻ മിടുക്കരാണ് ഹാജിമെ മൊറിയാസുവിന്റെ ജപ്പാൻ. 4-2-3-1 ശൈലിയിൽ കടുത്ത പ്രതിരോധവും അതിവേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകളുമാണ് ഇവരുടെ പ്രധാന ആയുധം. എന്നാൽ, സൂപ്പർ വിങ്ങർ കൗരു മിതോമ പരിക്കേറ്റ് പുറത്തായത് ജപ്പാന് വലിയ തിരിച്ചടിയാണ്. യുവതാരം കെന്റോ ഷിയോഗായ് ടീമിൽ ഇടം നേടിയിട്ടുണ്ട്. നെതർലൻഡ്സിന്റെ ശക്തമായ ആക്രമണത്തെ ജപ്പാന്റെ അച്ചടക്കമുള്ള പ്രതിരോധം എങ്ങനെ നേരിടും എന്നത് പ്രധാനമാണ്. കൂമാന്റെ ടീം മുന്നോട്ട് കയറി കളിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ വിടവുകൾ മുതലെടുത്ത് കൗണ്ടർ അറ്റാക്ക് നടത്താനായിരിക്കും സാമുറായി ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

