ലാറ്റിനമേരിക്കൻ കരുത്തരെ വീഴ്ത്തി ആഫ്രിക്കൻ കുതിപ്പ്; എക്വഡോറിനെതിരെ ഐവറി കോസ്റ്റിന് വിജയത്തുടക്കം
text_fieldsഫിലാഡൽഫിയ: ലോകകപ്പ് ഫുട്ബാൾ ഗ്രൂപ്പ് ഇ-യിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരായ എക്വഡോറിനെ അട്ടിമറിച്ച് ഐവറി കോസ്റ്റിന് മിന്നും ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഐവറി കോസ്റ്റിന്റെ വിജയം. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ, 89-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ദിയലോ നേടിയ തകർപ്പൻ ഗോളാണ് ആഫ്രിക്കൻ നിരയ്ക്ക് രക്ഷയായത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ പരാജയപ്പെടുത്തുന്നത്.
നിർഭാഗ്യം വേട്ടയാടിയ എക്വഡോർ
മത്സരത്തിന്റെ തുടക്കം മുതൽ എക്വഡോറിന്റെ മികച്ച മുന്നേറ്റങ്ങളാണ് ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ മിനിറ്റുകളിൽ തന്നെ ഐവറി കോസ്റ്റ് ബോക്സിലേക്ക് എക്വഡോർ താരങ്ങൾ ഇരച്ചുകയറി. എന്നാൽ നിർഭാഗ്യം അവർക്ക് തുടർച്ചയായി വില്ലനായി. മധ്യനിര താരം മോയ്സസ് കൈസെഡോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ, അലൻ മിൻഡയുടെ മറ്റൊരു ശ്രമം ബോക്സിന് വെളിയിൽ തട്ടി മടങ്ങി.
സ്ട്രൈക്കർ എന്നെർ വലൻസിയയുടെയും ജോൺ യെബോവയുടെയും ഗോളെന്നുറച്ച ഷോട്ടുകൾ ക്രോസ് ബാറിന് തൊട്ടുമുകളിലൂടെയാണ് പറന്നകന്നത്. ആദ്യ പകുതിയിൽ ഐവറി കോസ്റ്റ് ഗോൾമുഖത്തേക്ക് എക്വഡോർ ആറ് ഷോട്ടുകളുതിർത്തു. ഇതിനിടെ പ്രതിരോധിക്കാൻ പാടുപെട്ട ഐവറി കോസ്റ്റ് താരങ്ങൾ മൂന്ന് മഞ്ഞക്കാർഡുകൾ ചോദിച്ചുവാങ്ങുകയും ചെയ്തു.
രക്ഷകനായി അമാദ് ഡിയാലോ
രണ്ടാം പകുതിയിൽ ഇരുടീമുകളും മാറ്റങ്ങളോടെയാണ് കളത്തിലിറങ്ങിയത്. 55-ാം മിനിറ്റിൽ പകരക്കാരനായി അമാദ് ഡിയാലോ എത്തിയതോടെ ഐവറി കോസ്റ്റിന്റെ ആക്രമണങ്ങൾക്ക് ജീവൻ വെച്ചു. മറുവശത്ത് വലൻസിയയുടെ ഒരു ഷോട്ട് കൂടി പോസ്റ്റിൽ തട്ടി മടങ്ങിയത് എക്വഡോറിന് കനത്ത തിരിച്ചടിയായി. യാൻ ഡയമണ്ടെ, സെകോ ഫൊഫാന, എല്ല്യെ വഹി എന്നിവർ ഐവറി കോസ്റ്റിനായി ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.
ഒടുവിൽ 89-ാം മിനിറ്റിലാണ് ആ നാടകീയ നിമിഷം പിറന്നത്. മികച്ചൊരു കൗണ്ടർ അറ്റാക്കിനൊടുവിൽ വിൽഫ്രഡ് സിംഗോ നൽകിയ പാസ് ബോക്സിന്റെ മധ്യത്തിൽ വെച്ച് സ്വീകരിച്ച ഡിയാലോ, അതിവേഗത്തിലുള്ള തന്റെ ഇടംകാലൻ ഷോട്ടിലൂടെ ഇക്വഡോർ ഗോളിയെ കാഴ്ചക്കാരനാക്കി വലകുലുക്കി. വി.എ.ആർ പരിശോധനയ്ക്ക് ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്. ഇഞ്ചുറി ടൈമായി അനുവദിച്ച ഏഴ് മിനിറ്റിൽ എക്വഡോർ ആഞ്ഞുശ്രമിച്ചെങ്കിലും ഐവറി കോസ്റ്റിന്റെ പ്രതിരോധക്കോട്ട പൊളിക്കാനായില്ല.
ജർമനി ഒന്നാമത്, ഐവറി കോസ്റ്റ് രണ്ടാമത്
ഗ്രൂപ്പ് ഇ-യിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ, കുറസാവോയെ 7-1ന് തകർത്ത മുൻ ചാമ്പ്യന്മാരായ ജർമനിയാണ് ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുമായി ഐവറി കോസ്റ്റ് രണ്ടാമതുണ്ട്. തോൽവിയോടെ എക്വഡോർ മൂന്നാമതും കുറസാവോ അവസാന സ്ഥാനത്തുമാണ്. ജൂൺ 20-ന് നടക്കുന്ന തങ്ങളുടെ അടുത്ത മത്സരത്തിൽ ഐവറി കോസ്റ്റ് ജർമ്മനിയെ നേരിടുമ്പോൾ, എക്വഡോർ കുറസാവോയുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

