'അത് പരിക്കേൽപ്പിക്കാൻ വേണ്ടി മാത്രം ചെയ്തത്' - ഖത്തർ താരത്തിനെതിരെ ജൊനാഥൻ ഡേവിഡ്
text_fieldsവാൻകൂവർ: 2026 ലോകകപ്പിൽ ഖത്തറിനെതിരായ മത്സരത്തിൽ ആറ് ഗോളിന്റെ ഐതിഹാസിക വിജയം സ്വന്തമാക്കിയെങ്കിലും കനേഡിയൻ ക്യാമ്പിനെ കണ്ണീരിലാഴ്ത്തിയത് ഇസ്മായിൽ കോനെയുടെ പരിക്കാണ്. മത്സരത്തിനിടെ ഖത്തർ താരത്തിന്റെ പരുക്കൻ ടാക്കിളിനിരയായ കോനെയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും സ്ട്രെച്ചറിൽ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.
എന്താണ് സംഭവിച്ചത്?
രണ്ടാം പകുതിയുടെ 52-ാം മിനിറ്റിലായിരുന്നു ഖത്തർ മിഡ്ഫീൽഡർ അസിം മാദിബോയുടെ ഫൗൾ. പിന്നിലൂടെ വന്നുള്ള മാദിബോയുടെ ടാക്കിളിൽ കോനെയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. വേദനകൊണ്ട് ഗ്രൗണ്ടിൽ പുളഞ്ഞ താരത്തിന് അടിയന്തര വൈദ്യസഹായം നൽകി. കാലിൽ എയർ കാസ്റ്റ് ധരിപ്പിച്ച ശേഷം ഓക്സിജൻ നൽകിയാണ് 24-കാരനായ താരത്തെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോയത്. വാർ പരിശോധിച്ച റഫറി മാദിബോയ്ക്ക് ഉടൻ തന്നെ ചുവപ്പുകാർഡ് നൽകുകയും ചെയ്തു.
'പരിക്കേൽപ്പിക്കാൻ വേണ്ടി മാത്രം ചെയ്തത്'
സംഭവത്തിൽ കടുത്ത അമർഷമാണ് കനേഡിയൻ താരങ്ങൾ രേഖപ്പെടുത്തിയത്. മത്സരത്തിൽ ചരിത്ര ഹാട്രിക് നേടിയ ജോനാഥൻ ഡേവിഡിന്റെ പ്രതികരണം ഇതിൽ ഏറ്റവും ശ്രദ്ധേയമായി. "പന്ത് സ്വന്തമാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള ഒരു നീക്കത്തിന് മുതിരുന്നതിൽ യാതൊരു അർത്ഥവുമില്ല. അത് മറ്റൊരാളെ പരിക്കേൽപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണ്," ഡേവിഡ് തുറന്നടിച്ചു. കോനെയുടെ കാലിന്റെ അവസ്ഥ കണ്ട് സഹതാരങ്ങളെല്ലാം മാനസികമായി തകർന്നിരുന്നതായി ക്യാപ്റ്റൻ സ്റ്റീഫൻ യൂസ്റ്റാക്വിയോയും പ്രതികരിച്ചു.
ശസ്ത്രക്രിയയ്ക്ക് വിധേയനാകും; മാപ്പപേക്ഷിച്ച് മാദിബോ
പരിക്കേറ്റ കോനെയെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് പരിശീലകൻ ജെസ്സി മാർഷ് നൽകുന്ന വിവരം. മാസങ്ങളോളം വിശ്രമം വേണ്ടിവരുമെന്നതിനാൽ ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങൾ കോനെയ്ക്ക് നഷ്ടമാകും. എന്നാൽ, മത്സരത്തിന് ശേഷം മാദിബോ കനേഡിയൻ ഡ്രസ്സിങ് റൂമിലെത്തി കോനെയോടും ടീമിനോടും മാപ്പ് ചോദിച്ചതായി മാർഷ് വ്യക്തമാക്കി. ടാക്കിൾ മനഃപൂർവ്വമായിരുന്നില്ലെന്ന് വിശ്വസിക്കാനാണ് പരിശീലകൻ താത്പര്യപ്പെട്ടത്.
സഹതാരത്തിന് സലീബയുടെ ആദരവ്
സങ്കടങ്ങൾക്കിടയിലും കോനെയ്ക്കുള്ള കനേഡിയൻ ടീമിന്റെ ആദരവ് ഹൃദയസ്പർശിയായി. കോനെയ്ക്ക് പകരക്കാരനായി ഗ്രൗണ്ടിലെത്തിയ നാഥൻ സലീബ 64-ാം മിനിറ്റിൽ മികച്ചൊരു ഫ്രീ കിക്കിലൂടെ ഗോളടിച്ച ശേഷം, തന്റെ എട്ടാം നമ്പർ ജേഴ്സിക്ക് പകരം കോനെയുടെ ജേഴ്സി ഗ്യാലറിക്ക് നേരെ ഉയർത്തിക്കാട്ടിയാണ് തന്റെ ഗോളാഘോഷം പൂർത്തിയാക്കിയത്. തങ്ങളുടെ വിജയവും പോരാട്ടവും പരിക്കേറ്റ സഹതാരത്തിനായി സമർപ്പിക്കുകയാണ് കനേഡിയൻ ടീം ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

