Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightആരാധകരുടെ ആവശ്യം ഫിഫ...

ആരാധകരുടെ ആവശ്യം ഫിഫ കേട്ടു; ഐഷോസ്പീഡിന്റെ വൈറൽ ഗാനം 'ചാമ്പ്യൻസ്' ലോകകപ്പ് ആൽബത്തിൽ

text_fields
bookmark_border
ആരാധകരുടെ ആവശ്യം ഫിഫ കേട്ടു; ഐഷോസ്പീഡിന്റെ വൈറൽ ഗാനം ചാമ്പ്യൻസ് ലോകകപ്പ് ആൽബത്തിൽ
cancel

2026 ഫിഫ ലോകകപ്പിന് മുന്നോടിയായി പ്രശസ്ത സ്ട്രീമറും യൂട്യൂബറുമായ ഐഷോസ്പീഡിനെ തേടി വമ്പൻ നേട്ടം. ലോകകപ്പിന്റെ ഔദ്യോഗിക ആൽബത്തിൽ സ്പീഡിന്റെ 'ചാമ്പ്യൻസ്' എന്ന ഗാനം ഉൾപ്പെടുത്തിയതായി ഫിഫ സ്ഥിരീകരിച്ചു. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ നിന്ന് ലഭിച്ച സന്ദേശം സ്പീഡ് തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ലോകകപ്പിന്റെ ഔദ്യോഗിക സംഗീത പട്ടികയിൽ ഈ ഗാനം ഉൾപ്പെടുത്തണമെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആരാധകർ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു.

ആവേശമായി 'ചാമ്പ്യൻസ്', കാഴ്‌ചക്കാർ 14 മില്യൺ കടന്നു

ഫുട്ബോളിനോടുള്ള അടങ്ങാത്ത ആരാധനയിലൂടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടത്തിലൂടെയും ശ്രദ്ധേയനായ സ്പീഡിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാണിത്. ലോകകപ്പ് കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, 2026 മെയ് 31-നാണ് ഗാനം പുറത്തിറങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ഗാനം ഇതിനോടകം 14 ദശലക്ഷം (14 മില്യൺ) ആളുകളാണ് കണ്ടുകഴിഞ്ഞത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

റിലീസ് ചെയ്ത് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ അഞ്ച് ലക്ഷം വ്യൂസ് നേടിയ ഗാനം അതിവേഗമാണ് ട്രെൻഡിങ്ങിൽ ഇടംപിടിച്ചത്. 'ലെറ്റ്സ് ഗോ, വി ദി ചാമ്പ്യൻസ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളും സ്റ്റേഡിയങ്ങളെ ആവേശം കൊള്ളിക്കുന്ന സംഗീതവും ആരാധകർ ഏറ്റെടുത്തതോടെ ഇത് 2026 ലോകകപ്പിന്റെ അനൗദ്യോഗിക ആന്തം എന്ന് വരെ വിശേഷിപ്പിക്കപ്പെട്ടു. ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെയും പേര് പരാമർശിക്കുന്നുണ്ട് എന്നതാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. എല്ലാ ടീമുകളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ വരികൾക്ക് വലിയ പ്രശംസയാണ് ലഭിച്ചത്. ഇതോടെയാണ് ഗാനത്തെ ഔദ്യോഗിക ആൽബത്തിന്റെ ഭാഗമാക്കണമെന്ന ആവശ്യം ശക്തമായത്.

ഗാനം ഫിഫ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്പീഡ് തന്നെ നേരിട്ട് കാമ്പയിനുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി 'ഞങ്ങൾ ബന്ധപ്പെടാം' എന്ന് ഫിഫ ലോകകപ്പ് അക്കൗണ്ട് കുറിക്കുകയും ചെയ്തു. ഈ വാഗ്ദാനമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ആൽബത്തിൽ 'ചാമ്പ്യൻസ്' ഉൾപ്പെടുത്തിയതായി വ്യക്തമാക്കുന്ന സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ജൂൺ അഞ്ചിന് ഫിഫ സൗണ്ട്, യൂനിവേഴ്സൽ മ്യൂസിക് എന്നിവയിലൂടെ ആൽബം ആഗോളതലത്തിൽ പുറത്തിറങ്ങും. ഷാക്കിറ, ബർണാ ബോയ്, ദ റോളിങ് സ്റ്റോൺസ്, ലിസ, ഡാഡി യാങ്കി, ഫ്യൂച്ചർ തുടങ്ങി ലോകപ്രശസ്തരായ താരങ്ങൾ അണിനിരക്കുന്ന 18 ട്രാക്കുകളാണ് ആൽബത്തിലുള്ളത്. ഷാക്കിറയും ബർണാ ബോയിയും ചേർന്നൊരുക്കുന്ന 'ഡൈ ഡൈ' ആണ് ടൂർണമെന്റിന്റെ പ്രധാന ഗാനം. ഇതിനൊപ്പമാണ് സ്പീഡിന്റെ ഗാനവും ഇടംപിടിച്ചിരിക്കുന്നത്.

ആരാധകരുടെ പിന്തുണയോടെ വൈറലായി മാറിയ ഒരു ഗാനം ഫിഫയുടെ ഔദ്യോഗിക സംഗീത പ്രോജക്ടിന്റെ ഭാഗമായി മാറുന്നത് സംഗീത ലോകത്തെയും ഫുട്ബോൾ ലോകത്തെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. ഒരു വൈറൽ ഗാനത്തിന് എത്രത്തോളം വലിയ സ്വാധീനം ചെലുത്താനാകും എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് സ്പീഡിന്റെ 'ചാമ്പ്യൻസ്'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFAchampionsWORLD CUP SONGFIFA 2026IShowSpeed
News Summary - IShowSpeed’s viral ‘Champions’ song officially added to FIFA World Cup 2026 album
Next Story