ഇതാണോ മര്യാദ! ഇറാഖ് സൂപ്പർതാരത്തെ യു.എസ് വിമാനത്താവളത്തിൽ ഏഴു മണിക്കൂർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു, മൊബൈലും പരിശോധിച്ചു; വിവാദം
text_fieldsചിക്കാഗോ: ഫിഫ ഫുട്ബാൾ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കല്ലുകടി! ഇറാഖ് ഫുട്ബാൾ സൂപ്പർതാരം അയ്മൻ ഹുസൈനെ യു.എസ് സുരക്ഷ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ ഏഴു മണിക്കൂർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു.
താരത്തിന്‍റെ മൊബൈൽ ഫോണും പരിശോധിച്ചു. ടീം അംഗങ്ങൾക്കൊപ്പം ശനിയാഴ്ച പുലർച്ചെ ചിക്കാഗോയിലെ ഒഹെയർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം. ബൊളീവിയക്കെതിരായ നിർണായക യോഗ്യതാ മത്സരത്തിൽ ഗോൾ നേടി ഇറാഖിന് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ താരമാണ് അയ്മൻ ഹുസൈൻ. 30 വയസ്സുള്ള മുന്നേറ്റ താരത്തിന് ഒടുവിൽ അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയെങ്കിലും യു.എസ് നടപടി വിവാദമായി. ചോദ്യം ചെയ്യലിനിടെ ഹുസൈന്റെ ഫോൺ പരിശോധിച്ചതായി ഒരു ഇറാഖി കായിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഇറാഖി ദേശീയ ടീം ഫോട്ടോഗ്രാഫർ തലാൽ സ്വാലിഹിനെ 10 മണിക്കൂറിലധികം തടഞ്ഞുവെക്കുകയും പരിശോധനകൾക്ക് ശേഷം അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തതായും ടീം അധികൃതർ വ്യക്തമാക്കി. ഫുട്ബാളിന്‍റെ വിശ്വ വേദിയിലേക്കുള്ള രാജ്യത്തിന്റെ 40 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുന്നതിൽ അയ്മൻ ഹുസൈന്‍റെ പ്രകടനം നിർണായകമായിരുന്നു. ഫ്രാൻസ്, സെനഗാൾ, നോർവേ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഐയിലാണ് ഇറാഖ്. വിമാനത്താവളത്തിൽ ഇറാഖ് ടീമിനെ സ്വീകരിക്കാൻ ശനിയാഴ്ച പുലർച്ചെ തന്നെ നിരവധി ആരാധകർ എത്തിയിരുന്നു.
ഇറാഖ് പതാകകളേന്തിയ ഇവർ, താരങ്ങൾക്കൊപ്പം ചിത്രമെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 1986ലെ ലോകകപ്പിലാണ് ഇറാഖ് ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അതേസമയം, ഇറാൻ താരങ്ങൾക്ക് കടുത്ത നിബന്ധനകളോടെയാണ് യു.എസ് വിസ അനുവദിച്ചിരിക്കുന്നത്. ഇറാൻ ഫുട്ബാൾ ടീമിലെ കളിക്കാർക്കും പരിശീലകർക്കും ട്രെയിനർമാർക്കും മാത്രമാണ് വിസ അനുവദിച്ചത്. ഫുട്ബാൾ ഫെഡറേഷൻ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ കടുംപിടിത്തം തുടരുന്നു. ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹെദായത്ത് മുംബൈനി, വൈസ് പ്രസിഡന്റ് മെഹ്ദി മുഹമ്മദ് നബി എന്നിവരുൾപ്പെടെ 14 ഉദ്യോഗസ്ഥർ ഇപ്പോഴും യാത്രാനുമതിക്കായി കാത്തിരിക്കുകയാണ്. ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജിന് വിസ ലഭിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
താരങ്ങളുൾപ്പെടെ അനുമതി ലഭിച്ച സംഘം ശനിയാഴ്ച തുർക്കിയയിൽനിന്ന് സ്പെയിൻ വഴി യാത്രതിരിച്ചു. ഇറാൻ ടീമിന്റെ മത്സരങ്ങൾ യു.എസിലാണെങ്കിലും മെക്സിക്കോയിലാണ് ഇവർ ക്യാമ്പ് ചെയ്യുക. യു.എസും ഇറാനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് വിസ പ്രതിസന്ധിക്ക് കാരണം. യഥാർഥ കായികതാരങ്ങൾക്കും പരിശീലകർക്കും രാജ്യത്തേക്ക് വരാമെന്നും എന്നാൽ ഇതിന്റെ മറവിൽ ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ആരെയും രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. സുരക്ഷാകാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽനിന്ന് മാറ്റണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും ഫിഫ അംഗീകരിച്ചില്ല. യു.എസിലെ അരിസോണയിലാണ് ടീം പരിശീലന ക്യാമ്പ് തീരുമാനിച്ചിരുന്നത്.
എന്നാൽ, വിസ പ്രശ്നം കാരണം ഫിഫയുടെ അനുമതിയോടെ ഇത് മെക്സിക്കോയിലെ തിഹുവാനയിലേക്ക് മാറ്റി. മത്സരങ്ങളുള്ള ദിവസങ്ങളിൽ മാത്രമായിരിക്കും ഇറാൻ ടീം മെക്സിക്കോയിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

