Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സര ദിവസം മാത്രം വരുക, കളിക്കുക, തിരിച്ചുപോകുക! ഇറാൻ ലോകകപ്പ് ടീമിന് കർശന ഉപാധികളുമായി യു.എസ്

text_fields
bookmark_border
FIFA World Cup
cancel

വാഷിങ്ടൺ: ഫിഫ ലോകകപ്പ് കളിക്കാനെത്തുന്ന ഇറാൻ ഫുട്ബാൾ ടീമിന് കർശന യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ് ഭരണകൂടം. മത്സര ദിവസം മാത്രമേ ടീമിനും പരിശീലകർക്കും രാജ്യത്ത് പ്രവേശനം അനുവദിക്കൂ എന്നും മത്സരശേഷം ഉടൻ തന്നെ മടങ്ങേണ്ടിവരുമെന്നും മെക്സിക്കോയിലെ ഇറാൻ അംബാസഡർ അബുൽഫസൽ പസന്ദിദേ വ്യക്തമാക്കി.

അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണ ലോകകപ്പിന് വേദിയൊരുക്കുന്നത്. ഇറാൻ ടീമിന്റെ മത്സരങ്ങൾ യു.എസിലാണെങ്കിലും മെക്സിക്കോയിലാണ് ഇവർ ക്യാമ്പ് ചെയ്യുക. സുരക്ഷാകാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽനിന്ന് മാറ്റണമെന്ന് ഇറാൻ ആവശ്യപ്പെട്ടെങ്കിലും ഫിഫ അംഗീകരിച്ചില്ല. യു.എസിലെ അരിസോണയിലാണ് ടീം പരിശീലന ക്യാമ്പ് തീരുമാനിച്ചിരുന്നത്. യു.എസും ഇറാനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണം. ഇറാനിയൻ താരങ്ങളെ അമേരിക്കയിൽ തങ്ങാൻ അനുവദിക്കില്ല, മത്സരദിവസം എത്തി അതേ ദിവസം തന്നെ മടങ്ങണമെന്നും അംബാസഡർ പറയുന്നു. വിഷയത്തിൽ അമേരിക്കൻ അധികൃതരോ ഫിഫയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യു.എസിന്‍റെ യാത്ര നിയന്ത്രണം ഇറാൻ താരങ്ങൾക്ക് വലിയ തിരിച്ചടിയാകും. മത്സരം ദിവസം ഇത്രയും ദൂരം വിമാനത്തിൽ യാത്ര ചെയ്യുന്നത് താരങ്ങളുടെ പ്രകടനത്തെയും ബാധിക്കും. സാധാരണ നിലയിൽ ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ടീമുകൾ മത്സരത്തിനു ദിവസങ്ങൾക്കു മുമ്പേ ആതിഥേയ രാജ്യങ്ങളിലെത്തി താമസിക്കുന്നതും പരിശീലനം നടത്തുന്നതുമാണ് പതിവ്. കടുത്ത നിബന്ധനകളോടെയാണ് ഇറാൻ ഫുട്ബാൾ ടീമിലെ കളിക്കാർക്കും പരിശീലകർക്കും ട്രെയിനർമാർക്കും വിസ അനുവദിച്ചത്. ഫുട്ബാൾ ഫെഡറേഷൻ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹെദായത്ത് മുംബൈനി, വൈസ് പ്രസിഡന്റ് മെഹ്ദി മുഹമ്മദ് നബി എന്നിവരുൾപ്പെടെ 14 ഉദ്യോഗസ്ഥർ ഇപ്പോഴും യാത്രാനുമതിക്കായി കാത്തിരിക്കുകയാണ്. ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജിന് വിസ ലഭിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അനുമതി ലഭിച്ച സംഘം ശനിയാഴ്ച തുർക്കിയയിൽനിന്ന് സ്പെയിൻ വഴി യാത്രതിരിച്ചു. യഥാർഥ കായികതാരങ്ങൾക്കും പരിശീലകർക്കും രാജ്യത്തേക്ക് വരാമെന്നും എന്നാൽ ഇതിന്റെ മറവിൽ ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ആരെയും രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Iran's World Cup Team Faces Extraordinary US Restriction
Next Story